കേരളം

kerala

ETV Bharat / technology

ജിപിഎസ് മുതൽ എഐ വരെ: ഇത് പഴയ ഫുട്‌ബോൾ അല്ല; ആസ്വാദനം വേറെ ലെവലാക്കിയ സാങ്കേതികവിദ്യകൾ - TECHNOLOGY IN FOOTBALL - TECHNOLOGY IN FOOTBALL

ഫുട്‌ബോൾ ആസ്വാദനം തന്നെ മാറ്റിമറിച്ചതിൽ പ്രധാന പങ്കുവഹിച്ച ഒന്നാണ് ടെക്‌നോളജി. പ്രേക്ഷകർക്ക് മികച്ച ആസ്വാദനം നൽകുന്നതിനൊപ്പം അത്‌ലറ്റുകൾക്ക് പരിശീലനത്തിന് വരെ സഹായകമാകുന്ന ടെക്‌നോളജികൾ ഏതൊക്കെയെന്ന് പരിശോധിക്കാം.

FIFA WORLD CUP TECHNOLOGY  ഫുട്‌ബോൾ സാങ്കേതികവിദ്യ  ഫിഫ ലോകകപ്പ് ടെക്‌നോളജി  ISL football 2024
Representative image (ETV Bharat- File photo)

By ETV Bharat Tech Team

Published : Sep 16, 2024, 11:42 AM IST

ഹൈദരാബാദ്: ഫുട്‌ബോൾ അനുഭവത്തെ വലിയ തോതിൽ മാറ്റിമറിച്ച ഒന്നാണ് സാങ്കേതികവിദ്യ. പ്രക്ഷേപണ സാങ്കേതികവിദ്യ, തൽക്ഷണ റീപ്ലേ സിസ്റ്റം, ജിപിഎസ് സിസ്റ്റം, സ്‌മാർട്ട്‌വാച്ച് സിസ്റ്റം, സ്‌മാർട്ട്‌ സ്റ്റേഡിയങ്ങൾ, വെർച്വൽ റിയാലിറ്റി എന്നിങ്ങനെ നിരവധി ടെക്‌നോളജികളാണ് ഇന്ന് ഫുട്‌ബോളിൽ ഉപയോഗിക്കുന്നത്. പുതിയ ടെക്‌നോളജികളുടെ കടന്നുവരവോടെ ഫുട്‌ബോൾ ആസ്വാദനം തന്നെ വേറെ ലെവലായിട്ടുണ്ട്.

കാണികൾക്ക് തത്സമയമായി ഫുട്‌ബോൾ കാണാനും, മികച്ച ആസ്വാദനം നൽകാനും സാധിക്കുന്നതിനൊപ്പം കളിക്കാരെ പരിശീലിപ്പിക്കാനും, അവരുടെ പരിക്കുകൾ കുറയ്‌ക്കാനും ഇത്തരം ടെക്നോ‌ളജി ഉപയോഗിച്ച് ലഭിക്കുന്ന ഫൂട്ടേജുകൾ ഉപയോഗിക്കുന്നു. ഇത്തരം ടെക്‌നോളജികൾ ഏതെല്ലാമെന്ന് പരിശോധിക്കാം.

1. വീഡിയോ അസിസ്റ്റൻ്റ് റഫറി (VAR) സിസ്റ്റം:

ഗെയിമിൻ്റെ റെക്കോർഡ് ചെയ്‌ത വീഡിയോകളുടെ വേഗത കുറയ്ക്കാനും റീപ്ലേ ചെയ്യാനും ആണ് VAR വീഡിയോ മോണിറ്ററിങ് സാങ്കേതികവിദ്യ ഉപയോഗിക്കുന്നത്. കൂടാതെ ഗെയിമിൽ എന്തെങ്കിലും പിശകുകളോ, അവ്യക്തമോ, സംശയാസ്‌പദമോ ആയ കാര്യങ്ങളോ ഉണ്ടായാൽ പരിശോധിക്കുന്നതും ഈ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ്. അന്താരാഷ്ട്ര ഫുട്ബോൾ നിയമം 2018-19ൽ ഉൾപ്പെട്ടതാണ് VAR സാങ്കേതികവിദ്യ.

