ബെംഗളുരു:ഗഗൻയാൻ ദൗത്യത്തിൽ പ്രാണികളേയും ബഹിരാകാശത്തേക്ക് അയക്കാനൊരുങ്ങി ഐഎസ്ആർഒ. 'ഡ്രോസോഫില മെലനോഗാസ്റ്റർ' എന്ന് ശാസ്‌ത്രീയ നാമമുള്ള കായീച്ച (ഫ്രൂട്ട് ഫ്ലൈ)കളെയാണ് അടുത്ത വർഷം വിക്ഷേപിക്കാനിരിക്കുന്ന ഗഗൻയാൻ ദൗത്യത്തിൽ ബഹിരാകാശത്തേക്ക് അയക്കാൻ തെരഞ്ഞെടുത്തിരിക്കുന്നത്. കർണാടകയിലെ ധാർവാഡ് കാർഷിക സർവകലാശാലയിൽ നിന്നുള്ള കായീച്ചകളെ ആയിരിക്കും ഇതിനായി തെരഞ്ഞെടുക്കുക. ബഹിരാകാശ സഞ്ചാരികളിൽ ഉണ്ടാകുന്ന വ്യക്കയിലെ കല്ല് അടക്കമുള്ള ആരോഗ്യ പ്രശ്‌നങ്ങളെ കുറിച്ച് പഠനം നടത്തുന്നതിനായാണ് കായീച്ചകളെ അയക്കുന്നത്.
മിക്ക ബഹിരാകാശ സഞ്ചാരികൾക്കിടയിലും ഉണ്ടാകുന്ന ആരോഗ്യപ്രശ്‌നമാണ് വൃക്കയിലെ കല്ല്. ബഹിരാകാശ ദൗത്യങ്ങളിൽ 30-ലധികം തവണ ബഹിരാകാശ സഞ്ചാരികളിൽ വൃക്കയിൽ കല്ലുകൾ നിരീക്ഷിച്ചതായി നിരവധി റിപ്പോർട്ടുകൾ ഉണ്ട്. അതിനാൽ തന്നെ ബഹിരാകാശയാത്രികരുടെ ആരോഗ്യ സംരക്ഷണത്തിനായി വൃക്കയിലെ കല്ലുകളുടെ രൂപീകരണ പ്രക്രിയ പഠിക്കുകയും നിരീക്ഷിക്കുകയും ചെയ്യേണ്ടതുണ്ട്.
ബഹിരാകാശ സഞ്ചാരികളിൽ വൃക്കയിൽ കല്ലുകൾ രൂപപ്പെടുമ്പോൾ തന്മാത്ര സംവിധാനങ്ങൾ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് മനസിലാക്കുന്നതിനാണ് കായീച്ചകളെ അയക്കുന്നത്. ഈ പരീക്ഷണം നടത്തുന്നത് വഴി ബഹിരാകാശ സഞ്ചാരികളുടെ ആരോഗ്യ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി ന്യൂതന ചികിത്സ രീതി കണ്ടുപിടിക്കാനാകുമെന്ന് ധാർവാഡ് സർവകലാശാല ബയോടെക്നോളജി വിഭാഗത്തിലെ അസിസ്റ്റൻ്റ് പ്രൊഫസർ രവി കുമാർ ഹൊസാമണി പറഞ്ഞു.