രാമക്ഷേത്ര ഉദ്ഘാടനം; പത്മതീര്‍ത്ഥക്കുളത്തിന് ചുറ്റും ലക്ഷം ദീപം തെളിച്ച് ഭക്‌തര്‍
Published : Jan 22, 2024, 9:12 PM IST
തിരുവനന്തപുരം: അയോദ്ധ്യയിൽ രാമക്ഷേത്ര ഉദ്ഘാടനത്തിന്‍റെ പ്രചാരണാർത്ഥം ശ്രീ പദ്‌മനാഭ സ്വാമി ക്ഷേത്രത്തിലെ പദ്‌മതീർത്ഥ കുളത്തിന് ചുറ്റും ഒരു ലക്ഷം ദീപങ്ങൾ കൊളുത്തി. ഭാരത് ഭാരതി, കേരള ക്ഷേത്ര സംരക്ഷണ സമിതി എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിപാടിയിൽ 100 ഓളം പേരാണ് മൺചിരാത് കൊളുത്തി പങ്കെടുത്തത്. ശ്രീ പദ്‌മനാഭ സ്വാമി ക്ഷേത്രത്തിന്‍റെ പ്രധാന ഗോപുരം സ്ഥിതി ചെയ്യുന്ന കിഴക്കേനടയ്ക്ക് മുന്നിലെ പ്രശസ്‌തമായ മേത്തൻ മണിക്ക് താഴെ ഒരുക്കിയ വേദിയിൽ ക്ഷേത്രതന്ത്രി ബ്രഹ്മശ്രീ തരണനല്ലൂർ സതീശൻ നമ്പൂതിരിപ്പാട് വിളക്ക് കൊളുത്തി പരിപാടിക്ക് തുടക്കം കുറിച്ചു. ആർഎസ്എസിന്‍റെയും ബിജെപി യുടെയും ജില്ലാ തല നേതാക്കൾ പങ്കെടുക്കാനെത്തി. ആദിത്യ വർമ്മ മുഖ്യാതിഥിയായ പരിപാടിയിൽ ക്ഷേത്രം വികസന സമിതി അംഗം കുമ്മനം രാജാശേഖരൻ, ബിജെപി ജില്ലാ പ്രസിഡന്‍റ് വി വി രാജേഷ് തുടങ്ങിയവരും പങ്കെടുത്തു. പ്രത്യേക രജിസ്ട്രേഷൻ രേഖപ്പെടുത്തിയ ശേഷം നടത്തിയ പരിപാടിയിൽ അന്യസംസ്ഥാനത്ത് നിന്നെത്തിയവരും നിരവധിയായിരുന്നു. വൈകിട്ട് 6 മണിയോടെ ആരംഭിച്ച പരിപാടിയിൽ പദ്‌മതീർത്ഥ കുളത്തിന് മൂന്ന് വശത്തുമാണ് വിളക്ക് കൊളുത്തിയത്. ഇന്ത്യൻ സൈന്യത്തിന്‍റെ ബാൻഡ് സംഘവും പരിപാടിക്ക് മുന്നോടിയായി വേദിക്ക് മുന്നിൽ ബാൻഡ് മേളം നടത്തി. രാമന്‍റെയും സീതയുടെയും ലക്ഷ്‌മണന്‍റെയും പ്രച്ഛന വേഷം ധരിപ്പിച്ച് കുട്ടികളെയും പരിപാടിയിൽ പങ്കെടുപ്പിച്ചിരുന്നു.