ഹൈദരാബാദ്:അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിന് പുറത്തേക്ക് വീണ്ടും നടക്കാനൊരുങ്ങി ബഹിരാകാശ സഞ്ചാരിയായ സുനിത വില്യംസ്. ഇന്ന് (ജനുവരി 30ന്) ഇന്ത്യൻ സമയം വൈകീട്ട് 6.30ന് ആയിരിക്കും നടത്തം. ഒപ്പം സഹസഞ്ചാരിയായ ബുച്ച് വിൽമോറും ഉണ്ടായിരിക്കും. ഇന്നത്തെ ബഹിരാകാശ നടത്തം പൂർത്തിയാക്കുന്നതോടെ സുനിത വില്യംസിന്‍റെ ഒമ്പതാമത്തെ ബഹിരാകാശ നടത്തമായിരിക്കും ഇത്. ബഹിരാകാശത്ത് സൂക്ഷ്‌മജീവികൾ എങ്ങനെ ജീവിക്കുന്നുവെന്ന പഠനത്തിന്‍റെ ഭാഗമായാണ് ഇരുവരും ബഹിരാകാശ നിലയത്തിൽ നിന്നും പുറത്തിറങ്ങുന്നത്.
നിർണായക പരീക്ഷണങ്ങൾക്കും അറ്റകുറ്റപ്പണികൾക്കുമായി ഇരുവരും ഏകദേശം ആറര മണിക്കൂർ ബഹിരാകാശ നിലയത്തിന് പുറത്ത് ചെലവഴിക്കും. സ്റ്റാർലൈനറിൽ ബഹിരാകാശ നിലയത്തിലെത്തി 7 മാസങ്ങൾക്ക് ശേഷമുള്ള സുനിത വില്യംസിന്‍റെ രണ്ടാമത്തെ ബഹിരാകാശ നടത്തമാണിത്. ജനുവരി 16നാണ് അറ്റകുറ്റപ്പണികൾക്കായി മുൻപ് സുനിത വില്യംസും നിക്ക്ഹേഗും ബഹിരാകാശ നിലയത്തിന് പുറത്തിറങ്ങിയത്.
ചരിത്ര നേട്ടത്തിനൊരുങ്ങി സുനിത വില്യംസ്:ഒൻപതാമത്തെ നടത്തം വിജയകരമായി പൂർത്തിയാക്കാനായാൽ സുനിത വില്യംസിന്‍റെ കരിയറിലെ സുപ്രധാന നേട്ടമായിരിക്കും ഇത്. ചരിത്രത്തിലെ ഏറ്റവും പരിചയസമ്പന്നയായ വനിത സ്‌പേസ്‌വാക്കർ ആവാനും സുനിത വില്യംസിന് സാധിക്കും. നിലവിൽ കൂടുതൽ ബഹിരാകാശ നടത്തം നടത്തി റെക്കോർഡ് സ്വന്തമാക്കിയ വനിത മുൻ ബഹിരാകാശയാത്രികയായ പെഗ്ഗി വിറ്റ്‌സൺ ആണ്. 10 ബഹിരാകാശ നടത്തങ്ങളിലായി 60 മണിക്കൂറും 21 മിനിറ്റും ചെലവഴിച്ചാണ് ഈ റെക്കോർഡ് സ്വന്തമാക്കിയത്. നിലവിൽ 56 മണിക്കൂറും 40 മിനിറ്റും ആണ് സുനിത വില്യംസ് ബഹിരാകാശ നിലയത്തിന് പുറത്ത് ചെലവഴിച്ചത്. ഇന്നത്തെ നടത്തം വിജയകരമായി പൂർത്തിയാക്കാനായാൽ പെഗ്ഗി വിറ്റ്‌സണിന്‍റെ റെക്കോർഡ് മറികടക്കാൻ ഇന്ത്യൻ വംശജയായ സുനിത വില്യംസിനാവും.
ലൈവായി കാണാം:ബഹിരാകാശത്ത് സുനിത വില്യംസും ബുച്ച് വിൽമോറും നടക്കുന്നത് നിങ്ങൾക്ക് ലോകത്ത് എവിടെനിന്നും ഫോണിലോ ലാപ്‌ടോപ്പിലോ ലൈവായി കാണാനാകും. ഇന്ന് വൈകുന്നേരം 6:30 ആയിരിക്കും ബഹിരാകാശ നടത്തം ആരംഭിക്കുക. ഇന്ത്യൻ സമയം വൈകുന്നേരം 5:00 മണി മുതൽ തന്നെ തത്സമയ സംപ്രേക്ഷണം ആരംഭിക്കും.നാസയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയാണ് ലൈവ് സ്‌ട്രീമിങ് കാണാനാകുക. ഇതിനായി നാസയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുകയോ, മുകളിൽ നൽകിയ 'നാസ' എന്ന വാക്കിനൊപ്പം നൽകിയ ഹൈപ്പർലിങ്കിൽ ക്ലിക്ക് ചെയ്യുകയോ ചെയ്യാം.