ഡൽഹി: 75 -ാം മത് റിപ്പബ്ലിക് ദിന പരേഡിൽ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ (ഐഎസ്ആർഒ) ടാബ്ലോയിൽ തിളങ്ങി ചന്ദ്രയാൻ 3. ചന്ദ്രൻ്റെ ദക്ഷിണധ്രുവത്തിന് സമീപം ചന്ദ്രയാൻ 3 പേടകത്തിൻ്റെ ലാൻഡിംഗും സൂര്യനെ പഠിക്കാനുള്ള ആദിത്യ എൽ 1 ദൗത്യവും റിപ്പബ്ലിക് ദിന പരേഡിൽ ഐഎസ്ആർഒയുടെ ടാബ്ലോയിൽ ഇടം കണ്ടെത്തി. ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ്റെ വിവിധ ദൗത്യങ്ങളിൽ വനിത ശാസ്ത്രജ്ഞരുടെ പങ്കാളിത്തവും അടുത്ത വർഷം ഇന്ത്യയുടെ മനുഷ്യ ബഹിരാകാശ യാത്ര നടത്താനുള്ള പദ്ധതിയും ടാബ്ലോയില്‍ പ്രദർശിപ്പിച്ചു.
ചന്ദ്രയാൻ 3 യിലെ ലോഞ്ച് വെഹിക്കിൾ മാർക്ക് 3 യുടെ മാതൃകയാണ് ടാബ്ലോയിൽ പ്രദർശിപ്പിച്ചത്. ശിവശക്തി പോയിൻ്റ് എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പേര് നൽകിയ ബഹിരാകാശ പേടകത്തിൻ്റെ ചാന്ദ്ര ലാൻഡിംഗ് സൈറ്റും ടാബ്ലോയിൽ ഉണ്ടായിരുന്നു. ഇതിനു പുറമെ വിജയകരമായി ലാൻഡ് ചെയ്‌ത ആദിത്യ എൽ 1 ദൗത്യവും ഭാവി ദൗത്യങ്ങളായ ഗഗൻയാൻ, ഭാരതീയ അന്തരിക്ഷ് സ്റ്റേഷൻ എന്നിവയും ടാബ്ലോയിൽ ഉൾപ്പെടുത്തിയിരുന്നു.