ഹൈദരാബാദ്: ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഐഎസ്‌ആർഒ നിരവധി ബഹിരാകാശ ദൗത്യങ്ങൾക്ക് സാക്ഷ്യം വഹിച്ച ഒരു വർഷമാണ് 2024. വർഷത്തിന്‍റെ തുടക്കം മുതൽ അവസാനം വരെ നിരവധി ദൗത്യങ്ങളുടെ ഭാഗമാകാൻ ഐഎസ്‌ആർഒയ്‌ക്ക് സാധിച്ചിട്ടുണ്ട്. 2024 ജനുവരി 1ന് എക്‌സ്‌പോസാറ്റ് വിക്ഷേപിച്ചത് മുതൽ ഡിസംബറിലെ പ്രോബ-3 ദൗത്യം വരെ നീളുന്നതാണ് ഇന്ത്യൻ ബഹിരാകാശ മേഖലയിലെ ഐഎസ്‌ആർഒയുടെ സംഭാവനകൾ. 2024ൽ ഇന്ത്യൻ ബഹിരാകാശ മേഖലയിൽ ഐഎസ്‌ആർഒ കൈവരിച്ച നേട്ടങ്ങൾ പരിശോധിക്കാം.
എക്‌സ്‌പോസാറ്റ് വിക്ഷേപണം:
2024 ജനുവരി ഒന്നിനാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്‍ററിൽ നിന്ന് പിഎസ്എൽവി സി85 റോക്കറ്റിൽ എക്‌സ്‌പോസാറ്റ് വിക്ഷേപിച്ചത്. എക്‌സ്‌റേ തരംഗങ്ങളിലൂടെ തമോഗർത്തങ്ങളെ കുറിച്ച് പഠിക്കുക എന്നതായിരുന്നു ഈ ഉപഗ്രഹത്തിന്‍റെ ലക്ഷ്യം. രാജ്യത്തെ ആദ്യ എക്‌സ്‌റേ പൊളാരിമെട്രി ഉപഗ്രഹമെന്ന പ്രത്യേകതയും എക്‌സ്‌പോസാറ്റിനുണ്ട്. 5 വർഷം നീളുന്ന ദൗത്യത്തിൽ ന്യൂട്രോൺ നക്ഷത്രങ്ങളെക്കുറിച്ചും തമോഗർത്തങ്ങളെ കുറിച്ചും പഠിക്കും.
PSLV-C58/XPoSat Mission:
— ISRO (@isro) January 1, 2024
The PS4 stage is successfully brought down to a 350 km orbit.
Here are the PSLV-C58 tracking images pic.twitter.com/KXDVA2UnpX
ആദിത്യ-എൽ1 (ഹാലോ ഭ്രമണപഥത്തിലെത്തി):
2023 സെപ്റ്റംബർ 2 ന് വിക്ഷേപിച്ച ഇന്ത്യയുടെ പ്രഥമ സൗരദൗത്യമായ ആദിത്യ-എൽ1 2024 ജനുവരി 6 നാണ് ലക്ഷ്യസ്ഥാനമായ ഹാലോ ഓർബിറ്റിൽ എത്തിയത്. ഭൂമിയിൽ നിന്ന് 15 ലക്ഷം കിലോമീറ്റർ അകലെയാണ് ഹാലോ ഓർബിറ്റ് സ്ഥിതി ചെയ്യുന്നത്. ഹാലോ ഭ്രമണപഥത്തിലെ സൂര്യൻ്റെ ചലനങ്ങൾ, സൗര കൊടുങ്കാറ്റുകൾ, ബഹിരാകാശത്തെ കാലാവസ്ഥ എന്നിവയെക്കുറിച്ചുള്ള പഠനമാണ് ദൗത്യത്തിന്‍റെ ലക്ഷ്യം.
𝐈𝐧𝐝𝐢𝐚, 𝐈 𝐝𝐢𝐝 𝐢𝐭. 𝐈 𝐡𝐚𝐯𝐞 𝐫𝐞𝐚𝐜𝐡𝐞𝐝 𝐭𝐨 𝐦𝐲 𝐝𝐞𝐬𝐭𝐢𝐧𝐚𝐭𝐢𝐨𝐧!
