മൊബൈൽ ഡാറ്റ ട്രാഫിക്കിൽ ആഗോള തലത്തിൽ ഒന്നാമതായി ജിയോ. ആഗോള എതിരാളികളെ പിന്തള്ളി തുടർച്ചയായ മൂന്നാം പാദത്തിലും മൊബൈൽ ഡാറ്റ ട്രാഫിക്കിൽ മുന്നേറിയിരിക്കുകയാണ് ജിയോ. കൺസൾട്ടിങ് ആൻഡ് റിസർച്ച് കമ്പനിയായ ടെഫിഷ്യന്‍റ് ജിയോ, എയർടെൽ, വിഐ, ചൈന യുണികോം, ചൈന മൊബൈൽ തുടങ്ങിയ പ്രമുഖ ഓപ്പറേറ്റർമാരുടെ മൊബൈൽ ഡാറ്റ ട്രാഫിക്കിനെ വിശകലനം ചെയ്‌ത കണക്കുകൾ തങ്ങളുടെ എക്‌സിൽ പങ്കുവച്ചിരുന്നു.
ടെഫിഷ്യന്‍റ് നൽകിയ കണക്കുകൾ പ്രകാരം ജിയോ ആണ് ഒന്നാമത്. തൊട്ടുപിറകെ തന്നെ ചൈനീസ് മൊബൈലും ഉണ്ട്. ചൈന ടെലികോം, എയർടെൽ, ചൈന ടെലികോം, വിഐ എന്നിവരാണ് യഥാക്രമം ഇടംപിടിച്ചിരിക്കുന്ന മറ്റ് ഓപ്പറേറ്റർമാർ.
ചൈന മൊബൈലിന് 2 ശതമാനം മാത്രം വളർച്ചയുണ്ടായിട്ടുള്ളു എന്നാണ് ഗ്രാഫ് സൂചിപ്പിക്കുന്നത്. അതേസമയം ജിയോയ്ക്കും ചൈന ടെലികോമിനും 24 ശതമാനവും എയർടെലിന് 23 ശതമാനവുമാണ് വളർച്ചയുണ്ടായിരിക്കുന്നത്. ചൈനീസ് വിപണിയിലെ മൊബൈൽ ഓപ്പറേറ്റർമാർക്ക് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ചെറിയ വളർച്ച മാത്രമാണ് ഉണ്ടായിരിക്കുന്നതെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ഇതാണ് ജിയോ ഒന്നാം സ്ഥാനത്ത് എത്തുന്നതിന് കാരണമായത്.