2018ൽ ഫിഫ ലോകകപ്പിൽ ഈ സാങ്കേതികവിദ്യ ഉപയോഗിച്ചിട്ടുണ്ട്. ഗോളുകൾ സ്ഥിരീകരിക്കാനും 16 പെനാൽറ്റികൾ നൽകാനും 455 സംഭവങ്ങൾ അവലോകനം ചെയ്യാനും അന്ന് ഉപയോഗിച്ചത് VAR ആണ്.

2. സെമി-ഓട്ടോമേറ്റഡ് ഓഫ്‌സൈഡ് ടെക്‌നോളജി(SAOT):

ഫുഡ്‌ബോൾ മാച്ചിലെ ഓഫ്‌സൈഡ്‌സ് കണ്ടെത്താൻ VAR ടെക്‌നോളജി സഹായിക്കുമെങ്കിൽ പോലും ഇതിനായി ഒരുപാട് സമയമെടുക്കും. ഗെയിമിന്‍റെ ഇടയിൽ VAR റിവ്യൂ വരുന്നത് പലപ്പോഴും കാണികളുടെ മൂഡ് തന്നെ കളയുന്ന ഒന്നായിരിക്കും. എന്നാൽ തത്സമയം ഇത്തരം സംശയങ്ങൾ തീർക്കാനാവുന്ന സാങ്കേതിക വിദ്യയാണ് സെമി-ഓട്ടോമേറ്റഡ് ഓഫ്‌സൈഡ് ടെക്‌നോളജി.

ഫീൽഡിന് ചുറ്റും ഘടിപ്പിച്ചിരിക്കുന്ന 12 ക്യാമറകളിലൂടെയാണ് ഓഫ്‌സൈഡ് സാങ്കേതികവിദ്യയുടെ പ്രവർത്തനം. സെക്കൻഡിൽ 50 തവണ പന്തിലെയും ഓരോ കളിക്കാരുടെയും ഒന്നിലധികം ഡാറ്റ പോയിൻ്റുകൾ ഈ ക്യാമറകൾ ഉപയോഗിച്ച് ട്രാക്ക് ചെയ്യും. കൂടാതെ ഓഫ്സൈഡ് സംഭവിച്ചിട്ടുണ്ടോ എന്നറിയാൻ പന്തിലെ സെൻസറിൽ നിന്നുള്ള സിഗ്നൽ ഉപയോഗിച്ച് തത്സമയം നോക്കാനും സാധിക്കും. ഇതുവഴി കൃത്യമായ സ്ഥാനമടക്കമുള്ള വിവരങ്ങൾ ലഭ്യമാവും. തുടർന്ന് ഈ ഡാറ്റ മെയിൻ റഫറിക്ക് നൽകും.

2022ൽ ഖത്തറിൽ നടന്ന പുരുഷ ലോകകപ്പിലാണ് ഫിഫ ഈ സാങ്കേതികവിദ്യ ആദ്യമായി ഉപയോഗിച്ചത്. 2024-25 സീസണിൽ സെമി ഓട്ടോമേറ്റഡ് ഓഫ്‌സൈഡ് ടെക്‌നോളജി (SAOT) ഉപയോഗിക്കുന്നതിന് പ്രീമിയർ ലീഗ് ക്ലബ്ബുകൾ അംഗീകാരം നൽകിയിരുന്നു.

ഗോൾ-ലൈൻ ടെക്‌നോളജി:ഫുട്‌ബോൾ ഗോൾ പോസ്റ്റിനുള്ളിലേക്ക് പോയിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തുന്നതിന് ഉപയോഗിക്കുന്ന ടെക്‌നോളജിയാണ് ഇത്. ഫുട്ബോൾ ഗോൾ ലൈനിലേക്ക് പോയോ എന്ന് റഫറിമാർക്ക് നിർണയിക്കാൻ കഴിയാത്ത സന്ദർഭങ്ങളിൽ ഗോളുകൾ പലപ്പോഴും നൽകാറില്ലായിരുന്നു. എന്നാൽ ഗോൾ-ലൈൻ സാങ്കേതികവിദ്യ വന്നതോടെ ഇത് ഗോൾ ലൈൻ ക്രോസ് ചെയ്‌തോയെന്ന് പരിശോധിക്കുന്നത് എളുപ്പമായി. ലോകകപ്പ്, ലീഗ് ഗെയിമുകൾ തുടങ്ങിയ അന്താരാഷ്ട്ര ടൂർണമെൻ്റുകളിൽ ഗോൾ-ലൈൻ സാങ്കേതികവിദ്യ വർഷങ്ങളായി നടപ്പിലാക്കുന്നുണ്ട്.

