ബെംഗളൂരു :ഐഎസ്‌ആർഒയുടെ പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനത്തിന്‍റെ (ആർഎൽവി) മൂന്നാം ലാൻഡിങ് പരീക്ഷണം വിജയകരം. ലാൻഡിങ് എക്‌സ്‌പെരിമെന്‍റ് (LEX-03) പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും പരീക്ഷണമായ 'പുഷ്‌പക്' ഇന്ന് രാവിലെ 07:10 ഓടെയാണ് ലാൻഡ് ചെയ്‌തത്. കർണാടകയിലെ ചിത്രദുർഗയിലുള്ള എയ്‌റോനോട്ടിക്കൽ ടെസ്‌റ്റ് റേഞ്ചിൽ (ATR) വച്ചായിരുന്നു പരീക്ഷണം.
വിക്ഷേപണ വാഹനത്തിന്‍റെ (RLV) വികസനത്തിന് ആവശ്യമായ ഏറ്റവും നിർണായകമായ സാങ്കേതികവിദ്യകൾ നേടിയെടുക്കുന്നതിൽ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ (ISRO) വൈദഗ്‌ധ്യം ആവർത്തിച്ചതായി വിക്ഷേപണത്തിന് പിന്നാലെ ഐഎസ്‌ആർഒ എക്‌സില്‍ പറഞ്ഞു. വ്യോമസേനയുടെ ചിനൂക് ഹെലികോപ്റ്റർ ഉപയോഗിച്ച് നാലരക്കിലോമീറ്റർ ഉയരത്തിൽ എത്തിച്ച ശേഷമാണ് പേടകം വിക്ഷേപിച്ചത്. സ്വയം ദിശയും വേഗവും നിയന്ത്രിച്ച് പേടകം റൺവേയിൽ ഇറങ്ങുകയായിരുന്നു. ആർഎൽവിയെ ബഹിരാകാശത്തേക്ക് അയക്കുന്ന ഓർബിറ്റൽ റീ എൻട്രി പരീക്ഷണമാണ് അടുത്ത ലക്ഷ്യമെന്ന് ഐഎസ്‌ആർഒ അറിയിച്ചു.
റൺവേയിൽ ലാൻഡ് ചെയ്യുന്നതിന് തൊട്ടുമുൻപ് വാഹനത്തിന്‍റെ ലാൻഡിങ് വേഗത മണിക്കൂറിൽ 320 കിലോമീറ്റർ ആയിരുന്നു. സാധാരണ യാത്രാവിമാനത്തിന് ഇത് 260 കിലോമീറ്ററും യുദ്ധവിമാനത്തിന് 280 കിലോമീറ്ററും ആയിരിക്കും. റൺവേയിൽ തൊട്ടതിന് പിന്നാലെ ആർഎൽവിയിലെ ബ്രേക്ക് പാരച്യൂട്ട് വിടർന്നു. ഇതോടെ വേഗം മണിക്കൂറിൽ 100 കിലോമീറ്ററായി കുറഞ്ഞു. തുടർന്ന് ലാൻഡിങ് ഗിയർ ബ്രേക്കുകൾ പ്രവർത്തിച്ചു. ഒപ്പം റഡാറും നോസ് വീൽ ഡ്രൈവിങ് സംവിധാനവും ആക്‌ടീവ് ആയി, വാഹനം റൺവേയിൽ നിർത്തേണ്ട സ്ഥലത്ത് തന്നെ നിന്നു.