ചെന്നൈ:ഇലക്‌ട്രിക് വാഹനങ്ങളുടെ ചാർജർ നിർമാണ കമ്പനിയായ പ്ലഗ്‌സ്‌മാർട്ടും മദ്രാസ് ഐഐടിയും തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഇലക്‌ട്രിക് വാഹന ചാർജറിന് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യ(എആർഎഐ)യുടെ സർട്ടിഫിക്കേഷൻ ലഭിച്ചു. മുൻനിര ഓട്ടോമോട്ടീവ് ടെസ്റ്റിംഗ് ബോഡിയായ എആർഎഐയുടെ സർട്ടിഫിക്കേഷൻ ലഭിച്ചതിനാൽ തന്നെ സുരക്ഷ മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നതായിരിക്കും പുതിയ ഇലക്‌ട്രിക് വെഹിക്കിൾ(ഇ വി) ചാർജർ എന്നതിൽ സംശയമില്ല. ഇന്ത്യയിലെ തദ്ദേശീയ ഇവി ചാർജറുകളുടെ വരവ് ഓട്ടോമൊബൈൽ മേഖലയിലെ ഇന്ത്യയുടെ പുരോഗതിയെ കൂടിയാണ് കാണിക്കുന്നത്.
ഇന്ത്യയിലെ ഇലക്‌ട്രിക് വാഹന ചാർജറിന്‍റെ പ്രവർത്തന, സുരക്ഷ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നതാണ് തദ്ദേശീയമായി വികസിപ്പിച്ച പ്ലഗ്‌സ്‌മാർട്ടിന്‍റെ ഇ വി ചാർജർ. ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം ഇന്ത്യയിൽ വർധിക്കുന്നതിനാൽ തന്നെ കാര്യക്ഷമമായ ഇ വി ചാർജിങ് സംവിധാനത്തിന്‍റെ ആവശ്യകതയും വർധിച്ചുകൊണ്ടിരിക്കുകയാണ്. അതിനാൽ തന്നെ തദ്ദേശീയമായി വികസിപ്പിച്ച ചാർജർ ഇലക്‌ട്രിക് വാഹന മേഖലയിൽ നാഴികകല്ലായിരിക്കും.