2040 ഓടെ രാജ്യം ചന്ദ്രനിൽ കാലുകുത്തണമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഗ്രഹിക്കുന്നതെന്ന് ഐഎസ്ആർഒ ചെയർമാൻ ഡോ. എസ് സോമനാഥ് പറഞ്ഞു. തിരുപ്പതിക്ക് സമീപം മോഹൻ ബാബു സർവകലാശാലയിൽ സതീഷ് ധവാൻ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിൻ്റെയും ദേശീയ അന്തരീക്ഷ ഗവേഷണ സ്ഥാപനത്തിൻ്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ദേശീയ ബഹിരാകാശ ദിനാചരണത്തിൽ സംസാരിക്കുകയായിരുന്നു ഐഎസ്ആർഒ ചെയർമാൻ.
കഴിഞ്ഞ വർഷം ഓഗസ്റ്റ് 23ന് ചാന്ദ്രയാൻ 3 വിക്ഷേപണം യൂട്യൂബിലൂടെ മാത്രം 7 ലക്ഷത്തോളം പേരാണ് കണ്ടത്. സ്‌കൂളുകൾ, സർവകലാശാലകൾ, ഗ്രാമ, നഗര പ്രദേശങ്ങൾ എന്നിവിടങ്ങളിൽ സ്ട്രീമിങ്ങിലൂടെ ലക്ഷക്കണക്കിന് ആളുകൾ വീക്ഷിച്ചു. ചന്ദ്രയാൻ 3 ൻ്റെ വിക്ഷേപണ വേളയിൽ പ്രധാനമന്ത്രി മോദി നിര്‍ണായകമായ ബ്രിക്‌സ് യോഗങ്ങളിൽ പങ്കെടുക്കുകയും വിക്ഷേപണം തത്സമയം കാണുകയും ചെയ്‌തു. വിക്ഷേപണത്തിന് മുമ്പും വിജയിച്ച ശേഷവും പ്രധാനമന്ത്രി മോദി നൽകിയ പ്രചോദനം ഏറെ കരുത്ത് നൽകിയെന്നും എസ് സോമനാഥ് പറഞ്ഞു. ചന്ദ്രയാൻ 3 ദൗത്യ സംഘത്തെ പ്രധാനമന്ത്രി കാണാൻ എത്തുകയും അഭിനന്ദിക്കുകയും ചെയ്‌തപ്പോള്‍ താൻ ഏറെ സന്തോഷിച്ചെന്നും അദ്ദേഹം പറഞ്ഞു.