കാളികാവിലെ കള്ളൻ വീണ്ടുമെത്തി, സിസിടിവിയെ കബളിപ്പിക്കാൻ 'പുതപ്പ് തന്ത്രം'... - thief
Published : Jan 22, 2024, 5:22 PM IST
മലപ്പുറം : മലപ്പുറം ജില്ലയിലെ കാളികാവ് കറുത്തേനി പൂളക്കുന്നിലെ പരപ്പൻ ഉസ്‌മാന്‍റെ വീട്ടില്‍ മോഷണം പതിവായിരുന്നു. റബർ ഷീറ്റ് എവിടെ വെച്ചാലും കള്ളൻ കൊണ്ടുപോകും. ഒടുവില്‍ സഹികെട്ട് ഉസ്‌മാൻ വീട്ടില്‍ സിസിടിവി സ്ഥാപിച്ചു. സിസിടിവി സ്ഥാപിച്ചിട്ടും കഴിഞ്ഞ ദിവസം മോഷണം നടന്നു. പുകപ്പുരയില്‍ നിന്ന് റബർ മോഷണം നടത്തിയ കള്ളൻ ആരെന്നറിയാൻ ഉസ്‌മാൻ സിസിടിവി പരിശോധിച്ചപ്പോഴാണ് മോഷണ വീരന്‍റെ അതിബുദ്ധി കണ്ടത്. സമീപത്തെ വീട്ടിൽ ഉണക്കാനിട്ട പുതപ്പെടുത്ത് ശരീരം മൂടിപ്പുതച്ചെത്തിയ കള്ളനെ എങ്ങനെ കണ്ടുപിടിക്കാൻ. കാളികാവ് വണ്ടൂർ പൊലീസ് സ്‌റ്റേഷൻ അതിർത്തിപ്രദേശങ്ങളായ കറുത്തേനി, വൈക്കോലങ്ങാടി, പൂളക്കുന്ന് ഭാഗങ്ങളിൽ കഴിഞ്ഞ ആറുമാസത്തിനിടെ മുപ്പതിലധികം മോഷണങ്ങളാണ് നടന്നിട്ടുള്ളത്. മോഷണത്തിനുശേഷം മുളകുപൊടി വിതറുന്നതിനാല്‍ കള്ളനെ കണ്ടുപിടിക്കാൻ ബുദ്ധിമുട്ടാണെന്ന് പൊലീസും പറയുന്നു. റബ്ബർഷീറ്റിനു പുറമേ രണ്ടാഴ്ച മുൻപ് മൂന്ന് വീടുകളിൽ നിന്ന് ഗ്യാസ് സിലിൻഡറും മോഷണം പോയിട്ടുണ്ട്. പരപ്പൻ ഉസ്‌മാന്‍റെ സഹോദരിയുടെ വീട് കുത്തിത്തുറന്ന് മോഷണശ്രമവും നടന്നിട്ടുണ്ട്. വീട്ടിൽ സിസിടിവി സ്ഥാപിച്ചത് അറിയുന്ന ആളാണ് മോഷണത്തിന് പിന്നിലെന്ന് വ്യക്തമാണ്. സിസിടിവിയെ കബളിപ്പിക്കാൻ കഴിഞ്ഞതിനാല്‍ കള്ളൻ ഇനിയും വരുമെന്നാണ് നാട്ടുകാർ പറയുന്നത്. എന്തായാലും കള്ളനെ പിടികൂടിയിട്ട് തന്നെ കാര്യമെന്നാണ് കാളികാവ് കറുത്തേനിയിലെ പ്രദേശവാസികൾ പറയുന്നത്.