ന്യൂഡൽഹി :ഒഡിഷ തീരത്ത് ഇന്ത്യൻ വ്യോമസേനയുടെ (ഐഎഎഫ്) സുഖോയ് എസ് യു-30 എംകെഐ യുദ്ധവിമാനത്തിൽ നിന്ന് എയര്‍ ടു സര്‍ഫേസ് ആന്‍റി റേഡിയേഷന്‍ സൂപ്പര്‍സോണിക്ക് മിസൈലായ രുദ്രം-2 (RudraM-2) ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. രുദ്രം-2 (RudraM-II) മിസൈലിന്‍റെ പറക്കൽ പരീക്ഷണം എല്ലാ പരീക്ഷണ ലക്ഷ്യങ്ങളും പാലിച്ചതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ശത്രുക്കളുടെ നിരീക്ഷണ റഡാറുകളെയും വ്യോമ പ്രതിരോധ സംവിധാനങ്ങളെ തകര്‍ക്കുന്നതിനുള്ള സീഡ് (SEAD) ദൗത്യങ്ങള്‍ക്ക് വേണ്ടിയുള്ള കണ്‍ട്രോള്‍ സ്‌റ്റേഷനുകളെയും തകര്‍ക്കുന്നതിന് വേണ്ടി ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ ആന്‍റി റേഡിയേഷന്‍ മിസൈലാണ് രുദ്രം-2. വിവിധ ഡിആർഡിഒ (ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെൻ്റ് ഓർഗനൈസേഷൻ) ലബോറട്ടറികൾ വികസിപ്പിച്ചെടുത്ത നിരവധി അത്യാധുനിക തദ്ദേശീയ സാങ്കേതികവിദ്യകൾ മിസൈൽ സംവിധാനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
'മെയ് 29 ന് ഏകദേശം 11.30 ന് ഒഡിഷ തീരത്ത് ഇന്ത്യൻ വ്യോമസേനയുടെ എസ് യു-30 എംകെ-I പ്ലാറ്റ്‌ഫോമിൽ നിന്ന് ഡിആർഡിഒ (DRDO) രുദ്രം-2 എയർ-ടു-സർഫേസ് മിസൈൽ വിജയകരമായി പരീക്ഷിച്ചു,' -എന്ന് മന്ത്രാലയം അറിയിച്ചു. കപ്പൽ ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ വിന്യസിച്ചിട്ടുള്ള ഇലക്‌ട്രോ ഒപ്റ്റിക്കൽ സംവിധാനങ്ങൾ, റഡാർ, ടെലിമെട്രി സ്‌റ്റേഷനുകൾ തുടങ്ങിയ റേഞ്ച് ട്രാക്കിങ് ഉപകരണങ്ങൾ ഉപയോഗിച്ച് പിടിച്ചെടുത്ത ഫ്ലൈറ്റ് ഡാറ്റ ഉപയോഗിച്ചാണ് രുദ്രം-2 മിസൈലിന്‍റെ പ്രകടനം വിലയിരുത്തിയതെന്നും മന്ത്രാലയം അറിയിച്ചു.
രുദ്രം-2 ന്‍റെ വിജയകരമായ പരീക്ഷണ പറക്കലിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഡിആര്‍ഡിഒയേയും, വ്യോമസേനയേയും അഭിനന്ദിച്ചു. ഡിആർഡിഒ ടീമിന്‍റെ അശ്രാന്ത പരിശ്രമവും സംഭാവനകളും വിജയകരമായ ഫ്ലൈറ്റ് ടെസ്‌റ്റിൽ കലാശിച്ചതായി പ്രതിരോധ വകുപ്പ് സെക്രട്ടറിയും ഡിആർഡിഒ ചെയർമാനുമായ സമീർ വി കാമത്ത് സൂചിപ്പിച്ചതായി മന്ത്രാലയം പ്രസ്‌താവനയിൽ പറഞ്ഞു.
ALSO READ :മിഷൻ ദിവ്യാസ്‌ത്ര : അഗ്നി 5 മിസൈല്‍ പരീക്ഷണം വിജയകരം ; ഡിആർഡിഒ ശാസ്‌ത്രജ്ഞരെ അഭിനന്ദിച്ച് പ്രധാനമന്ത്രി