കേരളം

kerala

ETV Bharat / technology

'ബഹിരാകാശം പൂര്‍ണ്ണ വിദേശ നിക്ഷേപത്തിന് തുറന്നുകൊടുത്ത് ഇന്ത്യ'; എഫ്‌ഡിഐ ചട്ടങ്ങള്‍ മാറ്റിയെഴുതി

ബഹിരാകാശ രംഗത്ത് വന്‍വിദേശ നിക്ഷേപം ലക്ഷ്യമിട്ട് എഫ്‌ഡിഐ നിയമങ്ങളില്‍ ഇളവ് വരുത്തി കേന്ദ്ര സര്‍ക്കാര്‍. നയ പരിഷ്‌കരണം കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കുമെന്ന് പ്രതീക്ഷ. ലക്ഷ്യമിടുന്നത് 100 ബില്യണ്‍ ഡോളര്‍ വിദേശ നിക്ഷേപമെന്ന് കേന്ദ്ര മന്ത്രി.

India Allows FDI In Space Sector  Foreign Direct Investment  Space Sector India  ഇന്ത്യന്‍ ബഹിരാകാശ മേഖല  എഫ്‌ഡിഐ
India Allows 100 Foreign Direct Investment In Space Sector

By ETV Bharat Kerala Team

Published : Feb 22, 2024, 1:18 PM IST

ഡല്‍ഹി:ഹിരാകാശ മേഖലയില്‍ നൂറ് ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിക്കുന്നതിനായി നിലവിലുള്ള നിയമങ്ങളില്‍ ഇളവ് വരുത്തിയതായി കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം. നിക്ഷേപം പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് നിയമങ്ങളില്‍ ഇളവ് വരുത്തിയത്. ഇതുസംബന്ധിച്ച് ഇന്നലെയാണ് (ഫെബ്രുവരി 21) സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചത്.

ചന്ദ്രനിലെ അത്രയൊന്നും അറിയപ്പെടാത്ത ദക്ഷിണധ്രുവത്തിനരികെ സോഫ്റ്റ് ലാൻഡിങ് നടത്തിയ ആദ്യ രാജ്യമായി ഇന്ത്യ മാറിയത് ഓഗസ്റ്റിലായിരുന്നു. ഇതേത്തുടര്‍ന്ന് ഇന്ത്യന്‍ ബഹിരാകാശ രംഗത്ത് വന്‍ കുതിപ്പാണ് ദൃശ്യമായത്.റഷ്യന്‍ ദൗത്യം പാളിയതിന് തൊട്ടു പിന്നാലെയായിരുന്നു വിജയകരമായ ചന്ദ്രയാന്‍ ദൗത്യത്തിലൂടെ ഇന്ത്യ ചാന്ദ്ര ഉപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡിങ്ങ് നടത്തിയ നാലാമത്തെ രാജ്യമായത്. പിന്നാലെയാണ് ഈരംഗത്ത് നേരിട്ടുള്ള വിദേശ നിക്ഷേപം (Foreign Direct Investment (FDI) അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് നിയമത്തില്‍ ഇളവ് വരുത്തിയത്. എഫ്‌ഡിഐ നയ പരിഷ്‌കരണം രാജ്യത്ത് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കുമെന്നാണ് പ്രതീക്ഷ.ബഹിരാകാശ മേഖലയുമായി ബന്ധപ്പെട്ട ഉപകരണങ്ങളും യന്ത്രഭാഗങ്ങളും നിര്‍മ്മിക്കുന്ന വ്യവസായങ്ങള്‍ രാജ്യത്ത് വളരും.ഇത്തരം നിര്‍മാണ കമ്പനികളിലേക്ക് കൂടുതല്‍ നിക്ഷേപവുമെത്തുമെന്ന് സര്‍ക്കാര്‍ പ്രസ്‌താവനയില്‍ പറയുന്നു.

