ഹൈദരാബാദ്:ചരിത്ര സന്ദര്‍ശനത്തിനായി യുക്രെയ്‌നിലെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യാത്ര ചർച്ചയായിരുന്നു. പോളണ്ടില്‍ നിന്നും പ്രത്യേക ട്രെയിനിൽ പത്ത് മണിക്കൂർ നീണ്ട യാത്രയ്‌ക്കൊടുവിലാണ് മോദി യുക്രെയ്‌നിൽ എത്തുന്നത്. 'റെയില്‍ ഫോഴ്‌സ് വണ്‍' എന്നറിയപ്പെടുന്ന അതീവ സുരക്ഷ ക്രമീകരണങ്ങളുള്ള ഈ ആഡംബര ട്രെയിനിനെ കുറിച്ച് കൂടുതൽ അറിയാം.
ആഡംബര സൗകര്യങ്ങൾക്കും ലോകോത്തര സേവനങ്ങൾക്കും പേരുകേട്ടതാണ് റെയിൽ ഫോഴ്‌സ് വൺ ട്രെയിൻ. ഉക്രെയ്‌നിൻ്റെ തലസ്ഥാനമായ കീവിൽ 7 മണിക്കൂർ ചെലവഴിക്കാൻ മോദി ട്രെയിൻ ഫോഴ്‌സ് വണ്ണിൽ 10 മണിക്കൂറോളം യാത്ര ചെയ്‌തത് ശ്രദ്ധേയമാണ്. റഷ്യയുമായുള്ള യുദ്ധത്തെ തുടർന്ന് യുക്രെയ്‌നിലെ വിമാനത്താവളങ്ങൾ അടച്ചിട്ടിരിക്കുന്നതിനാൽ വ്യോമ മാർഗമുള്ള യാത്ര സാധ്യമല്ല. റോഡിലൂടെയുള്ള യാത്രയിലും സുരക്ഷ പ്രശ്‌നങ്ങളുണ്ട്. ഇത് കണക്കിലെടുത്താണ് പ്രത്യേക ട്രെയിനിൽ പ്രധാനമന്ത്രി യാത്ര ചെയ്‌തത്.
റെയിൽ ഫോഴ്‌സ് വണ്ണിനെക്കുറിച്ച് കൂടുതൽ അറിയാം:
2014ൽ വിനോദസഞ്ചാരം ലക്ഷ്യം വെച്ചാണ് റെയിൽ ഫോഴ്‌സ് വൺ സർവീസ് ആരംഭിച്ചത്. എന്നാൽ ഇപ്പോൾ ഈ ട്രെയിൻ സർവീസ് ലോകനേതാക്കൾക്കും പത്രപ്രവർത്തകർക്കും നയതന്ത്രജ്ഞർക്കും യാത്ര ചെയ്യാനുള്ള മാർഗമായി മാറിയിരിക്കുകയാണ്. രാത്രിയിൽ മാത്രം യാത്ര നടത്തുന്നതും സാവധാനത്തിൽ സഞ്ചരിക്കുന്നതുമായ ആഡംബര ട്രെയിനാണ് റെയിൽ ഫോഴ്‌സ് വൺ. പോളണ്ടിൽ നിന്നും കീവിലേക്കുള്ള 600 കിലോമീറ്റർ ദൂരം താണ്ടാൻ റെയിൽ ഫോഴ്‌സ് വണ്ണിൽ 10 മണിക്കൂർ എടുക്കും.