പാലക്കാട്: പുതിയ രാഷ്‌ട്രീയ കരുനീക്കങ്ങളുമായി പിവി അൻവർ. കോൺഗ്രസുമായി ഇടഞ്ഞ് നിൽക്കുന്ന മുൻ ഡിസിസി പ്രസിഡന്‍റ് എവി ഗോപിനാഥിൻ്റെ പിന്തുണ തേടി അൻവർ പെരിങ്ങോട്ടുകുറിശ്ശിയിലെത്തി. ചൊവ്വാഴ്‌ച (ജനുവരി 14) രാത്രി ഗോപിനാഥിൻ്റെ വീട്ടിലെത്തിയ അൻവർ അദ്ദേഹത്തെ തൃണമൂൽ കോൺഗ്രസിലേക്ക് ക്ഷണിച്ചു.
എന്നാൽ അൻവറിൻ്റെ ആവശ്യം ഗോപിനാഥ് തള്ളിയതായാണ് വിവരം. തൃണമൂൽ കോൺഗ്രസിന്‍റെ ഭാഗമാകാൻ താത്‌പര്യമില്ലെന്ന് ഗോപിനാഥ് അറിയിച്ചു. അതേസമയം തൃണമൂൽ കോൺഗ്രസിൽ ഉയർന്ന പദവിയാണ് അൻവർ ഗോപിനാഥിന് വാഗ്‌ദാനം ചെയ്‌തത്. നാല് വർഷമായി കോൺഗ്രസിൽ നിന്ന് വിട്ടുനിൽക്കുന്ന നേതാവാണ് ഗോപിനാഥ്.
ഇക്കഴിഞ്ഞ പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ അദ്ദേഹം എൽഡിഎഫ് സ്ഥാനാർഥി ഡോ. സരിന് ഒപ്പം പൊതുവേദി പങ്കിട്ടിരുന്നു. കോൺഗ്രസ് വിട്ടെങ്കിലും ജില്ലയിൽ പാർട്ടി പ്രവർത്തകരുമായി ഗോപിനാഥ് അടുത്ത ബന്ധം സൂക്ഷിക്കുന്നുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
വൈകാതെ തന്നെ തൃണമൂൽ കോണ്‍ഗ്രസ് കേരള ഘടകം യുഡിഎഫിന്‍റെ ഭാഗമാകുമെന്നും മികച്ച പദവി ഏറ്റെടുക്കാന്‍ തയാറാവണമെന്നും ഗോപിനാഥിനെ ഓര്‍മിപ്പിച്ചാണ് അന്‍വര്‍ മടങ്ങിയത്. കോണ്‍ഗ്രസുമായി തെറ്റിപ്പിരിഞ്ഞ് പെരിങ്ങോട്ടുകുറുശ്ശി വികസന മുന്നണി രൂപീകരിച്ച ഗോപിനാഥ് തദ്ദേശ തെരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ ഇടതുമുന്നണിയുടെ പിന്തുണ തേടുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.