മലപ്പുറം : കെഎസ്‌ആര്‍ടിസി സ്വിഫ്‌റ്റ് ബസിൽ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം. കോട്ടക്കൽ പറപ്പൂർ സ്വദേശി ഹാരിസ് അബൂബക്കറിനെ (43) വഴിക്കടവ് പൊലീസ് അറസ്റ്റ് ചെയ്‌തു. ഊട്ടിയിൽ നിന്നും തിരുവനന്തപുരത്തേക്ക് യാത്രക്കാരുമായി പോവുകയായിരുന്ന കെഎസ്‌ആര്‍ടിസി സ്വിഫ്‌റ്റ് ബസിലാണ് കേസിന് ആസ്‌പദമായ സംഭവം നടന്നത്.
കെഎസ്‌ആര്‍ടിസി സ്വിഫ്‌റ്റില്‍ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം ; പ്രതി പിടിയില്‍ - പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം
ഊട്ടിയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെഎസ്‌ആര്‍ടിസി സ്വിഫ്‌റ്റ് ബസില്‍ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം, പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്‌തു.
Published : Feb 6, 2024, 10:52 PM IST
ഗൂഢല്ലൂരിൽ നിന്നും ബസിൽ കയറിയ പ്രതി കേരള ബോർഡർ എത്തിയ സമയം പെൺകുട്ടിയെ ബുദ്ധിമുട്ടിക്കുന്ന തരത്തിൽ പെരുമാറുകയായിരുന്നു. ഉപദ്രവം തുടര്‍ന്നതോടെ, വാഹനം വഴിക്കടവ് ടൗണിൽ എത്തിയപ്പോൾ പെൺകുട്ടി കണ്ടക്‌ടറുടെ അടുത്ത് പരാതിപ്പെട്ടു. സംഭവം അറിഞ്ഞ ബസിലെ മറ്റ് യാത്രക്കാർ ഇയാളുടെ പ്രവൃത്തി ചോദ്യം ചെയ്‌തു. തുടർന്ന് മറ്റ് യാത്രക്കാരുമായി പ്രതി വാക്ക് തർക്കത്തിലായി. പിന്നീട് പെൺകുട്ടി പൊലീസിൽ പരാതി നൽകണം എന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ബസ് നേരെ വഴിക്കടവ് സ്റ്റേഷനിലേക്ക് തിരിക്കുകയായിരുന്നു.
തുടർന്ന് വഴിക്കടവ് പൊലീസ് ഇൻസ്പെക്‌ടർ പ്രിൻസ് ജോസഫ്, എസ് ഐ മനോജ് എന്നിവർ പ്രതിയെ ചോദ്യം ചെയ്‌തു. ഇതോടെ ഇയാള്‍ കുറ്റം സമ്മതിച്ചു. പ്രതിക്കെതിരെ ട്രെയിനിൽ ടിടിആറിന്‍റെ ഡ്യൂട്ടി തടസപ്പെടുത്തിയതിന് കോഴിക്കോട് റെയിൽവേ പൊലീസ് സ്റ്റേഷനിലും വഞ്ചനാക്കുറ്റത്തിന് വേങ്ങര പൊലീസ് സ്റ്റേഷനിലും മദ്യപിച്ച് വാഹനം ഓടിച്ചതിന് വൈത്തിരി സ്റ്റേഷനിലും കേസുകളുണ്ട്. പെൺകുട്ടിയുടെ പരാതിയിൽ പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്‌തു. പ്രതിയെ നിലമ്പൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.