എറണാകുളം: സംസ്ഥാന സ്‌കൂൾ കലോത്സവ വേദിയിൽ രണ്ട് എ ഗ്രേഡും ജന്മദിന ആഘോഷ സന്തോഷവുമായി അസിൻ പിഎസ്. കലോത്സവ നഗരിയിലെ ഇടിവി ഭാരത് പവലിയനിൽ വെച്ച് കേക്ക് മുറിച്ചായിരുന്നു ഈ കലാ പ്രതിഭയുടെ ജന്മദിനാഘോഷം. സംസ്ഥാന സ്‌കൂൾ കലോത്സവ വേദി തന്നെ ജന്മദിനാഘോഷ വേദിയായതിൻ്റെ ആവേശത്തിലും അടക്കാനാകാത്ത സന്തോഷത്തിലുമായിരുന്നു തൃശൂർ ജില്ലയിലെ വില്ലട ജിഎച്ച്എസ്എസിലെ പന്ത്രണ്ടാം തരം വിദ്യാർഥിനി അസിൻ പിഎസ്.
യാദൃശ്ചികമായി കലോത്സവും ജന്മദിനവും ഒരുമിച്ച് വന്നതോടെ അസിൻ്റെ അവസാന സംസ്ഥാന കലോത്സവം അവിസ്‌മരണീയമായി മാറി. ഇത്രയും സന്തോഷം നിറഞ്ഞ ജന്മദിനം ജീവിതത്തിൽ ആദ്യമായാണെന്ന് അസിൻ ഇടിവി ഭാരതിനോട് പറഞ്ഞു. അക്ഷരാർഥത്തിൽ ജന്മദിനാഘോഷം കളറായത് അസിൻ മത്സരിച്ച ഭരതനാട്യത്തിലും കുച്ചിപ്പുടിയിലും എ ഗ്രേഡ് നേടാനായതിനാലാണ്. ഭരതനാട്യ മത്സരം ഇന്നലെയായിരുന്നു അരങ്ങേറിയത്. കുച്ചിപ്പുടി മത്സരം പൂർത്തിയാക്കി എ ഗ്രേഡ് ലഭിച്ചതോടെയാണ് കുടുംബത്തിനും, പരിശീലകനായ ഡോ. സജേഷിനുമൊപ്പം അസിൻ ഇടിവി പവലിനിയത്തിലെത്തിയത്.
നിറഞ്ഞ സന്തോഷത്തോടെ കേക്ക് മുറിച്ച് പരിശീലകനായ ഡോ. സജേഷിന് നൽകിയായിരുന്നു ജന്മദിനമാഘോഷിച്ചത്. ഇതാകട്ടെ ഏറ്റവും സന്തോഷം നിറഞ്ഞ ഗുരുദക്ഷിണ കൂടിയായി മാറി. കലോത്സവ നഗരിയിലെത്തിയെ നിരവധി പേരാണ് അസിൻ്റെ വേറിട്ട ജന്മദിനാഘോഷത്തിൽ പങ്കാളിയായത്. ഒരു കലാപ്രതിഭയ്ക്ക് ലഭിച്ച ഒരു സുവർണാവസരമാണ് കലോത്സവ നഗരിയിലെ ജന്മദിനാഘോഷമെന്ന് ഡോ. സജേഷ് പറഞ്ഞു. സ്‌കൂൾ ജീവിതത്തിലെ അവസാന കലോത്സവം ഇത്രയും അവിസ്‌മരണീയമായതിൻ്റെ സന്തോഷവും അദ്ദേഹം പങ്കുവെച്ചു.
തൻ്റെ കൊച്ചുമകളുടെ ജന്മദിനാഘോഷം ഇത്രയും മനോഹരമായതിൽ ഏറെ സന്തോഷമുണ്ടെന്ന് അസിൻ്റെ വല്യുമ്മ പറഞ്ഞു. അതേസമയം നാളെ (ജനുവരി 07) നടക്കുന്ന നാടോടി നൃത്തത്തിൽ കൂടി എ ഗ്രേഡ് നേടി മൂന്ന് എ ഗ്രേഡുമായി കലോത്സവ വേദിയോട് വിട പറയാനാകുമെന്ന പ്രതീക്ഷയിലാണ് അസിൻ. അമ്മയും കുടുംബവും നൽകുന്ന പിന്തുണയാണ് തൻ്റെ വിജയത്തിനാധാരമെന്നാണ് അസിൻ പറയുന്നത്. തൃശൂർ വില്ലട സ്വദേശി ജസീദയുടെ മകളാണ് അസിൻ.
Also Read: ചില്ലറക്കളിയല്ല ചവിട്ടുനാടകം; പൊടിയുന്നത് ലക്ഷങ്ങൾ, അറിയാം ചവിട്ടുനാടകത്തിൻ്റെ ചമയ ചെലവ്