വർഷങ്ങൾ കഴിഞ്ഞിട്ടും പണി പൂർത്തിയാകാതെ മാങ്കുളം ബസ് സ്റ്റാന്‍ഡ്: നിര്‍മാണ പ്രവൃത്തികള്‍ പൂർത്തിയാക്കണമെന്ന ആവശ്യം ശക്തം - Locals demands for bus stand
Published : Jan 23, 2024, 8:40 PM IST
ഇടുക്കി: മാങ്കുളത്ത് വർഷങ്ങൾക്ക് മുന്നെ പണി പൂർത്തിയാക്കുമെന്ന് പ്രഖ്യാപിച്ച ബസ് സ്റ്റാന്‍ഡിന്‍റെ നിര്‍മാണ പ്രവൃത്തികള്‍ പൂർത്തിയാക്കാൻ ഇടപെടല്‍ വേണമെന്ന ആവശ്യം ശക്തം. മാങ്കുളം റേഷന്‍കട സിറ്റിക്ക് സമീപമാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ബസ് സ്റ്റാന്‍ഡ് നിര്‍മിക്കാൻ തീരുമാനിച്ചിരുന്നത്. ഇതിനായി പഞ്ചായത്ത് സ്ഥലം വാങ്ങിക്കുകയും ചെയ്‌തിരുന്നു. എന്നാൽ മണ്ണ് നീക്കുന്ന ചില ജോലികള്‍ നടത്തിയെങ്കിലും പിന്നീട് മുന്നോട്ട് പോയില്ല. ഇതോടെ വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രഖ്യാപിച്ച പദ്ധതി ഇപ്പോഴും യാഥാര്‍ത്ഥ്യമാകാതെ തുടരുകയാണ്. ഇപ്പോൾ മണ്ണ് നീക്കിയ പ്രദേശമാകെ കാടുമൂടി കിടക്കുകയാണ്. ഏറെ പ്രതീക്ഷയോടെ പ്രഖ്യാപിച്ച പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ തുടര്‍ ഇടപെടലുകള്‍ വേണമെന്ന ആവശ്യമാണുയരുന്നത്. മാങ്കുളം ടൗണിന്‍റെ വികസനത്തിന് കരുത്തേകാന്‍ സഹായിക്കുന്ന പദ്ധതിയാണ് തുടക്കത്തിൽ തന്നെ നിലച്ചത്. നിലവില്‍ പള്ളി സിറ്റിക്ക് സമീപം പഞ്ചായത്ത് നിര്‍മ്മിച്ചിട്ടുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപമായാണ് ബസുകള്‍ നിര്‍ത്തിയിടുന്നത്. കെ എസ് ആര്‍ ടി സി ബസുകളും സ്വകാര്യ ബസുകളും മാങ്കുളം അടിമാലി റൂട്ടില്‍ സര്‍വ്വീസ് നടത്തുന്നുണ്ട്. വിനോദ സഞ്ചാരമേഖലയായി മാറി നിരവധി വാഹനങ്ങള്‍ എത്തിതുടങ്ങിയതോടെ ടൗണില്‍ തിരക്ക് വര്‍ധിക്കുകയാണ്. ബസ് സ്റ്റാന്‍ഡും അനുബന്ധ നിര്‍മാണ പ്രവൃത്തികളും സാധ്യമാക്കിയാല്‍ മാങ്കുളം ടൗണിന്‍റെ മുഖഛായ തന്നെ മാറും. എന്നാൽ വർഷങ്ങൾക്ക് മുമ്പ് പ്രഖ്യാപിച്ച പദ്ധതി നടപ്പാക്കുന്നതിൽ അധികൃതർ അനാസ്ഥ കാണിക്കുകയാണ്. ബസ് സ്റ്റാന്‍ഡ് യാഥാര്‍ത്ഥ്യമാക്കാന്‍ ബന്ധപ്പെട്ടവരുടെ ഇടപെടല്‍ വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.