ഡീപ്ഫേക്ക് സാങ്കേതിക വിദ്യക്ക് 2017-ഓടെയാണ് സ്വീകാര്യത വര്‍ദ്ധിക്കുന്നത്. ഒരു റെഡ്ഡിറ്റ് ഉപയോക്താവായിരുന്നു ഇതിന് പിന്നില്‍. ഡീപ്‌ഫേക്കിന്‍റെ കടന്നു വരവോടെ വ്യാജ ദൃശ്യങ്ങളും ശബ്‌ദങ്ങളും സൃഷ്‌ടിക്കുക കൂടുതല്‍ എളുപ്പമായി. ഇത് വിവരങ്ങളുടെ ആധികാരികതയെയും വ്യക്തി സ്വകാര്യതയെയും ജനാധിപത്യ പ്രക്രിയയെയും ആഗോളതലത്തില്‍ ബാധിച്ചു.
ഡീപ്‌ഫേക്ക് ദുരുപയോഗവും ജനാധിപത്യത്തിലെ സ്വാധീനവും
ഡീപ്‌ഫേക്ക് സാങ്കേതികത പ്രധാനമായും രണ്ട് തരത്തിലാണ് ഉപയോഗിക്കുന്നത്. ഡീപ് ഫെയ്‌സുകളിലും ഡീപ് ശബ്‌ദങ്ങളിലും. ഡീപ് ഫെയ്‌സസ് ഉപയോഗിച്ച് ദൃശ്യങ്ങളിലെ യഥാര്‍ത്ഥ മുഖത്തോട് സാമ്യമുള്ള വ്യാജമുഖങ്ങള്‍ സൃഷ്‌ടിക്കാന്‍ കഴിയും. ഡീപ്പ് വോയ്‌സ് ഉപയോഗിച്ച് വ്യാജമായി ശബ്‌ദം സൃഷ്‌ടിക്കാനും സാധിക്കും. ഒരാള്‍ക്ക് പകരം അതേ ആളെന്ന് തോന്നും വിധം സാങ്കേതികതയിലൂടെ വ്യാജ പതിപ്പുകള്‍ സൃഷ്‌ടിക്കാനാകുന്നു എന്നതാണ് ഡീപ്‌ഫേക്കിന്‍റെ ഉപയോഗം. മാധ്യമ മേഖലയിലാണ് ഈ സാങ്കേതികതയ്ക്ക് ഏറ്റവും കൂടുതല്‍ സാധ്യതകളുള്ളത്. യഥാര്‍ത്ഥ ഉത്പന്നങ്ങള്‍ ഇല്ലാതെ തന്നെ അവയെ സൃഷ്‌ടിച്ചെടുക്കാന്‍ സാധിക്കുമെന്നത് തന്നെയാണ് ഇതിന്‍റെ സാധ്യത. ടെയ്‌ലര്‍ സ്വിഫ്റ്റ്, സെലേന ഗോമസ്, എലോണ്‍ മസ്‌ക്, ജോ റോഗന്‍, ആല്‍ബെയ്റ്റ് തുടങ്ങിയവരൊക്കെയും നേരിട്ടുള്ള പങ്കാളിത്തം ഇല്ലാതെ തങ്ങളെ ഡീപ്‌ഫേക്കിലൂടെ അവതരിപ്പിച്ച് മാര്‍ക്കറ്റിങ്ങില്‍ വിജയിച്ചവരാണ്.