— ISRO InSight (@ISROSight) January 6, 2024
Aditya-L1 has successfully entered the Halo orbit around the L1 point.#ISRO #AdityaL1Mission #AdityaL1 pic.twitter.com/6gwgz7XZQx
ഇൻസാറ്റ്-3 ഡിഎസ് (വിക്ഷേപണം):
കാലാവസ്ഥ നിരീക്ഷണത്തിനായുള്ള ഐഎസ്‌ആർഒയുടെ ഉപഗ്രഹമാണ് ഇൻസാറ്റ്-3ഡിഎസ്. 2024 ഫെബ്രുവരി 17 ന് ജിഎസ്എൽവി റോക്കറ്റിലാണ് ഉപഗ്രഹം വിക്ഷേപിച്ചത്. 2,274 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹം ഒന്നിലധികം പേലോഡുകൾ വഹിച്ചാണ് വിക്ഷേപിച്ചത്. കാലാവസ്ഥാ പ്രവചനത്തിലും പ്രകൃതി ദുരന്ത നിവാരണത്തിലും നിർണായകമായിരിക്കും ഇൻസാറ്റ്-3ഡിഎസ്. ഉപഗ്രഹം വഴി ഭൗമശാസ്ത്ര മന്ത്രാലയത്തിനു കീഴിലുള്ള ഒന്നിലധികം വകുപ്പുകൾക്ക് പ്രയോജനം ലഭിക്കും.
ആർഎൽവി ലെക്‌സ്-02 (ലാൻഡിങ്):
വിക്ഷേപണത്തിന് ശേഷവും പുനരുപയോഗിക്കാവുന്ന റോക്കറ്റാണ് പുഷ്‌പകിൻ്റെ ആർഎൽവി ലെക്‌സ്-02. 2024 മാർച്ച് 22നാണ് ആർഎൽവി ലെക്‌സ്-02 ന്‍റെ ലാൻഡിങ് വിജയകരമായി പൂർത്തിയാക്കിയത്. കർണാടകയിലെ ചിത്രദുർഗിലുള്ള എയറോനോട്ടിക്കൽ ടെസ്റ്റ് റേഞ്ചിലെ റൺവേയിലാണ് ആർഎൽവി ലെക്‌സ്-02 വന്നിറങ്ങിയത്. ബഹിരാകാശത്ത് നിന്ന് തിരിച്ചെത്തുമ്പോഴുള്ള ലാൻഡിങ് പരീക്ഷണമായിരുന്നു ഇത്.
ആർഎൽവി ലെക്‌സ്-03 (ലാൻഡിങ്):
2024 ജൂൺ 23നാണ് ആർഎൽവിയുടെ മൂന്നാം ഘട്ട ലാൻഡിങ് പരീക്ഷണം വിജയകരമാകുന്നത്. 500 മീറ്റർ ഉയരത്തിൽ വെച്ചാണ് ലാൻഡിങ് നടത്തിയത്.
#ISRO has successfully completed #RLV LEX-03 - the last milestone for RLV before its Reentry Experiment!! 🔥
— ISRO Spaceflight (@ISROSpaceflight) June 23, 2024
It was dropped from 4.5 km alt. & glided 4.5 km downrange & 500m crossrange to reach the runway & was ONLY 11 cm off from the runway's centerline when it stopped! 🤯 pic.twitter.com/qVaQ2bT5i3
എയർ ബ്രീത്തിങ് പ്രൊപ്പൽഷൻ സിസ്റ്റം (പരീക്ഷണം):
അന്തരീക്ഷവായു വലിച്ചെടുത്ത് റോക്കറ്റുകൾക്ക് കുതിക്കാൻ കഴിയുന്ന എയർ ബ്രീത്തിങ് പ്രൊപ്പൽഷൻ സാങ്കേതികവിദ്യയുടെ രണ്ടാമത്തെ പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയത് 2024 ജൂലൈ 22 നാണ്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്നായിരുന്നു വിക്ഷേപണം. RH-560 സൗണ്ടിംഗ് റോക്കറ്റിൻ്റെ ഇരുവശങ്ങളിലും സമാന്തരമായാണ് എയർ ബ്രീത്തിങ് പ്രൊപ്പൽഷൻ സംവിധാനങ്ങൾ ഘടിപ്പിച്ചത്. ഇന്ധനം കത്തിക്കാൻ ഓക്‌സിഡൈസറായി അന്തരീക്ഷ ഓക്‌സിജനാണ് ഉപയോഗിച്ചത്. ഇത് റോക്കറ്റുകളെ ഭാരം കുറയ്‌ക്കാനും ഉപകാരപ്രദമാണ്. ഇതുകാരണം റോക്കറ്റിന് കൂടുതൽ പേലോഡ് വഹിക്കാനും കഴിയും.
