ആലുവയിൽ മൂന്ന് പേരെ തട്ടിക്കൊണ്ടുപോയെന്ന് പൊലീസ്; പിന്നിൽ സാമ്പത്തിക ഇടപാടെന്ന് സംശയം എറണാകുളം : ആലുവ നഗരമധ്യത്തിൽ നിന്ന് ഞായറാഴ്‌ച (17-03-2024) രാവിലെ തട്ടിക്കൊണ്ടു പോയത് മൂന്ന് പേരെയെന്ന് സ്ഥിരീകരിച്ച് പൊലീസ്. സംഭവത്തിന് പിന്നിൽ സാമ്പത്തിക ഇടപാടെന്ന് സംശയിക്കുന്നതായി ആലുവ റൂറൽ പൊലീസ് വൈഭവ് സക്സേന വ്യക്തമാക്കി.
ഇരു വിഭാഗത്തിനും മുൻപരിചയം ഉണ്ടാകാനിടയുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്. നിരവധി വിവരങ്ങൾ ഇതിനകം ലഭിച്ചിട്ടുണ്ട്. തട്ടിക്കൊണ്ടു പോകാൻ ഉപയോഗിച്ച വാഹനം കണ്ടെത്തിയിട്ടുണ്ടെന്നും എസ്‌പി പറഞ്ഞു. അന്വേഷണം നടക്കുന്ന സാഹചര്യത്തിൽ പ്രതികളെ തിരിച്ചറിഞ്ഞോയെന്ന് വ്യക്തമാക്കാൻ പൊലീസ് തയ്യാറായില്ല (Police confirmed that 3 people were kidnapped from Aluva city center on Sunday morning).
ദൃക്‌സാക്ഷി നൽകിയ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് ഒരാളെ തട്ടിക്കൊണ്ടുപോയതായി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്‌തത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൂന്ന് പേരെ തട്ടിക്കൊണ്ടുപോയതായി മനസിലായത്. പരാതിക്കാരില്ലാത്ത കേസിൽ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.
സംഭവുമായി ബന്ധപ്പെട്ട് എത്ര പേരാണ് കസ്റ്റഡിയിലുള്ളതെന്ന് പൊലീസ് വ്യക്തമാക്കിയില്ല. അതേ സമയം വാഹനങ്ങൾ വാടകയ്ക്ക് നൽകുന്നതിന് ഇടനിലക്കാരായി പ്രവർത്തിക്കുന്ന രണ്ടു പേരെ തൃശൂരിൽ നിന്നും കസ്റ്റഡിയിലെടുത്തതായാണ് സൂചന. ഇരുപത്തിനാല് മണിക്കൂർ കഴിഞ്ഞിട്ടും തട്ടിക്കൊണ്ടു പോയവരെയോ, പ്രതികളേയോ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
ദുരൂഹത നിറഞ്ഞ ഈ സംഭവത്തിൽ ആരെയൊക്കെയാണ് തട്ടിക്കൊണ്ടുപോയതെന്നോ, ആരാണ് തട്ടിക്കൊണ്ടു പോകലിന് പിന്നിലെന്നോ വ്യക്തമായിട്ടില്ല. തട്ടിക്കൊണ്ടു പോകാൻ ഉപയോഗിച്ച വാഹനം കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടുണ്ട്. തിരുവനന്തപുരത്ത് നിന്നാണ് വാഹനം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇത് റെൻ്റ് എ കാർ വാഹനമാണെന്നാണ് വ്യക്തമായത്. ഇതുമായി ബന്ധപ്പെട്ടാണ് രണ്ടു പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത് (Police confirmed that 3 people were kidnapped from Aluva city center on Sunday morning).
ആലുവ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്ത് വച്ച് ഞായറാഴ്‌ച (17-03-2024) രാവിലെ ഏഴുമണിക്ക് ശേഷം കാറിലെത്തിയ സംഘം യുവാക്കളെ തട്ടിക്കൊണ്ടു പോവുകയായിരുന്നു. ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച് ഇറങ്ങുന്നതിനിടെ ഒരു യുവാവിനെ ബലമായി തട്ടിക്കൊണ്ടു പോവുകയായിരുന്നു എന്നാണ് ദൃക്‌സാക്ഷിയായ ഓട്ടോ ഡ്രൈവർ പൊലീസിൽ വിവരം നൽകിയത്. ഇതേ തുടർന്നാണ് പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങിയത്.
നഗരത്തിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ വാഹനം കണ്ടെത്തിയത്. കഴിഞ്ഞയാഴ്‌ചയും നഗരത്തിൽ സമാന രീതിയിലുള്ള തട്ടിക്കൊണ്ടുപോകൽ നടന്നതായി പരാതി ഉയർന്നിരുന്നു. തട്ടിക്കൊണ്ടുപോയ ആളെ ആലപ്പുഴയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയും ചെയ്‌തിരുന്നു (Police confirmed that 3 people were kidnapped from Aluva city center on Sunday morning).
ഈ സംഭവത്തിലും അന്വേഷണം നടക്കുന്നതിനിടയിലാണ് രണ്ടാമത്തെ തട്ടിക്കൊണ്ടു പോകലും നടന്നത്. ഈ രണ്ടു സംഭവുമായി ബന്ധമുണ്ടോയെന്നും പൊലീസ് പരിശോധിച്ച് വരികയാണ്. തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച വാഹനം വാടകയ്ക്ക് എടുത്തത് ഒരു പൊലീസുകാരനാണെന്ന ആരോപണം ഉയർന്നിരുന്നു. ഇതിലും പൊലിസ് അന്വേഷണം തുടരുകയാണ്. അതേസമയം പ്രതികളെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചതായാണ് സൂചന.