ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രമായ ടോക്‌സിക്കിന്‍റെ ടീസർ ഇന്ന് പുറത്തിറങ്ങിയിരുന്നു. കെജിഎഫ് 2 എന്ന ചിത്രത്തിന് ശേഷം യാഷ് നായകനാകുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്‍റെ സംവിധായകക്കെതിരെ വിമർശനവുമായി മുന്നോട്ട് വന്നിരിക്കുകയാണ് സംവിധായകന്‍ നിതിൻ രഞ്ജി പണിക്കർ.
തന്‍റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് ടോക്‌സിക് എന്ന സിനിമയുടെ ടീസർ പ്രതിപാദിച്ചിരിക്കുന്ന സ്ത്രീ വിരുദ്ധതക്കെതിരെ സംവിധായകയെ കുറ്റപ്പെടുത്തി നിതിൻ വാക്കുകൾ കുറച്ചത്. പ്രസ്‌തുത വിഷയത്തിൽ ഇടിവി ഭാരത് നിതിൻ രഞ്ജി പണിക്കറുമായി സംസാരിച്ചു.
നിതിന്‍റെ വാക്കുകൾ:
"കസബ എന്ന സിനിമയെ സ്ത്രീവിരുദ്ധതയുടെ പേരിൽ മലയാളത്തിലെ ഒരു മുൻനിര അഭിനേത്രി വളരെ ശക്തമായ രീതിയിൽ വിമർശിച്ചിരുന്നു. സിനിമകളിൽ ഉയരുന്ന സ്ത്രീ വിരുദ്ധ പരാമർശങ്ങളും അതിക്രമ രംഗങ്ങളും പുരുഷ മേധാവിത്വത്തിന്‍റെ പ്രതിഫലനമാണ് എന്നാണ് അന്ന് നടി പറഞ്ഞത്.
മമ്മൂട്ടി എന്നൊരു നടൻ അത്തരം കഥാപാത്രം ചെയ്യാൻ പാടില്ലായിരുന്നു എന്നും അവർ കൂട്ടിച്ചേർത്തു. ടോക്‌സിക് എന്ന ചിത്രത്തിന്‍റെ സംവിധായിക കസബ എന്ന ചിത്രത്തിനെതിരെ വിമർശനം ഉന്നയിക്കുന്ന അഭിനേത്രിക്കൊപ്പം അന്ന് വേദിയിലുണ്ട്.
'Say it say it' എന്ന് പറഞ്ഞ് വിമർശിക്കാൻ അഭിനേത്രിക്ക് പ്രചോദനം കൊടുത്തത് ഇവരൊക്കെ തന്നെയാണ്. സിനിമയിലെ കഥാപാത്രങ്ങൾ, അവരുടെ സ്വഭാവം ഇതൊക്കെ ജീവിതവുമായി കൂട്ടി കലർത്തുന്നത് എന്തിനാണെന്ന് അപ്പോൾ എനിക്ക് മനസ്സിലായില്ല.
കസബ എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ കഥാപാത്രം മറ്റൊരു വനിതാ പൊലീസിനോട് കാണിക്കുന്ന ഒരു പ്രവർത്തിയാണ് ഇവരെയൊക്കെ ചൊടിപ്പിച്ചത്. അതിന്‍റെ പേരിൽ എട്ട് വർഷങ്ങൾക്കു മുമ്പ് എന്നെ കുറ്റപ്പെടുത്തിയതിൽ കയ്യും കണക്കുമില്ല" -നിതിൻ പറഞ്ഞു.
ഈ നിലപാടുള്ളവരൊക്കെ സ്റ്റേറ്റ് വിടുമ്പോൾ നിലപാടുകൾ മറക്കുന്ന ഒരു പ്രവണതയാണ് കാണാൻ സാധിച്ചത് എന്നും നിതിന്‍ പറഞ്ഞു. ടോക്‌സിക് എന്ന സിനിമയോട് എനിക്ക് ഒരു വിരോധവുമില്ല. ടീസർ വളരെ നന്നായിട്ടുണ്ട്. പക്ഷേ ടീസറിൽ കാണിച്ചിരിക്കുന്ന ചില സ്ത്രീ വിരുദ്ധ സീനുകൾക്കെതിരെയാണ് താൻ പ്രതികരിച്ചതെന്നു നിതിൻ വ്യക്തമാക്കി.
"അവരുടെ കാര്യം വന്നപ്പോൾ അവർ നിലപാടുകളൊക്കെ മറക്കുന്നു. അപ്പോൾ അതൊക്കെ വെറും കഥാപാത്രങ്ങൾ. കസബ എന്താ സിനിമ അല്ലായിരുന്നോ? ഇതിനെ കൃത്യമായി ഇരട്ടത്താപ്പ് എന്ന് തന്നെ വിശേഷിപ്പിക്കാം. ഞാൻ അവരുടെ പേര് പറഞ്ഞൊന്നും കുറ്റപ്പെടുത്തിയിട്ടില്ല. അവരുടെ വ്യക്തി താത്പര്യങ്ങൾക്ക് വേണ്ടി അവർ കസബ എന്ന ചിത്രത്തെ കരുവാക്കുകയായിരുന്നു." -നിതിൻ പറഞ്ഞു.
അതുകൊണ്ട് സോഷ്യൽ മീഡിയയിൽ കുറിച്ച വാക്കുകളിൽ ഞാൻ ഉറച്ചുനിൽക്കുന്നു എന്നും നിതിന്‍ ഇടിവി ഭാരതിനോട് പറഞ്ഞു. ഇതിന്‍റെ പേരിൽ എന്ത് പ്രശ്‌നമുണ്ടായാലും ഞാൻ അതൊന്നും കണക്കിലെടുക്കുന്നില്ലെന്നും നിതിൻ വ്യക്തമാക്കി.