കാസർകോട്: വലത് കൈ ഉപയോഗിക്കാതെ ഇടത് കൈയ്‌ക്ക് പ്രാധാന്യം നല്‍കുന്നയാളുകൾ നമ്മുടെ സമൂഹത്തിൽ ഉണ്ട്. ഇന്ന് അവരുടെ ദിവസമാണ്. എല്ലാ വർഷവും ഓഗസ്റ്റ് 13നാണ് അന്താരാഷ്‌ട്ര ലെഫ്റ്റ് ഹാൻഡേർസ് ഡേ. ഇടതു കൈ ഉപയോഗിച്ച് എഴുതുന്ന നിരവധി പ്രമുഖരും സാധാരണക്കാരും നമുക്കിടയിലുണ്ട്. ഒരു കാലത്ത് ഇടതുകൈ ഉപയോഗിക്കുന്നവരെ നിർബബന്ധിച്ച് വലത് കയ്യിലേക്ക് മാറ്റുന്ന പ്രവണതയും ഉണ്ടായിരുന്നു.
കഴിഞ്ഞ ഏതാനും വർഷങ്ങൾക്ക് മുമ്പാണ് ഇടത് കൈ ഉപയോഗിക്കുന്നതിന് പ്രോത്സാഹനം ലഭിച്ചു തുടങ്ങിയത്. അതിന് മുമ്പ് മാതാപിതാക്കളും അധ്യാപകരും കുട്ടികളെ വലതുകൈ ഉപയോഗിക്കാൻ നിർബന്ധിച്ചിരുന്നു. അവർക്ക് സ്വയം തെരഞ്ഞെടുക്കാനുള്ള അവസരം ഇല്ലായിരുന്നു. അന്ന് നമ്മുടെ സമൂഹത്തിൽ എല്ലാ നിത്യോപയോഗ സാധനങ്ങളും വലതുകൈ ഉപയോഗിക്കുന്നവർക്ക് വേണ്ടിയാണ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്.
എന്നാൽ ഇന്ന് അതെല്ലാം മാറിക്കഴിഞ്ഞു. ഇടതു കൈ ഉപയോഗിക്കുന്ന നിരവധിപ്പേരുണ്ട് നമ്മുടെ കൂട്ടത്തിൽ. അവരെ ഒന്നിച്ചിരുത്തുകയാണ് കാസർകോട് മുന്നാട് പീപ്പിൾസ് കോ ഓപ്പറേറ്റീവ് ആർട്‌സ് ആൻഡ് സയൻസ് കോളജിലെ അധ്യാപകരും ബിബിഎ വിദ്യാർഥികളും. എഴുത്തും ചിത്രം വരയും വിവിധ കളികളുമായി ഇടതു കൈക്കാർ ഒത്തുകൂടി. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി ഇടതു കൈയ്യന്മാർ പരിപാടിയിൽ പങ്കെടുത്തു. നാല് വയസുകാരി ആഷ്‌വിയാണ് പരിപാടി ഉദ്ഘാടനം ചെയ്‌തത്.