ഗോൾപോസ്റ്റിന് ചുറ്റും സ്ഥാപിച്ചിട്ടുള്ള അതിവേഗ ക്യാമറകളുടെയും സെൻസറുകളുടെയും പ്രവർത്തനത്തിലൂടെയാണ് ഗോൾ-ലൈൻ ടെക്‌നോളജി നടപ്പാക്കുന്നത്. പിന്നീട് ഈ ചിത്രങ്ങൾ കൈമാറുകയും ഡാറ്റ വിശകലനം ചെയ്‌ത് പന്തിൻ്റെ സ്ഥാനങ്ങളുടെ 3D ഇമേജ് സൃഷ്‌ടിക്കുകയും ചെയ്യും. പന്ത് ലൈൻ കടന്നതായി കാണിച്ചാൽ ഉടൻ തന്നെ റഫറിയുടെ വാച്ചിലേക്ക് ഒരു അറിയിപ്പ് ലഭിക്കും. ഇതുവഴി റഫറിക്ക് ഗോൾ സ്ഥിരീകരിക്കാൻ സാധിക്കും. സ്‌റ്റേഡിയത്തിൽ ഘടിപ്പിച്ചിരിക്കുന്ന 14 ഹൈ സ്‌പീഡ് ക്യാമറകളുടെ പ്രവർത്തനമാണ് ഇതിന് പിന്നിൽ. ക്യാമറകളിൽ നിന്നുള്ള ഡാറ്റ ടിവിയിലും സ്റ്റേഡിയത്തിനുള്ളിലെ ഭീമൻ സ്‌ക്രീനിലും കാണാം.

സ്‌മാർട്ട് ബോളുകളും പ്രിസിഷൻ പ്ലേയും: സാങ്കേതികവിദ്യ ഫുഡ്‌ബോളിനുള്ളിൽ വരെ എത്തിയിരിക്കുന്ന കാലമാണിത്. ഇത് ബോൾ ട്രാക്കിങും, വേഗതയും സ്‌പിന്നിങും അളക്കുന്നതും എളുപ്പമാക്കും. ഇത് ഫുട്‌ബോൾ മാച്ചിനെ കുറിച്ച് കൂടുതൽ മനസിലാക്കാൻ സഹായിക്കുന്നു.

വെയറബിൾ ടെക്:കളിക്കാരുടെ ശരീരത്തെ വരെ ഡാറ്റ ഹബ്ബുകളാക്കി മാറ്റുന്നതാണ് ഇന്നത്തെ ടെക്‌നോളജി. ശരീരത്തിൽ ബയോമെട്രിക് സെൻസറുകളും ജിപിഎസ് ട്രാക്കറുകളും ഘടിപ്പിച്ചിട്ടുള്ളതാണ് ഈ ടെക്‌നോളജി. ദൂരം മുതൽ ഫുട്‌ബോൾ കളിക്കാരുടെ ഹൃദയമിടിപ്പ് വരെ ഇതുവഴി നിരീക്ഷിക്കാനാവും. ഇത് കളിക്കാരെ പരിക്കിൽ നിന്നും രക്ഷിക്കുന്നതിനും ടീമുകളുടെ പരിശീലനത്തിനായി ഡാറ്റ ഉപയോഗിക്കാനും വരെ ഉപയോഗപ്രദമാവും.

ഹാർട്ട് റേറ്റ് മോണിറ്ററിങ് ഡിവൈസ്: 1990 മുതൽ ഉപയോഗത്തിലുള്ള ഒരു ഉപകരണമാണ് ഹാർട്ട് റേറ്റ് മോണിറ്ററിങ് ഡിവൈസ്. ഫുട്‌ബോൾ കളിക്കാരുടെ പ്രവർത്തനം വിലയിരുത്താനും, ഇതുവഴി കളിക്കാരുടെ ജോലിഭാരം നിയന്ത്രിക്കാനും ഈ ടെക്‌നോളജി വഴി സാധിക്കും.

