ഹൈദരാബാദ്:ഇന്ത്യൻ ടെലികോം വ്യവസായത്തിൻ്റെ വരുമാനം 8 ശതമാനം വർധിച്ചതായി കണക്കുകൾ. 2025 സാമ്പത്തിക വർഷത്തിൻ്റെ രണ്ടാം പാദത്തിലെത്തിയപ്പോഴേക്കും 674 ബില്യൺ രൂപയായാണ് ഉയർന്നത്. ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 13 ശതമാനം വളർച്ചയാണ് ഇത് സൂചിപ്പിക്കുന്നത്. താരിഫ് വർധനവാണ് ടെലികോം വ്യവസായത്തിലെ വളർച്ചയ്‌ക്ക് പിന്നിൽ. ടെലികോം മേഖലയിൽ ഏറ്റവും കൂടുതൽ നേട്ടം കൈവരിച്ചത് എയർടെൽ ആണെന്നും കണക്കുകൾ.
മോത്തിലാൽ ഓസ്വാൾ ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡിൻ്റെ റിപ്പോർട്ട് അനുസരിച്ച്, 2019 സെപ്‌റ്റംബർ മുതൽ ഇന്ത്യയുടെ മൂന്ന് മാസത്തെ ടെലികോം വരുമാനം ഇരട്ടിയായിട്ടുണ്ട്. 96 ശതമാനം വളർച്ചയാണ് ഇത് സൂചിപ്പിക്കുന്നത്. ഇന്ത്യൻ ടെലികോം വ്യവസായത്തിലെ ഏകീകൃത വിപണി ഘടന, ആളുകൾക്കിടയിലെ ഉയർന്ന ഇന്‍റർനെറ്റ് ഉപയോഗം, കുറഞ്ഞ എആർപിയു തുടങ്ങിയ നിരവധി ഘടകങ്ങൾ ഇതിനെ സ്വാധീനിക്കുന്നുണ്ട്.
2019 സെപ്റ്റംബറിൽ ഉപയോക്താക്കളിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം(എആർപിയു) 98 രൂപയായിരുന്നു. എന്നാൽ 2024 സെപ്റ്റംബറിൽ എആർപിയു 193 രൂപയായി. താരിഫ് വർധനവാണ് എആർപിയു ഇരട്ടിയാക്കിയതിന് കാരണം. 2025 ഡിസംബറിൽ 15 ശതമാനത്തോളം താരിഫ് ഇനിയും വർധിപ്പിക്കാനാണ് സാധ്യത. അതേസമയം കുത്തനെയുള്ള താരിഫ് വർധന വിപണിയെ പ്രതികൂലമായും ബാധിച്ചിട്ടുണ്ട്. 2024 സെപ്റ്റംബറിൽ വരിക്കാരുടെ എണ്ണം 1.15 ട്രില്യൺ മാത്രമാണ്. ഇത് 2019 സെപ്റ്റംബറിലെ വരിക്കാരുടെ എണ്ണത്തേക്കാൾ 1.17 ട്രില്യൺ കുറവാണ്.