ഹൈദരാബാദ്: കൊതുകുകൾ ചോര കുടിക്കാനായി മനുഷ്യനെ കണ്ടെത്തുന്നത് എങ്ങനെയെന്ന പഠനത്തിൽ നിർണായക കണ്ടെത്തലുകൾ. കൊതുകുകൾക്ക് ഇൻഫ്രാറെഡ് തരംഗങ്ങൾ കണ്ടെത്താനുള്ള കഴിവുണ്ടെന്നാണ് പഠനങ്ങളിൽ തെളിഞ്ഞത്. മനുഷ്യരിലെ ഇൻഫ്രാറെഡ് വികിരണവും താപനിലയും വഴിയാണ് കൊതുകുകൾ മനുഷ്യ സാന്നിധ്യം തിരിച്ചറിയുന്നത്. അമേരിക്കയിലെ സാന്‍റ ബാർബറയിലെ യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോർണിയയിൽ നടത്തിയ പഠനത്തിലാണ് ഇക്കാര്യം തെളിഞ്ഞത്.
മനുഷ്യന് ഇൻഫ്രാറെഡ് തരംഗങ്ങൾ പുറപ്പെടുവിക്കാനുള്ള കഴിവുണ്ട്. ഈ ഇൻഫ്രാറെഡ് തരംഗങ്ങളെ കണ്ടെത്തി കൊണ്ടാണ് കൊതുകുകൾ മനുഷ്യരുടെ അരികിലേക്ക് എത്തുന്നത്. 70 സെന്‍റീ മീറ്റർ വരെ അകലെയുള്ള ഇൻഫ്രാറെഡ് തരംഗങ്ങളെ കൊതുകിന് കണ്ടെത്താൻ കഴിയും എന്നാണ് പഠനത്തിലെ കണ്ടെത്തൽ. മനുഷ്യരിലെ താപനില 34 ഡിഗ്രി സെൽഷ്യസ് ആയിരിക്കുമ്പോഴും കൊതുകുകൾക്ക് മനുഷ്യ സാന്നിധ്യം കണ്ടെത്താൻ സാധിക്കും.
കൂടാതെ മനുഷ്യ ശരീരത്തിൽ നിന്നുള്ള ഗന്ധവും ശ്വസനം വഴി പുറന്തള്ളുന്ന കാർബൺ ഡൈ ഓക്‌സൈഡിനെയും എളുപ്പത്തിൽ ഇവയ്‌ക്ക് തിരിച്ചറിയാനാകും. മനുഷ്യരെ കണ്ടെത്താൻ ഏറ്റവും കൂടുതൽ കഴിവുള്ളത് ഈഡിസ് ഈജിപ്‌തി കൊതുകിനാണ്. ഡെങ്കിപ്പനി, മഞ്ഞപ്പനി, സിക്ക തുടങ്ങിയ മാരക രോഗങ്ങൾ പകർത്തുന്നതും ഈഡിസ് ഈജിപ്‌തി തന്നെയാണ്. അനേകം പകർച്ച വ്യാധികൾ പരത്തുന്ന കൊതുകിന്‍റെ വ്യാപനം തടയാൻ ഈ പഠനം നിർണായകമാകും. ഇൻഫ്രാറെഡ് തരംഗങ്ങൾ കണ്ടെത്താനുള്ള കൊതുകിന്‍റെ ഇതേ കഴിവ് ഉപയോഗിച്ച് കൊതുകിന്‍റെ വ്യാപനം തടയാവുന്നതാണ്.