ന്യൂഡല്‍ഹി: ഭരണഘടനെയെ പുകഴ്‌ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. കാലാതിവര്‍ത്തിയായി ഭരണഘടന നിലകൊള്ളുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഒപ്പം നമുക്ക് മാര്‍ഗദീപമായി വര്‍ത്തിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇക്കൊല്ലത്തെ അവസാന മന്‍കിബാത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മന്‍കീ ബാത്തിന്‍റെ 117മത് പതിപ്പായിരുന്നു ഇത്. 2025 ജനുവരി 26ന് ഭരണഘടനയ്ക്ക് 75 വയസ് തികയുകയാണ്. ഇത് നമുക്കേവര്‍ക്കും അഭിമാനകരമായ കാര്യമാണ്. ഭരണഘടന നിര്‍മ്മാതാക്കള്‍ നമുക്ക് നല്‍കിയ ഭരണഘടന കാലത്തിന്‍റെ പരീക്ഷണങ്ങളെ അതിജീവിച്ച് നിലകൊള്ളുന്നു. നമ്മുടെ ഭരണഘടനയുടെ പൈതൃകം ജനങ്ങളിലെത്തിക്കാനായി http;//constitution75.com എന്നൊരു വെബ്‌സൈറ്റ് തയാറാക്കിയിട്ടുണ്ട്.
ഭരണഘടനയുടെ ആമുഖം വായിക്കുന്ന നിങ്ങളുടെ ദൃശ്യങ്ങള്‍ ഇതില്‍ അപ്‌ലോഡ് ചെയ്യാനാകും. വിവിധ ഭാഷകളില്‍ നിങ്ങള്‍ക്ക് ആമുഖം വായിക്കാനാകും. ഭരണഘടനയെക്കുറിച്ച് നിങ്ങള്‍ക്ക് ചോദ്യങ്ങളും ചോദിക്കാം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
2024 നവംബര്‍ 26ന് ഭരണഘടന അംഗീകരിച്ചതിന്‍റെ 75മത് വാര്‍ഷികം പിന്നിട്ടു. 1949 നവംബര്‍ 26നാണ് ഭരണഘടന നിര്‍മ്മാണ സമിതി ഭരണഘടനയ്ക്ക് അംഗീകാരം നല്‍കിയത്. 1950 ജനുവരി 26ന് ഭരണഘടന നിലവില്‍ വന്നു. ഇതോടെ ഇന്ത്യ ഒരു ജനാധിപത്യ റിപ്പബ്ലിക് ആയി മാറി. 2015ല്‍ നവംബര്‍ 26ഭരണഘടന ദിനമായി ഇന്ത്യ ആചരിക്കാന്‍ തുടങ്ങി.
കലഹന്ദി ജില്ലയിലെ ഒരു പച്ചക്കറി കേന്ദ്രമാക്കി മാറ്റിയതില്‍ അദ്ദേഹം ഒഡിഷയിലെ കര്‍ഷകരെ മോദി മന്‍കീ ബാത്തില്‍ അഭിനന്ദിച്ചു. ഒരിക്കല്‍ കര്‍ഷകര്‍ പലായനം ചെയ്‌തിരുന്നിടത്ത് ഇപ്പോള്‍ ഒരു പച്ചക്കറി വിപ്ലവം നടക്കുകയാണെന്ന് പറഞ്ഞാണ് പ്രധാനമന്ത്രി അവരെ അഭിനന്ദിക്കാന്‍ ആരംഭിച്ചത്. കലഹന്ദിയിലെ ജനങ്ങളുടെ പ്രയ്‌ത്നത്തെക്കുറിച്ച് ഞാന്‍ നിങ്ങളോട് പറയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കലഹന്ദിയിലെ ഗോലമുണ്ട ഇന്നൊരു പച്ചക്കറി കേന്ദ്രമായി മാറിയിരിക്കുന്നു. പത്ത് കര്‍ഷകരുടെ ഒരു കൂട്ടായ്‌മയായാണ് ഇത് ആരംഭിച്ചത്. ഈ സംഘം ഒരു ഉത്പാദന സംഘം രൂപീകരിച്ചു. കൃഷിയ്ക്കായി ഇവര്‍ ആധുനിക സങ്കേതങ്ങള്‍ ഉപയോഗിക്കാന്‍ തുടങ്ങി. ഇപ്പോള്‍ ഈ സംഘം കോടിക്കണക്കിന് രൂപയുടെ വ്യവസായം ചെയ്യുന്നു. കൂട്ടായ പരിശ്രമവും ഉറച്ചമനസുമുണ്ടെങ്കില്‍ എല്ലാവര്‍ക്കും എല്ലാം സാധിക്കുമെന്നാണ് ഇത് നമുക്ക് പറഞ്ഞ് തരുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയാണ് മന്‍കീ ബാത്ത്. ഇതിലൂടെ അദ്ദേഹം സുപ്രധാന ദേശീയ സംഭവങ്ങളെക്കുറിച്ച് രാജ്യത്തോട് സംവദിക്കുന്നു. എല്ലാമാസവും അവസാന ഞായറാഴ്‌ചയാണ് പരിപാടി പ്രക്ഷേപണം ചെയ്യുന്നത്. 2014 ഒക്‌ടോബര്‍ മൂന്നിനാണ് പരിപാടിയ്ക്ക് തുടക്കം കുറിച്ചത്.
ഇന്ത്യയിലെ സ്‌ത്രീകള്‍, യുവാക്കള്‍, പ്രായമായവര്‍ തുടങ്ങിയ വിവിധ സമൂഹങ്ങളുമായി ബന്ധമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ആയിരുന്നു ഇത്. 22 ഭാഷകള്‍ക്ക് പുറമെ 11 വിദേശഭാഷകളിലും മന്‍ കി ബാത്ത് പ്രക്ഷേപണം ചെയ്യുന്നു. ഫ്രഞ്ച്, ചൈനീസ്, ഇന്തോനേഷ്യന്‍, ടിബറ്റന്‍, ബര്‍മ്മീസ്, ബലൂചി, അറബിക്, പഷ്‌തൂ, പേര്‍ഷ്യന്‍, ദാരി, സ്വാഹിലി തുടങ്ങിയ വിദേശ ഭാഷകളിലാണ് മന്‍ കീ ബാത്ത് പ്രക്ഷേപണം ചെയ്യുന്നത്. ആകാശവാണിയുടെ അഞ്ഞൂറിലേറെ കേന്ദ്രങ്ങള്‍ മന്‍കി ബാത്ത് പ്രക്ഷേപണം ചെയ്യുന്നു.
Also Read: ഇ-സഞ്ജീവനി ആപ്പ് ഇന്ത്യയുടെ ഡിജിറ്റൽ വിപ്ലവത്തിന്‍റെ ശക്തിയെ പ്രതിഫലിപ്പിച്ചു: നരേന്ദ്ര മോദി