കോഴിക്കോട്: കൂടരഞ്ഞിയില്‍ മകനെ കുത്തിക്കൊലപ്പെടുത്തിയ പിതാവ് പൊലീസ് കസ്റ്റഡിയില്‍. പൂവാറന്‍തോട് സ്വദേശി ക്രിസ്റ്റിയാണ് (24) മരിച്ചത്. പിതാവ് ജോണ്‍ ചെരിയാനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്ന് (ഓഗസ്റ്റ് 31) പുലര്‍ച്ചെയാണ് സംഭവം.
മുറിക്കുള്ളില്‍ ഉറങ്ങി കിടക്കുകയായിരുന്ന ക്രിസ്റ്റിയെ പിതാവ് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. മൂര്‍ച്ചയുള്ള കത്തി കൊണ്ട് നെഞ്ചിലാണ് കുത്തിയാണ്. ഗുരുതര പരിക്കേറ്റ ക്രിസ്റ്റി സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു.
മദ്യപാനത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഇരുവരും സ്ഥിരം മദ്യപിക്കുകയും വഴക്കുണ്ടാകുകയും ചെയ്യാറുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു. കഴിഞ്ഞ ദിവസം മദ്യപിച്ചെത്തിയ ക്രിസ്റ്റി ബന്ധുവീടുകളില്‍ പോയി പ്രശ്‌നങ്ങള്‍ ഉണ്ടാക്കി. ഇതേ തുടര്‍ന്ന് ജോണും ഇളയ മകനും ചേര്‍ന്നാണ് ക്രിസ്റ്റിയെ തിരികെ കൊണ്ടുവന്നത്.
വീട്ടിലെത്തിയ ക്രിസ്റ്റിയും പിതാവും ഒരേ മുറിയില്‍ കിടന്നുറങ്ങി. ക്രിസ്റ്റിക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് തൊട്ടടുത്ത മുറിയിലും ഉറങ്ങി. ഇതിനിടെ രാത്രിയില്‍ നിലവിളി കേട്ട് മുറിയിലെത്തിയ സുഹൃത്ത് കണ്ടത് ക്രിസ്റ്റി നിലത്ത് രക്തത്തില്‍ കുളിച്ച് കിടക്കുന്നതാണ്. സുഹൃത്ത് മുറിയിലേക്ക് വരുന്നത് കണ്ട ജോണ്‍ മഴുവെടുത്ത് വീശി. ഇതോടെ ഇയാള്‍ വീട്ടില്‍ നിന്നിറങ്ങി ഓടുകയും നാട്ടുകാരെ വിവരം അറിയിക്കുകയും ചെയ്‌തു.
മദ്യ ലഹരിയില്‍ ഇരുവരും തമ്മിലുണ്ടായ തര്‍ക്കമാകാം കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് നിഗമനം. സംഭവത്തിന് പിന്നാലെ സ്ഥലത്തെത്തിയ തിരുവമ്പാടി പൊലീസ് ക്രിസ്റ്റിയുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് അയക്കുകയും പിതാവിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്‌തു. മൃതദേഹം പോസ്‌റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. കേസില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
Also Read:ഭാര്യയെ കൊന്ന് കുഴിച്ചുമൂടി, ഒളിച്ചോടിയെന്ന് കഥ മെനഞ്ഞു; അരും കൊലയുടെ ചുരുളഴിഞ്ഞത് അഞ്ച് വര്‍ഷത്തിനുശേഷം.