ഇടുക്കി : കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ സദാസമയവും കോടമഞ്ഞ് മൂടിക്കിടക്കുന്ന ഗ്യാപ് റോഡ്. അവിടെ സഞ്ചാരികൾക്ക് കൗതുക കാഴ്‌ചയായി മലൈക്കള്ളന്‍ ഗുഹ അഥവാ തങ്കയ്യ ഗുഹ. ദേവികുളം കഴിഞ്ഞ് ഗ്യാപ്പ് റോഡിലെത്തുമ്പോഴാണ് ഈ ഗുഹ. കാഴ്‌ചയില്‍ കൗതുകമെങ്കിലും ഈ ഗുഹയ്ക്ക് പിന്നിലൊരു കഥയുണ്ട്.
നൂറ്റാണ്ടുകള്‍ക്കുമുമ്പ് തമിഴ്‌നാട്ടില്‍ നിന്ന് മൂന്നാര്‍ വഴി കടന്നുപോയിരുന്ന കച്ചവട സംഘങ്ങളെ കൊള്ളയടിച്ചിരുന്ന തങ്കയ്യ എന്ന കള്ളന്‍റെ ഒളിയിടമായിരുന്നു ഈ ഗുഹ എന്നാണ് പഴമക്കാർ പറയുന്നത്. കച്ചവടക്കാർക്ക് ഭീഷണിയായിരുന്നെങ്കിലും കൊള്ള മുതല്‍ പങ്കുവെച്ചിരുന്ന മലൈക്കള്ളന്‍ തങ്കയ്യ നാട്ടുകാര്‍ക്ക് നല്ലവനായിരുന്നെന്ന് പഴമക്കാര്‍ പറയുന്നു.