സിനിമ-ടെലിവിഷന്‍ മേഖലകളില്‍ വര്‍ഷങ്ങളായി ഇതേ സാങ്കേതികത ഉപയോഗിച്ച് വരുന്നുണ്ട്. പ്രത്യേകിച്ച് മരിച്ച് പോയ താരങ്ങളെ വീണ്ടും തിരശ്ശീലയിലേക്ക് കൊണ്ടുവരാന്‍. ഫാസ്‌റ്റ് ആന്‍ഡ് ഫ്യൂരിയസ്-7 ല്‍ ബ്രിയാനെ പുനരവതരിപ്പിച്ചതും ലെയയെ റോഗ് വണ്ണില്‍ കൊണ്ടുവന്നതുമെല്ലാം ഈ സങ്കേതിക വിദ്യ ഉപയോഗിച്ചിരുന്നു. നിലവിലുള്ള മുഖങ്ങള്‍ പുനഃസൃഷ്‌ടിക്കുക മാത്രമല്ല ഡീപ്‌ഫേക്ക് ചെയ്യുന്നത് എന്നതാണ് മറ്റൊരു പ്രത്യേകത. ഭൂമിയില്‍ ഇന്ന് വരെ ജനിച്ചിട്ടില്ലാത്ത മുഖങ്ങള്‍ യാതൊരു പോരായ്‌മയും കൂടാതെ സൃഷ്‌ടിച്ചെടുക്കാനും ഡീപ്‌ഫേക്കുകള്‍ക്കാകും. എഐയുടെ ഡീപ് ലേണിങ്ങിന്‍റെ മികവിലൂടെയാണ് ഇത് സാധ്യമാകുന്നത്. മനുഷ്യന്‍റെ സവിശേഷതകളെക്കുറിച്ച് വിശദമായ പഠനത്തിന് മെഷീനുകളെ അനുവദിക്കുന്ന സാങ്കേതിക വിദ്യയാണിത്. ഇതുവഴി ഫിക്ഷനും യാഥാർത്ഥ്യവും തമ്മിലുള്ള അകലം നേര്‍ത്തു തുടങ്ങുന്നു എന്ന് പറയാം.
മാർക്കറ്റിങ്ങിലും സർഗാത്മകതയിലും അനന്ത സാധ്യതകള്‍ മുന്നോട്ട് വെക്കുന്നുണ്ടെങ്കിലും ഡീപ്ഫേക്ക് സാങ്കേതികവിദ്യയുടെ പ്രയോഗം ചില ധാർമ്മിക പ്രതിസന്ധികൾ കൂടെ ഉയർത്തുന്നുണ്ട്. ആളുകളെ കബളിപ്പിക്കാനും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാനും അതുവഴി മാധ്യമങ്ങളുടെ വിശ്വാസ്യത ദുർബലപ്പെടുത്താനുമുള്ള ഡീപ്‌ഫേക്കിന്‍റെ കഴിവാണ് ആദ്യ ആശങ്ക. ടെയ്‌ലർ സ്വിഫ്റ്റ്, സെലീന ഗോമസ്, എലോൺ മസ്‌ക്, ജോ റോഗൻ തുടങ്ങിയ സെലിബ്രിറ്റികൾ ഡീപ്‌ഫേക്കിലൂടെ വിപണന ക്യാമ്പെയ്‌നുകള്‍ നടത്തുമ്പോള്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിലുള്ള ഉത്തരവാദിത്തം കൂടെ അവ വെളിവാകുന്നുണ്ട്.
മാർച്ച് 27 ന് റഷ്യൻ അനുകൂല സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഉക്രേനിയൻ പട്ടാളക്കാർക്കെതിരെ നിര്‍മിച്ച വ്യാജ വീഡിയോ പ്രചരിപ്പിച്ചത്, ഇന്ത്യൻ സിനിമാ നടിമാരായ രശ്‌മിക മന്ദാന, കത്രീന കൈഫ്, കാജോൾ, ആലിയ ഭട്ട് എന്നിവരുടെ ഡീപ്ഫേക്ക് വീഡിയോകൾ വ്യാപകമായി പ്രചരിച്ചത് എന്നിവയെല്ലാം ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിന്‍റെ അപകട സാധ്യതയെക്കുറിച്ചുള്ള ആശങ്ക ഉയർത്തിയിട്ടുണ്ട്.
2022 മാർച്ചിൽ ഉക്രേനിയൻ പ്രസിഡന്‍റ് വ്ലാഡിമിർ സെലെൻസ്‌കി കീഴടങ്ങാന്‍ സന്നദ്ധത അറിയിച്ചു എന്ന തരത്തില്‍ തെറ്റിദ്ധരിപ്പിക്കുന്ന ഒരു ഡീപ്ഫേക്ക് വീഡിയോ പ്രചരിച്ചിരുന്നു. രാഷ്‌ട്രീയ രംഗത്തെ തെറ്റായ പ്രവണതകള്‍ക്ക് ഡീപ്ഫേക്ക് ഉപയോഗിക്കുന്നതിന് ഉത്തമ ഉദാഹരണമാണിത്.
കണ്ടുപിടുത്തങ്ങളും അതില്‍ ചേരുന്ന കൃത്രിമത്വവും തമ്മിലുള്ള രേഖ വളരെ നേർത്തതാണ്. അത് മൂലം സമൂഹത്തിൽ ഉണ്ടാകാനിടയുള്ള പ്രത്യാഘാതങ്ങൾ, മാധ്യമങ്ങളുടെ വിശ്വാസ്യത വ്യക്തിഗത വിവരങ്ങളുടെ സുരക്ഷിതത്വം എന്നിവ ശ്രദ്ധാപൂർവ്വം പരിഗണിക്കേണ്ടതുണ്ട്.
