ശ്രീനഗർ: 2024 ൽ ജമ്മു കശ്‌മീരിലെ മികച്ച സുരക്ഷ വർധിപ്പിക്കുന്നതിലും കുറ്റകൃത്യങ്ങൾ നിയന്ത്രിക്കുന്നതിലും വലിയ പുരോഗതി കൈവരിച്ചതായി ജമ്മു കശ്‌മീർ പൊലീസ് പറഞ്ഞു. 14 ഭീകരവാദികളെ കൊല്ലുകയും 13 തീവ്രവാദ മൊഡ്യൂളുകൾ തകർക്കുകയും ചെയ്‌തു. സുരക്ഷയിലും കുറ്റകൃത്യ നിയന്ത്രണത്തിലും തങ്ങൾ പുരോഗതി കൈവരിച്ചതായും പൊലീസ് അറിയിച്ചു.
രജൗരി (1), പൂഞ്ച് (2), ഉധംപൂർ (3), റിയാസി (1), ദോഡ (4), കത്വ (2) എന്നിവിടങ്ങളിലുൾപ്പെടെ പതിമൂന്ന് തീവ്രവാദ മൊഡ്യൂളുകളും പൊലീസ് തകർത്തിരുന്നു. പ്രദേശത്തെ ഭീകരവാദ പ്രവർത്തനങ്ങൾ ഇല്ലാതാക്കിയതോടെ മേഖലയിലെ സമാധാനവും സുസ്ഥിരതയും തകർക്കാൻ ശ്രമിക്കുന്നവർക്ക് പ്രഹരമേൽപ്പിച്ചതായി പൊലീസ് പത്രക്കുറിപ്പിൽ പറഞ്ഞു.
ഈ വർഷം, 476 എൻഡിപിഎസ് (Narcotics Drugs & Psychotropic Substances) കേസുകൾ രജിസ്‌റ്റർ ചെയ്‌തതായും പൊലീസ് അറിയിച്ചു. ഏപ്രിലിൽ നൗഷേര സെക്‌ടറിലെ എൽഒസി ഏരിയയിൽ നിന്ന് 9 കിലോ 990 ഗ്രാം ഹെറോയിനും ഓഗസ്‌റ്റിൽ ജമ്മു ബസ് സ്‌റ്റാൻഡ് പരിസരത്ത് നിന്ന് 33 കിലോ 58 ഗ്രാമും പിടിച്ചെടുത്തിരുന്നു. ഈ കേസുകളിൽ ഒന്നിലധികം ആളുകളെ അറസ്‌റ്റ് ചെയ്‌തതായി പൊലീസ് അറിയിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
2023 നെ അപേക്ഷിച്ച് 2024 ൽ പൊതുകുറ്റകൃത്യങ്ങൾ കുറവായിരുന്നെന്നും ജെകെ പൊലീസ് പറഞ്ഞു. 2023 ൽ 15,774 ക്രിമിനൽ കേസുകൾ രജിസ്‌റ്റർ ചെയ്‌തിരുന്നു. 2024 ൽ അത് 13,163 ആയി കുറഞ്ഞു. ക്രിമിനൽ കേസുകളുടെ രജിസ്ട്രേഷനിൽ ജമ്മുവിൽ കാര്യമായ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. മേഖലയിലുടനീളമുള്ള ക്രമസമാധാനപാലനത്തിലും പൊതു സുരക്ഷ ഉറപ്പാക്കുന്നതിലും പൊലീസ് ഉദ്യോഗസ്ഥരുടെ അശ്രാന്ത പരിശ്രമമാണ് ഇതിന് കാരണമെന്നും പൊലീസ് പ്രസ്‌താവനയിൽ കൂട്ടിച്ചേർത്തു.
അതേസമയം മോട്ടോർ വാഹന മോഷണം ഒഴികെയുള്ള വസ്‌തു മോഷണക്കേസുകളും കുറഞ്ഞു. 2023 ൽ 1,321 കേസുകളാണ് വസ്‌തു മോഷണത്തിൽ രജിസ്‌റ്റർ ചെയ്‌തിരുന്നത്. എന്നാൽ അതുമായി താരതമ്യം ചെയ്യുമ്പോൾ 2024 ൽ 944 കേസുകൾ മാത്രമേ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളു. അതേസമയം മോട്ടോർ വാഹന മോഷണ കേസുകൾ 653 ൽ നിന്ന് 507 ആയി കുറഞ്ഞു. വാഹന മോഷണങ്ങളുടെ റിക്കവറി നിരക്ക് 47.48 ശതമാനമാണ്, 2023-ൽ ഇത് 47.38 ശതമാനമായിരുന്നു.
മയക്കുമരുന്ന് ദുരുപയോഗത്തെ നേരിടാൻ ആരംഭിച്ച പ്രധാന സംരംഭങ്ങളിലൊന്നാണ് ജമ്മുവിലെ ഡ്രഗ് ഡി-അഡിക്ഷൻ സെൻ്ററെന്നും പൊലീസ് ചൂണ്ടിക്കാട്ടി. ആധുനിക സൗകര്യങ്ങൾ, മെഡിക്കൽ പ്രൊഫഷണലുകൾ, മനഃശാസ്ത്രജ്ഞർ, കൗൺസിലർമാർ എന്നിവരടങ്ങുന്ന ജീവനക്കാരാണ് രോഗികളെ പരിപാലിക്കുന്നതും അവർക്ക് കൗൺസിലിങ് നൽകുന്നതെന്നും പൊലീസ് അറിയിച്ചു.