ഹൈദരാബാദ്:സ്‌പേഡെക്‌സ് ദൗത്യത്തിൽ ഐഎസ്‌ആർഒ ബഹിരാകാശത്തേക്ക് അയച്ച പയർവിത്തുകൾക്ക് ഇലകൾ വിരിഞ്ഞു. ഐഎസ്‌ആർഒ തങ്ങളുടെ എക്‌സ് പേജിലൂടെയാണ് ഇല വിരിഞ്ഞതിന്‍റെ ദൃശ്യങ്ങൾ പങ്കുവെച്ചത്. 5 മുതൽ 7 ദിവസം വരെ നീളുന്ന പരീക്ഷണത്തിൽ എട്ട് പയർവിത്തുകൾ മുളപ്പിക്കാനാണ് പദ്ധതിയിടുന്നത്.
പിഎസ്‌എൽവി ഓർബിറ്റൽ എക്‌സ്‌പിരിമെന്‍റ് മൊഡ്യൂൾ 4 പേടകത്തിന്‍റെ ഭാഗത്തിനുള്ളിലാണ് വിത്ത് മുളപ്പിച്ചത്. ബഹിരാകാശത്തെ കുറഞ്ഞ ഗുരുത്വാകർഷണത്തിൽ (മൈക്രോ ഗ്രാവിറ്റി) സസ്യങ്ങളുടെ വളർച്ചയെ കുറിച്ച് പഠിക്കുകയാണ് ഇസ്രോ ലക്ഷ്യമിടുന്നത്. വിക്ഷേപിച്ച് വെറും നാല് ദിവസത്തിനുള്ളിൽ തന്നെ പയർ വിത്തുകൾ മുളച്ചിരുന്നു. ഇതിന്‍റെ ദൃശ്യവും നേരത്തെ ഐഎസ്‌ആർഒ പങ്കുവെച്ചിരുന്നു.
ബഹിരാകാശത്ത് സസ്യങ്ങൾ എങ്ങനെ വളരുമെന്ന് മനസിലാക്കുന്നതിൽ ഈ പരീക്ഷണം നിർണായകമാകും. കൂടാതെ ദീർഘകാല ബഹിരാകാശ ദൗത്യങ്ങളിലെ വിളവ് ഉത്‌പാദനം ഉൾപ്പെടെയുള്ള ഭാവി പരീക്ഷണങ്ങൾക്കും ഇത് നിർണായകമാണ്. വിക്രം സാരാഭായ് സ്‌പേസ് സെന്‍ററിൽ വികസിപ്പിച്ച ഓർബിറ്റൽ പ്ലാന്‍റ് സ്റ്റഡീസിനായുള്ള കോംപാക്‌ട് റിസർച്ച് മൊഡ്യൂളിന്‍റെ ഭാഗമായാണ് പരീക്ഷണം
പിഎസ്‌എൽവി-C60 മിഷന്‍റെ POEM-4 പ്ലാറ്റ്‌ഫോമിലാണ് പരീക്ഷണം നടത്തിയത്. ഡിസംബർ 30ന് ഇന്ത്യയുടെ ആദ്യ ഡോക്കിങ് പരീക്ഷണമായ സ്‌പേഡെക്‌സ് ദൗത്യത്തിനായി വിക്ഷേപിച്ച പിഎസ്‌എൽവി സി60 റോക്കറ്റിന്‍റെ ഭാഗത്തിനുള്ളിലാണ് വിത്ത് മുളപ്പിച്ചത്. താപനില, മണ്ണിന്‍റെ ഈർപ്പം, ഓക്‌സിജൻ സാന്ദ്രത, കാർബൺ ഡൈ ഓക്‌സൈഡ് സാന്ദ്രത, ക്യാമറ ഇമേജിങ് ഉൾപ്പെടെയുള്ള ഘടകങ്ങൾ നിയന്ത്രിച്ചുകൊണ്ടായിരുന്നു പരീക്ഷണം.
Also Read:
- ഐഎസ്‌ആർഒയുടെ സ്‌പേഡെക്‌സ് ദൗത്യം ഇനിയും വൈകും: സ്‌പേസ് ഡോക്കിങ് പരീക്ഷണം നീട്ടിവെച്ചു
- സ്‌പേഡെക്‌സ് ഉപഗ്രഹത്തിൽ നിന്നെടുത്ത ആദ്യ ബഹിരാകാശ സെൽഫി വീഡിയോ: ഉപഗ്രഹങ്ങളെ കൂട്ടിച്ചേർക്കുന്നത് ജനുവരി ഏഴിന്
- ബഹിരാകാശത്ത് പയർ വിത്ത് മുളപ്പിച്ചു: സുപ്രധാന ചുവടുവെയ്‌പ്പുമായി ഐഎസ്‌ആർഒ
- ചരിത്രം രചിക്കാൻ ഇന്ത്യ; ബഹിരാകാശത്ത് ഉപഗ്രഹങ്ങളെ കൂട്ടിയോജിപ്പിക്കും, 'സ്‌പേഡെക്‌സ്' വിക്ഷേപണം വിജയം
- 2025ൽ രണ്ട് വീതം സൂര്യഗ്രഹണവും ചന്ദ്രഗ്രഹണവും: ഇത്തവണ ഇന്ത്യയിൽ ദൃശ്യമാവുക ഒരു ഗ്രഹണം മാത്രം