ചന്ദ്രനിൽ നിർണായക കണ്ടെത്തലുമായി ചന്ദ്രയാൻ 3 ദൗത്യം. വിക്രം ലാൻഡറിൽ നിന്ന് പുറത്തിറങ്ങിയ പ്രഗ്യാൻ റോവർ ചന്ദ്രനിൽ പുരാതന ഗർത്തം കണ്ടെത്തി. പ്രഗ്യാൻ റോവറിന്‍റെ ലാൻഡിങിന് സമീപമാണ് ഗർത്തം കണ്ടെത്തിയത്. ഗർത്തത്തിന് 160 കിലോമീറ്റർ വീതിയുള്ളതായാണ് പറയുന്നത്. അഹമ്മദാബാദിലെ ഫിസിക്കൽ റിസർച്ച് ലബോറട്ടറിയിലെ ശാസ്‌ത്രജ്ഞർ സയൻസ് ഡയക്‌റ്റിന്‍റെ ഏറ്റവും പുതിയ ലക്കത്തിൽ പ്രസിദ്ധീകരിച്ച കുറിപ്പിലാണ് ഇതിനെ കുറിച്ച് പറയുന്നത്.
ദക്ഷിണധ്രുവ-എയ്‌റ്റ്‌കെൻ ബേസിനിൽ നിന്ന് ഏകദേശം 350 മീറ്റർ അകലെയായാണ് ഗർത്തം സ്ഥിതിചെയ്യുന്നത്. ചന്ദ്രന്‍റെ ഭൂമിശാസ്‌ത്രപരമായ ചരിത്രത്തെകുറിച്ചുള്ള സൂചനകൾ നൽകുന്നതിൽ പുതിയ കണ്ടെത്തൽ നിർണായകമാണ്. പ്രഗ്യാൻ റോവർ ഉയർന്ന ഭൂപ്രദേശത്തിലൂടെ സഞ്ചരിച്ചപ്പോഴാണ് പുരാതന ഗർത്തം കണ്ടെത്തിയത്. പുരാതന ഗർത്തമായതിനാൽ തന്നെ ഇവിടെ നിന്നും ശേഖരിക്കുന്ന വിവരങ്ങൾ ചന്ദ്രന്‍റെ മുൻചരിത്രത്തെ കുറിച്ചും, എങ്ങനെ രൂപീകരിക്കപ്പെട്ടുവെന്നും മനസിലാക്കുന്നതിന് സഹായിക്കും.
2023 ജൂലൈ 14നാണ് ഇന്ത്യയുടെ അഭിമാനകരമായ ചന്ദ്രയാൻ 3 ദൗത്യം വിക്ഷേപിക്കുന്നത്. ദൗത്യം ചന്ദ്രോപരിതലത്തിൽ സോഫ്‌റ്റ്ലാൻഡിങ് നടത്തിയത് ഇന്ത്യക്ക് അഭിമാനകരമായ നേട്ടമായിരുന്നു. 2023 ആഗസ്റ്റ് 23നാണ് വിക്രം ലാൻഡർ ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തിന് സമീപം സോഫ്‌റ്റ് ലാൻഡിങ് നടത്തിയത്.