മാർക്കറ്റിങ്ങ് രംഗത്തെ ഡീപ്ഫേക്ക് സാങ്കേതികവിദ്യയുടെ ആവിർഭാവം ഉത്തരവാദിത്തപരമായ ഉപയോഗത്തിനുള്ള മാർഗനിർദ്ദേശങ്ങളും നിയന്ത്രണങ്ങളും വികസിപ്പിക്കേണ്ടതിന്‍റെ ആവശ്യകത എടുത്തു കാണിക്കുന്നുണ്ട്. എഐയുടെ പുരോഗതി ഡിജിറ്റൽ ഉള്ളടക്കത്തിന്‍റെ ആധികാരികതയും തകർക്കുന്നതിന് പകരം അത് മെച്ചപ്പെടുത്താനാണ് സഹായിക്കുന്നത് എന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്.
സൊമാറ്റോ, മൊണ്ടേൽസ്, ഐടിസി, തുടങ്ങിയ ബ്രാൻഡുകള്‍ ഡീപ്‌ഫേക്ക് സാങ്കേതിക വിദ്യ ഉപയോഗിച്ച് തങ്ങളുടെ പരസ്യ തന്ത്രങ്ങളിൽ കാര്യമായ മാറ്റം വരുത്തിയിട്ടുണ്ട്. പരസ്യങ്ങളിലെ ഈ മാറ്റം സർഗാത്മകതയുടെയും സാങ്കേതിക വിദ്യയുടെയും സമന്വയം കാണിക്കുന്നതാണ്. കൂടാതെ, കൂടുതല്‍ ആകർഷകമായ പരസ്യങ്ങൾ സൃഷ്‌ടിക്കാനുള്ള പുതിയ വഴികളും ഇവ തുറക്കുന്നുണ്ട്.
മൊണ്ടേൽസ്, കാൻ ലയൺസ് ഫെസ്റ്റിവൽ ഓഫ് ക്രിയേറ്റിവിറ്റിയില്‍ ശ്രദ്ധേയമായ അംഗീകാരങ്ങള്‍ നേടി. ഇന്ത്യയിലെ ആദ്യത്തെ ടൈറ്റാനിയം ലയൺ അവാര്‍ഡ് ഉൾപ്പെടെ ഒന്നിലധികം അവാർഡുകളാണ് മൊണ്ടേൽസ് നേടിയത്. എഐ ഉപയോഗിച്ച് ഷാരൂഖ് ഖാനെ വെച്ച് നിര്‍മിച്ച കാഡ്‌ബറി പരസ്യത്തിനും അംഗീകാരം ലഭിച്ചിരുന്നു. കാഡ്‌ബെറിയുടെ കാമ്പെയ്‌നിൽ, എഐ ഉപയോഗിച്ച് ഷാരൂഖ് ഖാന്‍റെ മുഖവും ശബ്‌ദവും ഡീപ്‌ഫേക്ക് ചെയ്‌ത് പ്രാദേശിക സ്റ്റോറുകളെ പ്രത്യേകമായി പ്രമോട്ട് ചെയ്യുകയായിരുന്നു.
സമാനമായി, ഹൃത്വിക് റോഷനെ വെച്ച് ഒരു പരസ്യം നിര്‍മിക്കാൻ സൊമാറ്റോ ഡീപ്ഫേക്ക് സാങ്കേതികവിദ്യയാണ് ഉപയോഗിച്ചത്. പരസ്യത്തിൽ, വിവിധ നഗരങ്ങളിലെ അറിയപ്പെടുന്ന റെസ്റ്റോറന്‍റുകളിൽ നിന്ന് പ്രത്യേക വിഭവങ്ങൾക്കായി റോഷൻ ആഗ്രഹം പ്രകടിപ്പിക്കുന്നതായി കാണിക്കുന്നു. കാഴ്‌ചക്കാരുടെ ഫോൺ ജിപിഎസ് ഉപയോഗിച്ച് സമീപത്തുള്ള മികച്ച വിഭവങ്ങള്‍ റെസ്റ്റോറന്‍റുകളും തിരയാന്‍ കാഴ്ച്ചക്കാരെ ഈ കാമ്പെയ്ൻ പ്രേരിപ്പിച്ചു.