യുവതിയെ സ്‌കൂട്ടറിൽ നിന്ന് വലിച്ച് താഴെയിട്ട പ്രതി കസ്റ്റഡിയിൽ (ETV Bharat Reporter) പത്തനംതിട്ട: തിരുവല്ലയില്‍ സ്‌കൂട്ടറിൽ സഞ്ചരിച്ച യുവതിയ്‌ക്ക് നേരെ മദ്യപന്‍റെ ആക്രമണം. മദ്യലഹരിയിലെത്തിയ ആൾ യുവതിയെ സ്‌കൂട്ടറിൽ നിന്ന് വലിച്ചു താഴെയിടുകയായിരുന്നു. പ്രതിയായ തിരുവല്ല സ്വദേശി ജോജോയെ കസ്റ്റഡിയില്‍ എടുത്തു. പരിക്കേറ്റ 25-കാരിയായ യുവതി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.
തിരുവല്ല പൊലീസ് സ്റ്റേഷന് മുൻപിൽ ആണ് സംഭവം നടന്നത്. തിരുവല്ല പൊലീസ് സ്റ്റേഷനില്‍ മദ്യപിച്ച് ബൈക്കിലെത്തിയ ജോജോ പൊലീസുകാരോട് തട്ടിക്കയറുകയും ബഹളം വയ്ക്കുകയും ചെയ്‌തു. ഇതോടെ പൊലീസ് ഇയാളുടെ വാഹനം പിടിച്ചുവച്ച്, സ്റ്റേഷനില്‍ നിന്ന് പറഞ്ഞുവിടുകയായിരുന്നു.
സ്റ്റേഷനില്‍ നിന്ന് റോഡിലെത്തിയ ജോജോ സ്‌കൂട്ടറിൽ വരികയായിരുന്ന യുവതിയുടെ മുടിയില്‍ പിടിച്ച് വലിച്ച് താഴെയിടുകയായിരുന്നു. തുടർന്ന് സ്‌കൂട്ടറിന്‍റെ താക്കോല്‍ ഊരിയെടുത്ത ശേഷം യുവതിയെ മര്‍ദിച്ചു. സമീപത്തുണ്ടായിരുന്ന ഓട്ടോറിക്ഷ ഡ്രൈവര്‍മാരാണ് യുവതിയെ രക്ഷിച്ചത്. സ്ഥലത്തെത്തിയ പൊലിസ് ഇയാളെ കസ്റ്റഡിയിലെടുത്തു.
തിരുവല്ല റെയില്‍വേ സ്റ്റേഷനില്‍ സഹോദരിയെ ഇറക്കിയശേഷം വീട്ടിലേക്ക് പോകുന്നതിനിടെയാണ് യുവതിക്ക് നേരെ ആക്രമണം ഉണ്ടായത്. പ്രതിയെ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോകുമ്പോൾ യുവതിയുടെ ബന്ധുക്കൾ അസഭ്യം പറയുകയും മർദ്ദിക്കുകയും ചെയ്‌തു. പൊലീസ് ജീപ്പിനുള്ളിൽ വച്ചും പ്രതിയ്‌ക്ക് മർദ്ദനമേറ്റിട്ടുണ്ട്. നടപടികൾ പൂർത്തിയാക്കിയ ശേഷം പൊലീസ് പ്രതിയുടെ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തും.
Also Read: മദ്യപിച്ച് ജോലിക്കെത്തുന്നവരെ കണ്ടെത്താൻ സ്‌ക്വാഡ് പരിശോധന; കെഎസ്ആർടിസി ഡിപ്പോയിൽ കൂട്ട അവധി; സർവീസുകൾ മുടങ്ങി