ആദ്യം ആശങ്ക, പിന്നെ കൗതുകം: പൂജപ്പുര മൈതാനത്ത് 'ഡസ്‌റ്റ് ഡെവിള്‍' - പുജപ്പൂര ഡെസ്റ്റ് ഡെവിള്‍
Published : Feb 10, 2024, 11:12 AM IST
തിരുവനന്തപുരം: പുജപ്പൂര നഗരസഭ മൈതാനത്ത് ചുഴലിക്കാറ്റിന് സമാനമായ 'ഡസ്‌റ്റ് ഡെവിൾ' പ്രതിഭാസം. കാറ്റിന്‍റെ ദിശയുടെ സ്വാധീനത്താല്‍ രൂപപ്പെട്ട പൊടിക്കാറ്റ് കാഴ്‌ചക്കാർക്ക് ആദ്യം ആശങ്കയും പിന്നെ കൗതുകവുമായി. ഇന്നലെ (ഫെബ്രുവരി 9) വൈകിട്ട് 5 മണിയോടെയായിരുന്നു സംഭവം. ഗ്രൗണ്ടില്‍ ക്രിക്കറ്റ് കളി നടക്കുന്നതിനിടെയാണ് പൊടിപടലങ്ങളുമായി ചുഴലിക്കാറ്റിന് സമാനമായ പ്രതിഭാസം രൂപം പ്രാപിച്ചത്. പത്ത് മിനിറ്റോളം കൗതുകകരമായ ദൃശ്യവിരുന്നൊരുക്കിയ ശേഷം ഇത് നിലച്ചുവെങ്കിലും നാട്ടുകാര്‍ക്കും മൈതാനത്ത് കളിക്കാനെത്തിയവര്‍ക്കും വ്യത്യസ്‌ത കാഴ്‌ചയായി. രണ്ട് തവണയായാണ് മൈതാനത്ത് ഡസ്‌റ്റ് ഡെവിൾ പ്രതിഭാസമുണ്ടായത്. (Dust Devil). ക്രിക്കറ്റ് കളി കഴിഞ്ഞ് പൂജപ്പുര ഗ്രൗണ്ടില്‍ വിശ്രമിച്ചവരാണ് സംഭവത്തിന്‍റെ ദൃശ്യം മൊബൈലില്‍ പകര്‍ത്തിയത്. മിനിറ്റുകള്‍ കൊണ്ട് തന്നെ സമൂഹ മാധ്യമങ്ങളിലും വൈറലായി (Dust Devil In Thiruvananthapuram). ചൂട് കൂടിയ കാലാവസ്ഥയില്‍ കാറ്റിന്‍റെ വേഗത്തിന്‍റെയും ദിശയുടെയും സ്വാധീനത്തിലാണ് ഡസ്‌റ്റ് ഡെവിള്‍ പ്രതിഭാസം സംഭവിക്കുന്നത്. ഇത്തരം സംഭവങ്ങള്‍ നേരത്തെ പാലക്കാട്, തൃശൂര്‍ ജില്ലകളിലും രൂപപ്പെട്ടതായി രേഖപ്പെടുത്തിയിട്ടുണ്ട്. വേനല്‍ കടുക്കുമ്പോഴാണ് ഡസ്റ്റ് ഡെവിൾ പ്രത്യക്ഷപ്പെടാറുള്ളത്.