ഹൈദരാബാദ്:നേരത്തെ കരുതിയിരുന്നതിലും കൂടുതൽ അളവിൽ സസ്യങ്ങൾ കാർബൺ ഡൈ ഓക്സൈഡ് (CO2) ആഗിരണം ചെയ്യുന്നതായി പഠനങ്ങൾ. മുമ്പ് പറയപ്പെട്ടിരുന്നതിനേക്കാളും 31 ശതമാനം കൂടുതൽ കാർബൺ ഡൈ ഓക്സൈഡ് ആഗിരണം ചെയ്യുമെന്നാണ് കണ്ടെത്തൽ. സസ്യങ്ങളിലേക്കുള്ള കാർബൺ ഡൈ ഓക്‌സൈഡിന്‍റെ ചലനം ട്രാക്ക് ചെയ്യുന്നതിനായി ഗവേഷകർ വികസിപ്പിച്ചെടുത്ത പ്രത്യേക മാതൃക ഉപയോഗിച്ച് നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തൽ. ഭാവിയിലെ കാലാവസ്ഥ പഠനത്തിന് ഇത് ഗുണം ചെയ്യും.
ഭാവിയിലെ കാലാവസ്ഥ പ്രവചനത്തിനായി ശാസ്ത്രജ്ഞർ ഉപയോഗിക്കുന്ന എർത്ത് സിസ്റ്റം സിമുലേഷനുകൾ മെച്ചപ്പെടുത്തുന്നതിന് ഇത് സഹായിക്കുമെന്നാണ് നേച്ചർ ജേണലിൽ വിശദമാക്കിയിരിക്കുന്നത്. പ്രകാശ സംശ്ലേഷണം വഴി സസ്യങ്ങൾ അന്തരീക്ഷത്തിൽ നിന്നും വലിച്ചെടുക്കുന്ന കാർബൺ ഡൈ ഓക്സൈഡിന്‍റെ അളവാണ് ടെറസ്ട്രിയൽ ഗ്രോസ് പ്രൈമറി പ്രൊഡക്ഷൻ (GPP). കാലാവസ്ഥയുമായി ബന്ധപ്പെട്ട പഠനത്തിൽ ജിപിപിയുടെ അളവ് നിർണായകമായിരിക്കും. ഈ അളവ് കണ്ടെത്തുന്നതിന് പുതുതായി വികസിപ്പിച്ച മാതൃക വഴി സാധ്യമാകും.
ഓക്ക് റിഡ്‌ജ് നാഷണൽ ലബോറട്ടറിയും കോർനെൽ യൂണിവേഴ്‌സിറ്റിയും സഹകരിച്ച് നടത്തിയ പഠനത്തിൽ പ്രതിവർഷം ജിപിപി നിരക്ക് 157 പെറ്റാഗ്രാം കാർബൺ ആണെന്ന് പറയുന്നു. ഇത് 40 വർഷം മുമ്പുള്ള 120 പെറ്റാഗ്രാം ജിപിപി നിരക്കിനേക്കാൾ വളരെ കൂടുതലാണ്. ഇത്തരം പഠനങ്ങൾ കാലാവസ്ഥ വ്യതിയാനങ്ങൾ കണ്ടെത്തുന്നതിൽ നിർണായകമായിരിക്കും.