ചെന്നൈ: വാതക ഭീമനായ വ്യാഴത്തെയും അതിന്‍റെ ഉപഗ്രഹങ്ങളെയും കുറിച്ച് പഠിക്കാനായി യൂറോപ്യൻ സ്‌പേസ് ഏജൻസി (ഇഎസ്എ) വിക്ഷേപിച്ച ജ്യൂസ് പേടകം (ജൂപ്പിറ്റർ ഐസി മൂൺസ് എക്‌സ്‌പ്ലോറർ) ബഹിരാകാശ പര്യവേക്ഷണത്തിൽ ശ്രദ്ധേയമായ ഒന്നാണെന്ന് ഇന്ത്യൻ ശാസ്ത്രജ്ഞൻ മയിൽസ്വാമി അണ്ണാദുരൈ. ചാന്ദ്രയാൻ-1ന് സമാനമായ ജ്യൂസ് ദൗത്യത്തിൽ 13-ലധികം യൂറോപ്യൻ രാജ്യങ്ങളും അമേരിക്കയും പങ്കാളികളായിട്ടുണ്ട്. ഇടിവി ഭാരതിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബഹിരാകാശ രംഗത്ത് അന്താരാഷ്ട്ര സഹകരണത്തിന് എത്രത്തോളം പ്രാധാന്യമുണ്ടെന്ന് വ്യക്തമാക്കുന്നത് കൂടിയാണ് ജ്യൂസ് മിഷൻ എന്നും ഇന്ത്യയുടെ ചാന്ദ്ര മനുഷ്യൻ എന്നറിയപ്പെടുന്ന മയിൽസ്വാമി അഭിപ്രായപ്പെട്ടു. വ്യാഴത്തിലും അതിന്‍റെ ഉപഗ്രഹങ്ങളിലും പഠനം നടത്തുന്നതിനായി 15 ഓളം രാജ്യങ്ങൾ ചേർന്ന് ഉപഗ്രഹം നിർമിച്ച് വിക്ഷേപിക്കുകയും, അതിന്‍റെ പാതയും ഉപകരണങ്ങളുടെ പ്രവർത്തനവും നിരീക്ഷിക്കുകയും ചെയ്യുന്നത് പ്രാധാന്യമേറിയ ഒന്നാണ്. ബഹിരാകാശ മേഖലയിൽ യാഥാർത്ഥ വിജയം കൈവരിക്കാനുള്ള മാർഗം അന്താരാഷ്ട്ര സഹകരണമാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
അതേസമയം ജ്യൂസ് മിഷനിൽ ഇന്ത്യ പങ്കാളിയല്ല. ബഹിരാകാശ പര്യവേക്ഷണങ്ങൾ മുഴുവൻ മനുഷ്യരാശിക്ക് വേണ്ടിയുള്ളതാണെന്ന് നിലകൊണ്ടിട്ടുള്ള രാജ്യമെന്ന നിലയിൽ ഭാവിയിൽ ഇന്ത്യയും ഈ മിഷന്‍റെ ഭാഗമാകുമെന്ന് താൻ കരുതുന്നതായി മയിൽസ്വാമി പറഞ്ഞു. ഭാവിയിൽ മനുഷ്യരാശിക്ക് ജീവിക്കാനാവശ്യമായ വിഭവങ്ങൾ കണ്ടെത്തുന്നതിനോ വാസയോഗ്യമായ ചുറ്റുപാടുകൾ കണ്ടെത്തുന്നതിനോ ഭൂമിയല്ലാതെ മറ്റൊരു ഗ്രഹവ്യവസ്ഥ കണ്ടെത്തേണ്ടതുണ്ടെന്ന് ഐഎസ്ആർഒ വിശ്വസിക്കുന്നു.
അതിനാൽ തന്നെ ബഹിരാകാശ പര്യവേക്ഷണങ്ങൾ വിപുലപ്പെടുത്തേണ്ടതുണ്ട്. ഇതിനായി സ്വതന്ത്ര്യമായി പരീക്ഷണങ്ങൾ നടത്തുന്നതിന് പകരം രാജ്യങ്ങൾ തമ്മിൽ സഹകരിച്ചുകൊണ്ട് മുന്നോട്ടു പോയാൽ കൂടുതൽ ഫലം കാണുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതിനാൽ ഭാവിയിൽ ഇന്ത്യയും ജ്യൂസ് മിഷന്‍റെ ഭാഗമായേക്കാം. ചന്ദ്രയാൻ 1 പോലുള്ള ദൗത്യങ്ങൾ ഇന്ത്യ നയിച്ചിട്ടുണ്ട്. ഐഎസ്ആർഒ ശാസ്ത്രജ്ഞർ നിരന്തരം ചിന്തിച്ചിരുന്ന കാര്യങ്ങൾക്ക് അനുസൃതമാണ് ജ്യൂസ് മിഷൻ എന്നും മയിൽസ്വാമി പറഞ്ഞു.
ഒരു ബഹിരാകാശ പേടകത്തിന് സൗരയൂഥത്തിൽ മുഴുവനും സഞ്ചരിക്കാൻ കഴിയുമോ?