രാജ്യത്ത് നിന്ന് മാത്രമല്ല, അന്താരാഷ്‌ട്ര നിക്ഷേപകരില്‍ നിന്നും കൂടുതല്‍ ഫണ്ടുകള്‍ രാജ്യത്തെത്തുമെന്ന് ഇന്ത്യൻ സ്പേസ് അസോസിയേഷൻ ഡയറക്‌ടർ ജനറൽ എകെ ഭട്ട് പറഞ്ഞു. ഇന്ത്യയില്‍ ബഹിരാകാശ രംഗത്ത് വന്‍ കുതിപ്പാണ് അടുത്തിടെ ഉണ്ടായിട്ടുള്ളത്.ഉപഗ്രഹ വിക്ഷേപണം സ്വകാര്യവല്‍ക്കരിക്കാനുള്ള തീരുമാനം നേരത്തേ ഇന്ത്യ കൈക്കൊണ്ടിരുന്നു.ഇതേത്തുടര്‍ന്ന് ആഗോള തലത്തില്‍ത്തന്നെ നടക്കുന്ന ഉപഗ്രഹ വിക്ഷേപണങ്ങളുടെ വലിയൊരു പങ്കും ഇന്ത്യയില്‍ നിന്നാക്കി മാറ്റാനാകുമെന്നാണ് കണക്കു കൂട്ടല്‍. ലോകത്തെ സ്പേസ് വിപണിയുടെ കേവലം രണ്ട് ശതമാനം മാത്രമാണ് നിലവില്‍ ഇന്ത്യയ്ക്ക് സ്വന്തമായുള്ളത്.2032 ഓടെ 47.3 ബില്യണ്‍ ഡോളര്‍ സ്വകാര്യ ഉപഗ്രഹ വിക്ഷേപണങ്ങളിലൂടെ സ്വായത്തമാക്കാന്‍ ഇന്ത്യക്ക് കഴിയുമെന്നാണ് പ്രതീക്ഷ. ആഗോള വിക്ഷേപണ വിപണി വിഹിതത്തില്‍ അഞ്ചിരട്ടി വര്‍ധനവുണ്ടാക്കാനാണ് രാജ്യം ലക്ഷ്യമിട്ടിട്ടുള്ളത്.

അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ 100 ബില്യണ്‍ ഡോളര്‍ എഫ്‌ഡിഐയാണ് രാജ്യം ഉറ്റുനോക്കുന്നതെന്ന് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്‌ണവ് കഴിഞ്ഞ ദിവസം പറഞ്ഞു. 2023ന്‍റെ ആദ്യ പകുതിയില്‍ 33 ബില്യണ്‍ ഡോളറിന്‍റെ വിദേശ നിക്ഷേപം ഇന്ത്യയിലുണ്ടായെന്നും മന്ത്രി വ്യക്തമാക്കി.

എഫ്‌ഡിഐ ആവശ്യപ്പെട്ട് ഐഎസ്‌പിഎ: ബഹിരാകാശ ഗവേഷണ രംഗത്തെ വളര്‍ച്ചയ്‌ക്കായി വിദേശ നിക്ഷേപം അനിവാര്യമാണെന്ന് നേരത്തെ ഇന്ത്യന്‍ സ്പേസ് അസോസിയേഷന്‍ (Indian Space Association) നേരത്തെ ആവശ്യപ്പെട്ടിരുന്നു. ബഹിരാകാശ പര്യവേക്ഷണത്തിന് ഉപയോഗിക്കുന്ന ഉപഗ്രഹങ്ങള്‍, വിക്ഷേപണ വാഹനങ്ങള്‍, ഗ്രൗണ്ട്‌ എക്യുപ്‌മെന്‍റ് നിര്‍മാണം എന്നിവയ്‌ക്ക് ജിഎസ്‌ടി ഇളവ്, വിദേശ വാണിജ്യ വായ്‌പകള്‍ക്കുള്ള കുറഞ്ഞ നികുതിയും വേണമെന്നും ഐഎസ്‌പിഎ ആവശ്യപ്പെട്ടിരുന്നു.

ABOUT THE AUTHOR

...view details