ജിപിഎസ് സിസ്റ്റം: ഫുട്‌ബോളിനെ വളരെയധികം സ്വാധീനിച്ച ടെക്‌നോളജിയാണ് ജിപിഎസ് സംവിധാനം. 2008ലാണ് ഫുട്‌ബോളിൽ ജിപിഎസ് ഉപയോഗിക്കാൻ തുടങ്ങിയത്. കവർ ചെയ്‌ത ദൂരം, ആക്‌സിലറേഷനുകളുടെയും ഡിസെലറേഷനുകളുടെയും അളവ്, വേഗത അടക്കമുള്ള കളിക്കാരുടെ വിവരങ്ങൾ ശേഖരിക്കാനും ജിപിഎസ് പ്രയോജനപ്പെടാറുണ്ട്. കളിക്കാരൻ്റെ കഴിവ് അളക്കുന്നതിനൊപ്പം, പരിക്ക് ഉണ്ടാകാനുള്ള സാധ്യത കണ്ടെത്താൻ വരെ ജിപിഎസ് സഹായിക്കും.

ഇപിടിഎസ്:പന്തിൻ്റെയും കളിക്കാരുടെയും ലൊക്കേഷൻ തത്സമയം ട്രാക്ക് ചെയ്യാൻ ഉപയോഗിക്കുന്ന ഒരു സാങ്കേതികവിദ്യയാണ് ഇലക്‌ട്രോണിക് പെർഫോമൻസ് ആൻഡ് ട്രാക്കിങ് സിസ്റ്റം (ഇപിടിഎസ്). ആക്‌സിലറോമീറ്ററുകൾ, ഗൈറോസ്‌കോപ്പുകൾ, ഹൃദയമിടിപ്പ് മോണിറ്ററുകൾ തുടങ്ങിയ ഉപകരണങ്ങളുമായി സംയോജിച്ചാണ് ഇപിടിഎസിന്‍റെ പ്രവർത്തനം. ഇതുവഴി കളിക്കാരുടെ ഫിസിയോളജിക്കൽ പാരാമീറ്ററുകൾ ട്രാക്ക് ചെയ്‌ത് സൂക്ഷിക്കാൻ കഴിയും.

ബിഗ് ബാംഗ് റഫറി സ്‌മാർട്ട് വാച്ച്: സ്വിസ് ആഡംബര വാച്ച് മേക്കർ ആയ ഹബ്ലോട്ട് ആണ് ഫിഫ ലോകകപ്പിനായി പ്രത്യേകം രൂപകൽപ്പന ചെയ്‌ത ബിഗ് ബാംഗ് റഫറി സ്‌മാർട്ട് വാച്ച് നിർമ്മിച്ചിരിക്കുന്നത്. പന്ത് ഗോൾ ലൈൻ കടന്നാൽ ഉടൻ തന്നെ വാച്ച് വൈബ്രേറ്റ് ചെയ്യുകയും സ്ക്രീനിൽ 'ഗോൾ' എന്ന് പ്രദർശിപ്പിക്കുകയും ചെയ്യും. സ്‌കോർ, ഗോൾ സ്‌കോറർമാരുടെ പേരുകൾ, കാർഡുകളുടെ എണ്ണം, കളിക്കാരുടെ പകരക്കാർ ആരൊക്കെ, മത്സര സമയം എന്നിങ്ങനെ നടന്നുകൊണ്ടിരിക്കുന്ന ഗെയിമിന്‍റെ സ്റ്റാറ്റിക്‌സ് വാച്ചിന്‍റെ ഡയലിൽ കാണിക്കുന്നു. പങ്കെടുക്കുന്ന 32 രാജ്യങ്ങളുടെ പതാകകളും ഡയലിൽ പ്രദർശിപ്പിക്കും.

