ഹൈദരാബാദ്: സ്റ്റാർലിങ്ക് ഇന്‍റർനെറ്റ് സജ്ജീകരിച്ച ലോകത്തിലെ ആദ്യത്തെ ബോയിങ് 777 വിമാനവുമായി ഖത്തർ എയർവേയ്‌സ്. വിമാനയാത്രക്കിടയിലും യാത്രക്കാർക്ക് സൗജന്യമായി ഇന്‍റർനെറ്റ് ലഭ്യമാക്കുന്ന സംവിധാനമാണ് ഇത്. പുതിയ സ്റ്റാർലിങ്ക് ഇന്‍റർനെറ്റ് സംവിധാനം വഴി വിമാനയാത്രക്കിടയിലും കുടുംബാംഗങ്ങളും സുഹൃത്തുക്കളുമായി സമ്പർക്കം പുലർത്താനും ബിസിനസ് മീറ്റിങുകളിൽ പങ്കെടുക്കാനും കഴിയും.
ദോഹയിൽ നിന്ന് ലണ്ടനിലേക്കുള്ള വിമാന സർവീസിലാണ് സ്റ്റാർലിങ്ക് ഇൻ-ഫ്ലൈറ്റ് കണക്റ്റിവിറ്റി ഘടിപ്പിച്ചത്. ഇതോടെ സ്റ്റാർലിങ് അൾട്രാ-ഹൈ-സ്‌പീഡ്, ലോ-ലേറ്റൻസി തുടങ്ങിയ സേവനങ്ങൾ യാത്രക്കാർക്ക് വാഗ്‌ദാനം ചെയ്യുന്ന മെന മേഖലയിലെ ആദ്യത്തെ എയർലൈനായി ഖത്തർ എയർവേയ്‌സ് വീണ്ടും ശ്രദ്ധ നേടുകയാണ്. ബോയിങ് വിമാനത്തിൽ സ്റ്റാർലിങ്ക് പ്രവർത്തിപ്പിക്കുന്നതിന് ആദ്യത്തെ സപ്ലിമെന്‍ററി ടൈപ്പ് സർട്ടിഫിക്കറ്റും (എസ്‌ടിസി) വിമാനത്തിന് സ്വന്തമായി.