വിവാഹ സത്‌കാരങ്ങളിലും മറ്റ് വിശേഷ ദിനങ്ങളിലുമെല്ലാം തീന്മേശയില്‍ നിറയുന്ന പലഹാരങ്ങളില്‍ പ്രധാനപ്പെട്ടവയില്‍ ഒന്നാണിപ്പോള്‍ പുഡിങ്. വിവിധ തരത്തിലും ഫ്ലേവറിലുമുള്ള പുഡിങ്ങുകളാണിപ്പോള്‍ കാണാനാകുക. വീട്ടില്‍ തന്നെയുള്ള വിവിധ ചേരുവകള്‍ കൊണ്ട് വേഗത്തില്‍ തന്നെ ഈ പുഡിങ് തയ്യാറാക്കാം. അത്തരത്തിലുള്ള ഒരു പുഡിങ്ങിന്‍റെ റെസിപ്പി നോക്കാം.
ആവശ്യമുള്ള ചേരുവകള്‍:
- ബ്രെഡ്
- പാല്‍
- മുട്ട
- പഞ്ചസാര
- വാനില എസന്‍സ്/ ഏലയ്‌ക്കാപൊടി
തയ്യാറാക്കേണ്ട വിധം: ആദ്യം പുഡിങ്ങിനുള്ള കാരമല്‍ തയ്യാറാക്കണം. ഇതിനായി ഒരു പാന്‍ അടുപ്പത്ത് വച്ച് അതിലേക്ക് അല്‍പം പഞ്ചസാര ചേര്‍ത്ത് അടുപ്പില്‍ വയ്‌ക്കാം. ശേഷം അതിലേക്ക് ഒരു ടേബിള്‍ സ്‌പൂണ്‍ വെള്ളം ചേര്‍ത്തിളക്കാം. ചെറിയ തീയില്‍ വേണം ഇത് വേവിച്ചെടുക്കാന്‍. പഞ്ചസാര മുഴുവന്‍ ഉരുകി കളര്‍ മാറുമ്പോള്‍ പുഡിങ് ഡ്രേയിലേക്ക് അതൊഴിച്ച് എല്ലാ ഭാഗത്തേക്കും പരത്തുക.
ഇനി ഒരു മിക്‌സിയുടെ ജാര്‍ എടുത്ത് അതിലേക്ക് നാല് ബ്രെഡ് ചേര്‍ക്കാം. അതിലേക്ക് ഒരു മുട്ടയും അല്‍പം പാലും പഞ്ചസാരയും വാനില എസന്‍സും ചേര്‍ത്ത് അരച്ചെടുക്കാം. നന്നായി അരച്ചെടുത്ത മിക്‌സ് കാരമല്‍ ഒഴിച്ച് വച്ച ഡ്രേയിലേക്ക് ഒഴിക്കാം. ശേഷം ഇതൊന്ന് ആവിയില്‍ വേവിച്ചെടുക്കണം. അതിനായി സ്‌റ്റീമറില്‍ അല്‍പം വെള്ളമെടുത്ത് തിളപ്പിക്കുക. ഇതിലേക്ക് മിക്‌സെല്ലാം ചേര്‍ത്തിട്ടുള്ള പാത്രം വച്ച് ഇതൊന്ന് വേവിച്ചെടുക്കാം.
ഇത് വേവായി കഴിഞ്ഞാല്‍ പുറത്തേക്ക് വയ്‌ക്കാം. ശേഷം ചൂടാറിയതിന് ശേഷം ഫ്രിഡ്‌ജിലേക്ക് വയ്‌ക്കാം. 4,5 മണിക്കൂര്‍ ഫ്രിഡ്‌ജില്‍ വച്ചാല്‍ മതിയാകും. തുടര്‍ന്ന് പാത്രം പുറത്തെടുത്ത് അത് മറ്റൊരു പാത്രത്തിലേക്ക് ഇടാം. അതിന് മുമ്പായി പുഡിങ്ങിന്‍റെ സൈഡ് ഒരു കത്തി വച്ചൊന്ന് ചെറുതായി ഇളക്കി കൊടുക്കാം. എന്നാല്‍ പുഡിങ് വേഗത്തില്‍ പാത്രത്തില്‍ നിന്നും ഇളകി വരും. ഇതോടെ നല്ല സോഫ്‌റ്റും ടേസ്റ്റിയുമായ ബ്രെഡ് കാരമല്‍ പുഡിങ് റെഡിയായി.
Also Read:ചായ തിളയ്‌ക്കുന്ന സമയം മതി! പഴവും റവയും കൊണ്ടൊരു കിടിലന്‍ പലഹാരം, എത്ര കഴിച്ചാലും മതിയാകില്ല