എഐ പവേർഡ് പ്ലെയർ ഐഡൻ്റിഫിക്കേഷൻ:കായികരംഗത്തെ സ്വാധീനിച്ച ഏറ്റവും വിപ്ലവകരമായ ഒരു ടെക്‌നോളജിയാണ് എഐ പവേർഡ് പ്ലെയർ ഐഡൻ്റിഫിക്കേഷൻ. മുമ്പ് കളിയുടെ സ്റ്റാറ്റിസ്‌റ്റിക്‌സ് ശേഖരിക്കുന്നതിന് മുൻ സീസണുകളിലെ വീഡിയോകൾ കണ്ട് അവലോകനം ചെയ്യാൻ പരിശീലകർക്ക് ദിവസങ്ങൾ ആവശ്യമായി വന്നിരുന്നു. എന്നാൽ എഐ വന്നതോടെ ഇക്കാര്യങ്ങൾ മിനിറ്റുകൾക്കുള്ളിൽ ചെയ്യാൻ സാധിക്കും. ഓരോ കളിക്കാരൻ്റെയും രീതി മനസിലാക്കി ഫൂട്ടേജ് വിശകലനം ചെയ്‌തു കൊണ്ടാണ് എഐ പവേർഡ് പ്ലെയർ ഐഡൻ്റിഫിക്കേഷന്‍റെ പ്രവർത്തനം.

സ്‌മാർട്ട് മൗത്ത് ഗാർഡുകൾ:ആക്‌സിലറോമീറ്ററുകളും ഗൈറോകളും കൊണ്ട് സജ്ജീകരിച്ചിരിക്കുന്നതാണ് സ്‌മാർട്ട് മൗത്ത് ഗാർഡുകൾ. കളിക്കിടെ അപകടം സംഭവിച്ചാൽ തലയുടെ ആഘാതം കണ്ടെത്തുന്നതിന് വളരെ പ്രധാനമാണിത്. ആഘാതങ്ങളുടെ ശക്തി അളക്കാൻ കഴിയുന്നതാണ് സ്‌മാർട്ട് മൗത്ത് ഗാർഡുകൾ. കോച്ചുകൾക്കും മെഡിക്കൽ സ്റ്റാഫുകൾക്കും ഉടനടി ഡാറ്റ നൽകാനും, മസ്‌തിഷ്‌കാഘാതം തടയാനും തലയിലെ പരിക്കുകൾ ഫലപ്രദമായി കൈകാര്യം ചെയ്യാനും ഇത് സഹായിക്കും.

സ്‌മാർട്ട് ഫുട്‌വെയർ:അത്‌ലറ്റിൻ്റെ നടത്തം, ഇംപാക്‌ട് ഫോഴ്‌സ്, ബാലൻസ് എന്നിവ മനസിലാക്കാൻ സ്‌മാർട്ട് ഫുട്‌വെയർ ഉപയോഗിക്കും. പ്രഷർ സെൻസറുകളും ആക്‌സിലറോമീറ്ററുകളും കൊണ്ടാണ് സ്‌മാർട്ട് ഫുട്‌വെയറിന്‍റെ പ്രവർത്തനം. പരിക്കുകൾ തടയുന്നതിനും, കളിക്കാർക്ക് വ്യക്തിഗത പരിശീലനം നൽകുന്നതിനും ഈ ഡാറ്റ ഉപയോഗിക്കാറുണ്ട്.

വെർച്വൽ റിയാലിറ്റി (വിആർ) പരിശീലനം:പരിക്കേറ്റ കളിക്കാർക്ക് ശാരീരിക ആയാസമില്ലാതെ യഥാർത്ഥ ഗെയിം സാഹചര്യങ്ങൾ നൽകിക്കൊണ്ട് പരിശീലനം തുടരാൻ സാധിക്കുന്ന സാങ്കേതിക വിദ്യയാണിത്.

സ്‌മാർട്ട് സ്റ്റേഡിയങ്ങൾ:ഫുട്ബോൾ ആരാധകർ ലൈവ് മത്സരങ്ങൾ ആസ്വദിക്കുന്നതിൽ പ്രധാന പങ്കും സ്‌മാർട്ട് സ്റ്റേഡിയങ്ങൾക്കാണ്. ഗെയിം, കളിക്കാരുടെ സ്ഥിതിവിവരക്കണക്കുകൾ, സ്‌കോറുകൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ലൈവായി നൽകുന്നത് സ്‌മാർട്ട് സ്റ്റേഡിയങ്ങളാണ്.

Also Read: സ്‌മാർട്ട്‌ഫോണിലെ ഇന്‍റർനെറ്റ് സ്‌പീഡ് കൂട്ടണോ? ചെയ്യേണ്ടത് ഇത്രമാത്രം

ABOUT THE AUTHOR

...view details