എസ്എസ്എൽവി- ഡി3 (വിക്ഷേപണം):
2024 ആഗസ്റ്റ് 16ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെൻ്ററിൽ നിന്ന് രാവിലെ 9:17നാണ് ഐഎസ്ആർഒ സ്മോൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ (എസ്എസ്എൽവി)-ഡി3 വിജയകരമായി വിക്ഷേപിച്ചത്. EOS-08 എന്ന ഭൗമ നിരീക്ഷണ ഉപഗ്രഹത്തെ ഭ്രമണപഥത്തിൽ എത്തിക്കുകയായിരുന്നു ദൗത്യത്തിന്‍റെ ലക്ഷ്യം. ഭൗമനിരീക്ഷണത്തിന് ഉപഗ്രഹം പ്രയോജനകരമാകും. കാലാവസ്ഥ വ്യതിയാനവും പ്രകൃതിദുരന്തവും പഠിക്കുന്നതിന് EOS-08 വഴി സാധിക്കും.
ഐഎസ്ആർഒയുടെ ദൗത്യങ്ങൾക്ക് കേന്ദ്രാനുമതി:
2024 സെപ്‌റ്റംബർ 18നാണ് ഐഎസ്‌ആർഒയുടെ ചാന്ദ്രയാൻ-4, ശുക്രനിലേക്കുള്ള വീനസ് ഓർബിറ്റർ മിഷൻ, എൻജിഎൽവി ദൗത്യം, ഗഗൻയാൻ എന്നീ ബഹിരാകാശ ദൗത്യങ്ങൾക്ക് കേന്ദ്രം അനുമതി നൽകിയത്. ചന്ദ്രനിലെ കല്ലും മണ്ണും ഭൂമിയിലെത്തിച്ച് വിശകലനം ചെയ്യുന്നതാണ് ചാന്ദ്രയാൻ 4 ദൗത്യം. വീനസ് ഓർബിറ്റർ മിഷൻ യാഥാർത്ഥ്യമാകുന്നതോടെ ശുക്രനിലെ ഗ്രഹ പരിതസ്ഥിതികൾ ഭൂമിയിൽ നിന്ന് എങ്ങനെ വ്യത്യസ്‌തമായി പരിണമിക്കുമെന്ന് മനസിലാക്കാൻ സാധിക്കും. ചന്ദ്രയാൻ-4 ദൗത്യത്തിനായി കേന്ദ്ര സർക്കാർ 2104.06 കോടി രൂപയും ശുക്രൻ്റെ പര്യവേക്ഷണത്തിനായി 1,236 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.
