കൊൽക്കത്ത : 2023ല്‍ രാജ്യത്ത് 1.7 ജിഗാവാട്ടിന്‍റെ റൂഫ്‌ടോപ്പ് സോളാർ സ്ഥാപിച്ചതായി മെർകോം ഇന്ത്യ റിസർച്ചിന്‍റെ റിപ്പോര്‍ട്ട്. 2022 1.6 ജിഗാവാട്ട് സോളാറുകളായിരുന്നു സ്ഥാപിച്ചിരുന്നത്. 3.7 ശതമാനത്തിന്‍റെ വർധനവാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. റസിഡൻഷ്യൽ ഇൻസ്റ്റാളേഷനുകളാണ് വര്‍ധനവിന് കാരണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. വാണിജ്യ, വ്യാവസായിക ഉപഭോക്താക്കൾ, മൊഡ്യൂൾ വില കുറയാനായി കാത്തിരുന്നത് വളർച്ചയെ ബാധിച്ചിട്ടുണ്ട്.
2023-ൽ സ്ഥാപിച്ച സോളാറില്‍ പകുതിയിലധികവും താമസ സ്ഥലങ്ങളിലാണ്. രണ്ടാം സ്ഥാനത്താണ് വാണിജ്യ, വ്യാവസായിക ഉപഭോക്താക്കൾ. 2023-ലെ നാലാം പാദത്തിൽ 406 മെഗാവാട്ട് റൂഫ്ടോപ്പ് സോളാറാണ് സ്ഥാപിച്ചിരുന്നത്. എന്നാല്‍ മൂന്നാം പാദത്തില്‍ 431 മെഗാവാട്ട് സ്ഥാപിച്ചിരുന്നു. അതായത് 5.8 ശതമാനത്തിന്‍റെ ഇടിവാണ് ക്വാര്‍ട്ടറുകളില്‍ ഉണ്ടായത്. 2022 ന്‍റെ നാലാം പാദത്തില്‍ 483 മെഗാവാട്ട് സോളാര്‍ സ്ഥാപിച്ചിരുന്നു.
2023-ൽ റൂഫ്‌ടോപ്പ് സോളാർ മിതമായ വളർച്ച കൈവരിച്ചെങ്കിലും ഈ വിപണിയിൽ കാര്യമായ നേട്ടങ്ങളുണ്ടെന്ന് മെർകോം ക്യാപിറ്റൽ ഗ്രൂപ്പ് സിഇഒ രാജ് പ്രഭു പറഞ്ഞു. വർധിച്ചു വരുന്ന വൈദ്യുതി നിരക്ക്, റെസിഡൻഷ്യൽ ഇൻസ്റ്റാളേഷനുകൾക്കുള്ള ഇളവുകള്‍, വാണിജ്യ, വ്യാവസായ മേഖലയ്ക്ക് ലഭിക്കുന്ന വരുമാനം എന്നിവയെല്ലാം സോളാറിന്‍റെ ഡിമാൻഡ് വർധിപ്പിക്കും. 2024-ൽ സോളാറിനുള്ള ആവശ്യകത വര്‍ധിക്കുമെന്നും അദ്ദേഹം പറഞ്ഞു.