ഹൈദരാബാദ്: ആകാശ കാഴ്‌ച്ചകൾ എന്നും നമ്മളിൽ കൗതുകമുണർത്താറില്ലേ... അത്തരത്തിൽ ഒരു വിസ്‌മയത്തിന് വേദിയാവാനിരിക്കുകയാണ് ആകാശം. രാത്രിയുടെ മനോഹാരിത കൂട്ടാൻ ആകാശത്ത് പരേഡിനൊരുങ്ങുകയാണ് സൗരയൂഥത്തിലെ ഗ്രഹങ്ങൾ. നാസ പറയുന്നതനുസരിച്ച്, ആകാശത്ത് ശുക്രൻ, വ്യാഴം, ശനി, ചൊവ്വ എന്നീ ഗ്രഹങ്ങളെ നിങ്ങൾക്ക് നഗ്നനേത്രങ്ങൾ കൊണ്ട് കാണാനാകും. ജനുവരി 21 (ചൊവ്വ), 25 (ശനി) എന്നീ ദിവസങ്ങളിലാവും ദൃശ്യമാവുക. പ്ലാനറ്റ് പരേഡ് എന്നാണ് ഈ അപൂർവ്വ പ്രതിഭാസത്തെ വിളിക്കുക.
സൂര്യാസ്‌തമയത്തിന് തൊട്ടുപിന്നാലെയായിരിക്കും ഇത് ദൃശ്യമാകുക. നിരയായാണ് ചന്ദ്രൻ, ശുക്രൻ, വ്യാഴം, ശനി, ചൊവ്വ എന്നീ നാല് ഗ്രഹങ്ങളെ കാണാൻ സാധിക്കുക. അതിനാലാണ് പ്ലാനറ്റ് പരേഡ് എന്ന പേര് വന്നത്. പ്ലാനറ്റ് പരേഡ് പ്രതിഭാസം നടക്കുന്ന ദിവസങ്ങളിൽ ശുക്രനും ശനിയും രണ്ട് ഡിഗ്രി വരെ അടുത്തെത്തും. ജ്യോതിശാസ്ത്രജ്ഞർക്കും നക്ഷത്ര നിരീക്ഷകർക്കും ലഭിക്കുന്ന അപൂർവ അവസരമാണിത്.
എപ്പോൾ ദൃശ്യമാകും?
ജനുവരി 21, 25 ദിവസങ്ങളിൽ സൂര്യാസ്‌തമയത്തിന് ശേഷം ഏകദേശം 45 മിനിറ്റ് കഴിഞ്ഞാണ് ശുക്രൻ, വ്യാഴം, ശനി, ചൊവ്വ എന്നീ ഗ്രഹങ്ങൾ ഒരേ നിരയിൽ വരുക. ശുക്രനും ശനിയും തെക്ക് പടിഞ്ഞാറ് ഭാഗത്താണ് പ്രകാശിക്കുക. അതേസമയം വ്യാഴം തെക്കുകിഴക്കൻ ആകാശത്തും ചൊവ്വ കിഴക്ക് ഭാഗത്തും ആയിരിക്കും ദൃശ്യമാകുക. സൂര്യാസ്‌തമയത്തിന് ശേഷം രാത്രി 8.30 വരെയാണ് വ്യക്തമായി ഗ്രഹങ്ങളെ കാണാനാകുന്ന സമയം. ഇരുട്ടുള്ള സ്ഥലത്ത് നിന്നും നോക്കിയാൽ ഗ്രഹങ്ങൾ കൂടുതൽ വ്യക്തമായി കാണാനാകും.
എന്താണ് പ്ലാനറ്ററി പരേഡ്?
സൂര്യന് ചുറ്റും ഭ്രമണം ചെയ്യുന്ന ഗ്രഹങ്ങൾ സൂര്യന്‍റെ ഒരേ വശത്ത് എത്തുന്നതാണ് പ്ലാനറ്ററി പരേഡ്. ഇത്തരത്തിൽ ഒരേ വശത്ത് എത്തുമ്പോൾ ഭൂമിയിൽ നിന്ന് നോക്കിയാൽ ഈ ഗ്രഹങ്ങൾ നേർരേഖയിൽ കടന്നുപോവുന്നതായാണ് തോന്നുക. ഇങ്ങനെ നേർരേഖയിൽ പരേഡ് പോലെ നിൽക്കുന്നതിനാലാണ് ഈ പ്രതിഭാസത്തെ പ്ലാനറ്ററി പരേഡ് എന്ന് വിളിക്കുന്നത്.
കഴിഞ്ഞ ജനുവരി 18ന് ശുക്രനും ശനിയും ദൃശ്യമായിരുന്നു. രാത്രിയിൽ ആകാശത്ത് ചന്ദ്രൻ കഴിഞ്ഞാൽ ഏറ്റവും തിളക്കമുള്ള രണ്ടാമത്തെ വസ്‌തു ശുക്രനാണ്. ഇത് ശനിയേക്കാൾ 110 മടങ്ങ് കൂടുതലാണ്. ഈ നാല് ഗ്രഹങ്ങൾക്ക് പുറമെ യുറാനസും നെപ്‌റ്റ്യൂണും ഉണ്ടാകുമെങ്കിലും ഇവയെ നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ സാധിക്കില്ല. അതേസമയം ബൈനോക്കുലറോ ടെലിസ്കോപ്പോ ഉപയോഗിച്ചാൽ കാണാനാകും.
Also Read:
- ഏഴ് മാസത്തിനിടെ ആദ്യമായി പുറത്തിറങ്ങി: സുനിത വില്യംസിന് ഇത് എട്ടാമത്തെ ബഹിരാകാശ നടത്തം
- പരീക്ഷണത്തിനിടെ സ്റ്റാർഷിപ്പ് പൊട്ടിത്തെറിച്ചു: ചിന്നിച്ചിതറി റോക്കറ്റിന്‍റെ മുകൾ ഭാഗങ്ങൾ, ഞെട്ടിക്കുന്ന ദ്യശ്യം
- 'കുംഭമേള' എന്ന് ഗൂഗിളിൽ തിരയൂ... കാണാം പുഷ്‌പവൃഷ്‌ടി: സ്‌പെഷ്യൽ ആനിമേഷനുമായി ഗൂഗിൾ
- സാംസങ് ഗാലക്‌സി എസ് 25 സീരീസ് വിപണിയിലെത്താൻ ഇനി മണിക്കൂറുകൾ മാത്രം: പ്രതീക്ഷിക്കാവുന്ന വിലയും സവിശേഷതകളും
- ആക്‌ടിവയെ വെല്ലാൻ പുതിയ സുസുക്കി ആക്‌സസ് 125: വില 81,700 രൂപ