ഹൈദരാബാദ്: ഒരു മിനിറ്റിൽ ഫോൺ ചാർജ് ആയാലോ?. വെറും 10 മിനിറ്റിനുള്ളിൽ ഒരു ഇലക്ട്രിക് കാർ ചാർജ് ചെയ്യാൻ കഴിഞ്ഞാലോ?. അസാധ്യമെന്ന് തോന്നുമെങ്കിലും, അമേരിക്കയിലെ കൊളറാഡോ ബോൾഡർ സർവകലാശാലയിൽ ജോലി ചെയ്യുന്ന ഇന്ത്യൻ വംശജനായ ശാസ്ത്രജ്ഞൻ അങ്കുർ ഗുപ്‌തയും സംഘവും അതിനായുള്ള സാങ്കേതിക വിദ്യ വികസിപ്പിച്ചിരിക്കുകയാണ്.
അയോണുകൾ പോലെ ചാർജുള്ള കണങ്ങൾ സങ്കീർണ്ണമായ സൂക്ഷ്‌മ സുഷിരങ്ങളിലൂടെ എങ്ങനെയാണ് നീങ്ങുന്നതെന്ന് അവർ കണ്ടെത്തി. ഇതുവരെ, അയോണുകൾ ഒരു ദ്വാരത്തിലൂടെ നേരെയാണ് നീങ്ങുക എന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാൽ ആന്തരികമായി ബന്ധിപ്പിച്ചിരിക്കുന്ന ദശലക്ഷക്കണക്കിന് സുഷിരങ്ങളുടെ, സങ്കീർണ്ണമായ ശൃംഖലയിലൂടെയും അയോണുകൾ നീങ്ങുമെന്ന അങ്കുർ ഗുപ്‌തയുടെയും സംഘത്തിന്‍റെയും കണ്ടെത്തലാണ് ചാര്‍ജിങ് രംഗത്ത് വഴിത്തിരിവാകുന്ന പുതിയ കണ്ടുപിടുത്തത്തിലേക്ക് നയിച്ചത്. ഇത് കൂടുതൽ കാര്യക്ഷമമായ സൂപ്പർ കപ്പാസിറ്ററുകൾ നിര്‍മ്മിക്കുന്നതിലേക്ക് വഴിയൊരുക്കും.