കോഴിക്കോട്: ഫെഡറൽ ബാങ്കിന്‍റെ പുതിയറ ശാഖ 'ചില്ലറ'ക്കാരനല്ല. എത്ര വേണമെങ്കിലും ചില്ലറ തരുന്ന പണക്കാരനാണ്. ഇന്ത്യയിലെ ആദ്യത്തെ ക്യൂആര്‍ കോഡ് അധിഷ്‌ഠിത കോയിന്‍ വെൻഡിങ് മെഷീന്‍(ക്യൂസിവിഎം) പ്രവര്‍ത്തനമാരംഭിച്ചിരിക്കുകയാണ്. ചില്ലറ പൈസയ്ക്ക് വേണ്ടി നെട്ടോട്ടമോടുന്നവർക്ക് ഒരു പരിഹാരമാണ് കോഴിക്കോട് സ്ഥാപിച്ച ഈ മെഷീൻ. 1,2,5,10 രൂപയുടെ കോയിനുകളാണ് ഇപ്പോള്‍ മെഷീൻ വഴി ലഭ്യമാകുന്നത്.
ഗൂഗിൾ പേ സൗകര്യങ്ങൾ വന്നെങ്കിൽ പോലും പല സമയങ്ങളിലും നമുക്ക് നാണയങ്ങളുടെ ആവശ്യം വരാറുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ കോഴിക്കോട് ഉള്ളവർക്ക് ചില്ലറയ്‌ക്കായി നെട്ടോട്ടമോടേണ്ടതില്ല. എടിഎമ്മിൽ നിന്നും പണമെടുക്കുന്നതു പോലെ എളുപ്പത്തിൽ തന്നെ കോയിന്‍ വെൻഡിങ് മെഷീനിൽ നിന്ന് ആവശ്യാനുസരണം നാണയങ്ങൾ ശേഖരിക്കാനാവും. ക്യൂആര്‍ കോഡ് അധിഷ്‌ഠിത കോയിന്‍ വെൻഡിങ് മെഷീനിൽ നിന്നും ക്യൂആര്‍ കോഡ് സ്‌കാൻ ചെയ്‌ത് വളരെ എളുപ്പത്തിൽ നാണയമെടുക്കാം. എടിഎം മെഷീനിനേക്കാളും ലളിതമായ പ്രക്രിയ ആയതിനാൽ തന്നെ സാധാരണക്കാരനും ഉപയോഗിക്കാനാകും.
എന്താണ് ക്യൂആര്‍ കോഡ് അധിഷ്‌ഠിത കോയിന്‍ വെൻഡിങ് മെഷീന്‍ ?
ഉപഭോക്താവിൻ്റെ മൊബൈൽ ഫോണിൽ മെഷീനിലെ ക്യുആർ കോഡ് സ്‌കാൻ ചെയ്‌ത് യുപിഐ പണമിടപാടുകൾ നടത്താൻ അനുവദിക്കുന്ന പണരഹിത നാണയ വിതരണ സംവിധാനമാണ് ഇത്. നാണയക്ഷാമം പരിഹരിക്കാനായി ആളുകളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യൂആര്‍ കോഡ് അധിഷ്‌ഠിത കോയിന്‍ വെൻഡിങ് മെഷീൻ പുറത്തിറക്കുന്നത്. ക്യൂആര്‍ കോഡ് സ്‌കാൻ ചെയ്‌ത് ആവശ്യമുള്ള പണമടച്ചാൽ മെഷീനിലൂടെ നാണയങ്ങൾ ലഭ്യമാവും.
മുൻപ് പരമ്പരാഗത കോയിന്‍ വെൻഡിങ് മെഷീനുകൾ ഉണ്ടായിരുന്നെങ്കിലും, ഇവ നോട്ടുകൾ സ്വീകരിച്ച ശേഷം മാത്രമാണ് നാണയങ്ങൾ നൽകിയിരുന്നത്. എന്നാൽ ക്യൂആര്‍ കോഡ് അധിഷ്‌ഠിത കോയിന്‍ വെൻഡിങ് മെഷീനിൽ നോട്ടുകൾ പണമായി നൽകാതെ ക്യൂആർ കോഡ് സ്‌കാൻ ചെയ്‌ത് പേയ്‌മെന്‍റ് നടത്തിയാൽ തന്നെ നാണയം ലഭിക്കും. 2023ലാണ് ക്യൂ ആര്‍ കോഡ് അധിഷ്‌ഠിത കോയിന്‍ വെൻഡിങ് മെഷീനുകൾ സ്ഥാപിക്കാൻ ആർബിഐ തീരുമാനമെടുക്കുന്നത്. ഇപ്പോൾ ഫെഡറൽ ബാങ്കിന്‍റെ കോഴിക്കോട് പുതിയറ ശാഖയിൽ കോയിന്‍ വെൻഡിങ് മെഷീൻ സ്ഥാപിച്ചുകൊണ്ട് ഇത് യാഥാർത്ഥ്യമാക്കിയിരിക്കുകയാണ്.