ഹൈദരാബാദ്:വയോധികനെ കബളിപ്പിച്ച് കോടികൾ തട്ടി സൈബർ സംഘം. ഹൈദരാബാദ് സ്വദേശിയായ വയോധികനിൽ നിന്നും ഓൺലൈൻ സ്റ്റോക്ക് ട്രേഡിങ് എന്ന വ്യാജേന 13.26 കോടി രൂപയാണ് സംഘം കവർന്നത്. സംഭവത്തിൽ തെലങ്കാന സൈബർ സെക്യൂരിറ്റി ബ്യൂറോ (ടിജിസിഎസ്ബി) മൂന്ന് പേരെ അറസ്റ്റ് ചെയ്‌തു.
വയോധികന് ഓൺലൈൻ സ്റ്റോക്ക് ട്രേഡിങ് ടിപ്പുകൾ വാഗ്‌ദാനം ചെയ്‌തുകൊണ്ട് വാട്ട്‌സ്ആപ്പിൽ സന്ദേശം ലഭിക്കുകയാണ് ആദ്യമുണ്ടായത്. മുമ്പ് ഓഹരി വിപണിയിൽ നിന്ന് ലാഭം നേടിയതിനാൽ അവർ സന്ദേശത്തോട് പ്രതികരിച്ചു. പിന്നീട് പ്രമുഖ ട്രേഡിങ് കമ്പനികളുടെ പേരിലാണ് തട്ടിപ്പ് നടന്നത്.
വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ജോയിനായ വയോധികന് പ്രമുഖ കമ്പനികളുടെ പ്രതിനിധികളെന്ന വ്യാജേന തട്ടിപ്പുകാർ ഓഹരി വിപണി ഉപദേശം നൽകി. തുടക്കത്തിൽ ചെറിയ ലാഭം കാണിച്ച്, കുറച്ച് പണം പിൻവലിക്കാൻ അനുവദിച്ച് വിശ്വാസ്യത നേടിയെടുത്തിരുന്നു. തുടർന്ന് 13.26 കോടി രൂപ വയോധികൻ നിക്ഷേപിച്ചതോടെ തട്ടിപ്പുകാർ പ്രതികരിക്കാതെയായി.