കേരളം

kerala

ETV Bharat / technology

ഉപഗ്രഹങ്ങൾ രണ്ടായി വിക്ഷേപിക്കും, ബഹിരാകാശത്ത് കൂട്ടിയോജിപ്പിക്കും: സ്‌പേസ് ഡോക്കിങ് പരീക്ഷണത്തിനൊരുങ്ങി ഇന്ത്യ - ISRO SPADEX MISSION

ഉപഗ്രഹങ്ങളെ രണ്ടായി വിക്ഷേപിച്ച് ബഹിരാകാശത്ത് വെച്ച് കൂട്ടിയോജിപ്പിക്കുന്ന സ്‌പേസ് ഡോക്കിങ് പരീക്ഷണത്തിനൊരുങ്ങി ഐഎസ്‌ആർഒ. വിക്ഷേപണം ഡിസംബർ 30ന്.

SPADEX MISSION  ഐഎസ്‌ആർഒ  സ്‌പാഡെക്‌സ്  INDIAS SPACE DOCKING EXPERIMENT
SpaDeX Mission (X@ISRO)

By ETV Bharat Tech Team

Published : Dec 24, 2024, 3:19 PM IST

ഹൈദരാബാദ്:ബഹിരാകാശത്ത് വെച്ച് ഉപഗ്രഹങ്ങളെ കൂട്ടിയോജിപ്പിക്കുന്ന 'സ്‌പാഡെക്‌സ്' സ്‌പേസ് ഡോക്കിങ് പരീക്ഷണത്തിന് തയ്യാറെടുത്ത് ഐഎസ്‌ആർഒ. ഇന്ത്യയുടെ ചരിത്രത്തിൽ തന്നെ ആദ്യമായാണിത്. ഇന്ത്യയുടെ ഭാവി ബഹിരാകാശ ദൗത്യങ്ങൾക്ക് നിർണായകമായിരിക്കും സ്‌പാഡെക്‌സ് ദൗത്യം.

ഉപഗ്രഹങ്ങളെ രണ്ടായി വിക്ഷേപിച്ച് ബഹിരാകാശത്ത് വെച്ച് കൂട്ടിയോജിപ്പിക്കുന്നതാണ് ദൗത്യം. ഉപഗ്രഹങ്ങൾ രണ്ടായി വിക്ഷേപിച്ചതിന് ശേഷം ഒന്നായി കൂട്ടിച്ചേർക്കുമ്പോൾ (ഡോക്കിങ്) എങ്ങനെ പ്രവർത്തിക്കുമെന്ന് മനസിലാക്കാൻ സ്‌പാഡെക്‌സ് ദൗത്യം വഴി സാധിക്കും. ഇന്ത്യയുടെ സ്വന്തം ബഹിരാകാശ നിലയമെന്ന (ഭാരതീയ അന്തരീക്ഷ സ്റ്റേഷൻ) സ്വപ്‌നം യാഥാർത്ഥ്യമാക്കുന്നതിലും ഭാവി ചാന്ദ്ര ദൗത്യങ്ങളിലും ഈ പരീക്ഷണം നിർണായകമായിരിക്കും.

വിക്ഷേപണം എന്ന്?

സ്‌പാഡെക്‌സ് ദൗത്യത്തിന്‍റെ വിക്ഷേപണത്തിനുള്ള അവസാനഘട്ട തയ്യാറെടുപ്പുകൾ നടന്നുകൊണ്ടിരിക്കുകയാണ്. ഡിസംബർ 30ന് ശ്രീഹരിക്കോട്ടയിലെ സതീഷ്‌ ധവാൻ സ്‌പേസ് സെന്‍ററിൽ നിന്ന് ഇന്ത്യൻ സമയം രാത്രി 9.59നാണ് വിക്ഷേപണം. പിഎസ്‌എൽവി റോക്കറ്റിലാണ് വിക്ഷേപിക്കുക.

24 പേലോഡുകൾ വഹിക്കുന്നതാണ് ദൗത്യം. അതിൽ 14 എണ്ണം ഐഎസ്ആർഒയുടേതും 10 എണ്ണം സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നുള്ളതുമാണ്. 'ചേസർ', 'ടാർഗെറ്റ്' എന്നീ രണ്ട് ഉപഗ്രഹങ്ങളാണ് ദൗത്യത്തിൽ വിക്ഷേപിക്കുക. രണ്ട് ഉപഗ്രഹങ്ങളും വേർപിരിഞ്ഞു കഴിഞ്ഞാൽ അവയുടെ പേലോഡുകളുടെ പ്രവർത്തനം ആരംഭിക്കും. ഓരോ ഉപഗ്രഹത്തിനും 220 കിലോ ഗ്രാം ഭാരമുണ്ട്. 470 കിലോമീറ്റർ ഉയരത്തിലുള്ള സർക്കുലർ ലോ എർത്ത് ഓർബിറ്റിൽ വെച്ച് രണ്ട് പേടകങ്ങളും കൂട്ടിച്ചേർക്കുകയാണ് ഐഎസ്‌ആർഒയുടെ ലക്ഷ്യം.

വിക്രം സാരാഭായ് സ്‌പേസ് സെന്‍റർ, സ്‌പേസ് ഫിസിക്‌സ് ലബോറട്ടറി, ഐഐഎസ്‌ടി വലിയമല തുടങ്ങിയ സ്ഥാപനങ്ങൾ ചേർന്നാണ് 24 പേലോഡുകൾ വികസിപ്പിച്ചിരിക്കുന്നത്. അമിറ്റി യൂണിവേഴ്‌സിറ്റി, ബെലാട്രിക്‌സ് എയ്‌റോസ്‌പേസ്, ബെംഗളൂരുവിലെ ആർ വി കോളേജ് ഓഫ് എഞ്ചിനീയറിങ്, ടേക്ക്‌മീ2സ്‌പേസ് എന്നീ സ്ഥാപനങ്ങളുൾപ്പെടെയുള്ള സ്വകാര്യ സ്ഥാപനങ്ങൾ ദൗത്യത്തിന്‍റെ ഭാഗമായിട്ടുണ്ട്.

റോബോട്ടിക് ആം, അവശിഷ്‌ടങ്ങൾ പിടിച്ചെടുക്കുന്ന റോബോട്ടിക് മാനിപ്പുലേറ്റർ, വിത്ത് മുളയ്ക്കുന്നതും ബഹിരാകാശത്തെ സസ്യവളർച്ചയും നിരീക്ഷിക്കുന്നതിനുള്ള ഗവേഷണ മൊഡ്യൂൾ, ഗ്രീൻ പ്രൊപ്പൽഷൻ സംവിധാനങ്ങൾ എന്നിവയാണ് പേലോഡുകളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

Also Read:

  1. 2024ലെ ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ പകല്‍; വരുന്നു 'വിന്‍റര്‍ സോളിസിസ്റ്റ്', രാത്രി 16 മണിക്കൂറും പകല്‍ 8 മണിക്കൂറും
  2. സുനിത വില്യംസിന്‍റെ തിരിച്ചുവരവ് ഇനിയും വൈകും: ഫെബ്രുവരിയിലും തിരികെ എത്തിക്കാനാവില്ലെന്ന് നാസ
  3. ആയുധ ഉത്‌പാദന രംഗത്ത് ഇന്ത്യ നേട്ടം കൈവരിച്ച വർഷം: പിനാക മുതൽ ഹൈപ്പർസോണിക് മിസൈൽ വരെ; 2024 ലെ പ്രധാന ഡിആർഡിഒ പദ്ധതികൾ

ABOUT THE AUTHOR

...view details