ന്യൂഡൽഹി:ഇന്ത്യൻ പൗരന്മാരുടെ ആധാർ, പാൻ കാർഡ് അടക്കമുള്ള വ്യക്തിഗത വിവരങ്ങൾ പ്രദർശിപ്പിച്ച വെബ്‌സൈറ്റുകളെ തടഞ്ഞ് കേന്ദ്രം. ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം കണ്ടെത്തിയ സുരക്ഷ ലംഘനങ്ങൾക്ക് പിന്നാലെയാണ് തീരുമാനം. രാജ്യത്തെ പൗരന്മാരുടെ സ്വകാര്യത സംരക്ഷിക്കുന്നതിനാണ് നടപടിയെന്ന് ഇൻഫോർമേഷൻ ആന്‍റ് ടെക്‌നോളജി മന്ത്രാലയം വ്യക്തമാക്കി.
ഇന്ത്യൻ പൗരന്മാരുടെ ആധാർ കാർഡ്, പാൻ കാർഡ് എന്നിവയടക്കമുള്ള വ്യക്തിഗത വിവരങ്ങളിലേക്ക് ചില വെബ്‌സൈറ്റുകൾ അനധികൃത ആക്‌സസ് അനുവദിച്ചതായാണ് പരിശോധനയിൽ കണ്ടെത്തിയത്. ഇത് വലിയ സുരക്ഷാ വീഴ്‌ചയാണെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടി. ബ്ലോക്ക് ചെയ്‌ത വെബ്‌സൈറ്റുകളുടെ പേരുകൾ സർക്കാർ വെളിപ്പെടുത്തിയിട്ടില്ല. ഇത്തരം വെബ്‌സൈറ്റുകൾ ആധാർ ചട്ടം ലംഘിക്കുന്നതായി ചൂണ്ടിക്കാട്ടി യുണീക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
2016ലെ ആധാർ ആക്‌ടിലെ സെക്ഷൻ 29(4) പ്രകാരം, ആധാർ വിവരങ്ങൾ പരസ്യമായി പ്രദർശിപ്പിക്കുന്നത് വഴി വെബ്‌സൈറ്റുകൾ നിയംലംഘനമാണ് നടത്തിയിരിക്കുന്നത്. ഈ നിയമപ്രകാരമാണ് യുഐഡിഎഐ പരാതി നൽകിയത്. 2011ലെ ഐടി നിയമ പ്രകാരം, വ്യക്തിഗത വിവരങ്ങൾ അനുമതിയില്ലാതെ പ്രദർശിപ്പിക്കുന്നത് കുറ്റകരമാണ്. ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം (സിഇആർടി-ഇൻ) നടത്തിയ അന്വേഷണത്തിൽ ഇത്തരം വെബ്‌സൈറ്റുകളുടെ പ്രവർത്തനത്തിൽ സുരക്ഷാ വീഴ്‌ചയുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. സുരക്ഷാ വീഴ്‌ചകൾ പരിഹരിക്കുന്നതിനുള്ള നിർദേശങ്ങൾ ഇവർ മുന്നോട്ടുവെച്ചിട്ടുണ്ട്.