➣ #Cabinet approves mission to moon, named #Chandrayaan4 to develop and demonstrate the technologies to come back to Earth after successfully landing on the Moon and also collect moon samples and analyse them on Earth#Chandrayaan3 was a big success and based on that the next… pic.twitter.com/m0bVHiwENs
— PIB India (@PIB_India) September 18, 2024
ലോക ബഹിരാകാശ പുരസ്‌കാരം ചന്ദ്രയാൻ-3 ദൗത്യത്തിന്:
ഈ വർഷത്തെ ലോക ബഹിരാകാശ പുരസ്‌കാരം ചന്ദ്രയാൻ-3 ദൗത്യത്തിനാണ് ലഭിച്ചത്. ഐഎസ്‌ആർഒ ചെയർമാൻ എസ് സോമനാഥാണ് ഇൻ്റർനാഷണൽ ആസ്ട്രോനോട്ടിക്കൽ ഫെഡറേഷനിൽ (ഐഎഎഫ്) നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങിയത്. 2024 ഒക്‌ടോബർ 14ന് ഇറ്റലിയിലെ മിലാനിൽ നടന്ന 75-ാമത് ഇൻ്റർനാഷണൽ സ്‌ട്രോനോട്ടിക്കൽ കോൺഗ്രസിലാണ് പുരസ്‌കാരം സമ്മാനിച്ചത്.
അനലോഗ് ദൗത്യം:
രാജ്യത്തെ ആദ്യ അനലോക് ബഹിരാകാശ ദൗത്യം 2024 നവംബറിൽ ലഡാക്കിലെ ലേയിലാണ് ആരംഭിച്ചത്. ഭൂമിക്കപ്പുറത്ത് ചന്ദ്രനിലോ ചൊവ്വയിലോ മറ്റ് ഗ്രഹങ്ങളിലോ മനുഷ്യവാസം സാധ്യമാവുമോ എന്നറിയാനാണ് പഠനം. ഇതിനായി ചന്ദ്രനും ചൊവ്വയ്‌ക്കും സമാനമായ ഉപരിതലമുള്ള ലേയിൽ സമാനമായ അന്തരീക്ഷം സൃഷ്‌ടിച്ച് പഠനം നടത്തുകയാണ്.
പ്രോബ-3 ദൗത്യം (വിക്ഷേപണം):
2024 ഡിസംബർ 5നാണ് പിഎസ്എൽവി-സി59 റോക്കറ്റിൽ ഐഎസ്ആർഒയുടെ പ്രോബ-3 സോളാർ ദൗത്യം വിക്ഷേപിച്ചത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്‍ററിൽ നിന്നുമാണ് യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ രണ്ട് ഉപഗ്രഹങ്ങളുമായി പിഎസ്‌എൽവി സി59 റോക്കറ്റ് വിക്ഷേപിച്ചത്. കൃത്രിമമായി സൂര്യഗ്രഹണം സൃഷ്‌ട്ടിക്കാനും തുടർന്ന് സൂര്യന്‍റെ കൊറോണയെ കുറിച്ച് പഠിക്കാനുമാണ് പ്രോബ-3 ദൗത്യം ലക്ഷ്യമിടുന്നത്. രണ്ട് പേടകങ്ങളെ ഒറ്റ വിക്ഷേപണ വാഹനത്തില്‍ ബഹിരാകാശത്തേക്ക് എത്തിക്കുകയെന്ന പ്രത്യേകത കൂടി പ്രോബ 3 ദൗത്യത്തിനുണ്ട്.
Also Read:
- ബഹിരാകാശത്ത് ക്രിസ്‌മസ് ആഘോഷവുമായി സുനിത വില്യംസ്: വീഡിയോ പുറത്തുവിട്ട് നാസ
- ഉപഗ്രഹങ്ങൾ രണ്ടായി വിക്ഷേപിക്കും, ബഹിരാകാശത്ത് കൂട്ടിയോജിപ്പിക്കും: സ്‌പേസ് ഡോക്കിങ് പരീക്ഷണത്തിനൊരുങ്ങി ഇന്ത്യ
- സുനിത വില്യംസിന്‍റെ തിരിച്ചുവരവ് ഇനിയും വൈകും: ഫെബ്രുവരിയിലും തിരികെ എത്തിക്കാനാവില്ലെന്ന് നാസ
- ഇസ്രോയുടെ പ്രോബ-3 വിക്ഷേപണം വിജയകരം: ലക്ഷ്യം സൂര്യൻ, പഠനം കൃത്രിമ സൂര്യഗ്രഹണം സൃഷ്‌ടിച്ച്