ഇടുക്കി : മൂന്നാറിൽ യുവതി ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ. പത്തനംതിട്ട കോന്നി സ്വദേശിയായ ജോതി (30) യേയാണ് മുറിയില്‍ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവിനും കുട്ടിയ്‌ക്കൊപ്പം കഴിഞ്ഞ തിങ്കളാഴ്‌ച മൂന്നാർ സന്ദർശനത്തിന് എത്തിയതാണ് യുവതി.
മുറിയിൽ ഒപ്പമുണ്ടായിരുന്ന ഭർത്താവ് കുളിക്കാൻ ബാത്ത് റൂമിൽ കയറിയ സമയത്തായിരുന്നു ആത്മഹത്യ. കൊച്ചി - ധനുഷ് കോടി ദേശീയപാതയിൽ പഴയ മൂന്നാറിലെ സ്വകാര്യ റിസോർട്ടിലായിരുന്നു സംഭവം.
രാവിലെ മൂന്നാറിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ച് ഉച്ചയോടെ മുറിയിൽ മടങ്ങി എത്തിയതിനു ശേഷമായിരുന്നു യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൂന്നാർ പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
കംഫര്‍ട്ട് സ്റ്റേഷനില്‍ വയോധികന്‍ മരിച്ച നിലയില്‍ : ഇടുക്കി ഇരട്ടയാർ പഞ്ചായത്ത് കംഫർട്ട് സ്റ്റേഷനിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. ഇരട്ടയാർ നോർത്ത് അരീപ്പാറയ്ക്കൽ ഗോപിയാണ് മരിച്ചത്. 3 വർഷത്തോളമായി ഇയാൾ ബസ് സ്റ്റാൻഡിൽ അലഞ്ഞു തിരിഞ്ഞു നടക്കുകയായിരുന്നു. രാവിലെ 8 മണിയോടെയാണ് ഗോപിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഗോപിക്ക് ഒരു മകനും മകളുമുണ്ട്. പിതാവിനെ കൂട്ടിക്കൊണ്ടു പോകണമെന്നാവശ്യപ്പെട്ട് നിരവധി തവണ മക്കളെ ബന്ധപ്പെട്ടെങ്കിലും അവർ ഏറ്റെടുക്കാൻ തയ്യാറായില്ലെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജിഷ ഷാജി പറഞ്ഞു. ബസ് സ്റ്റാൻഡിലും ടൗണിലുമായി അലഞ്ഞു തിരിഞ്ഞു നടക്കുന്നവരെ അഭയ കേന്ദ്രങ്ങളിലാക്കാൻ നടപടിയെടുക്കണമെന്ന് പലതവണ പഞ്ചായത്ത് കമ്മറ്റിയിൽ ആവശ്യപ്പെട്ടിട്ടും നടപടി ഉണ്ടായില്ലെന്ന് ഗ്രാമപഞ്ചായത്തംഗം റെജി ഇലിപ്പുലിക്കാട്ട് പറഞ്ഞു.
പൊലീസ് അറിയിച്ചതനുസരിച്ച് ഗോപിയുടെ മകൾ മൃതദേഹം ഏറ്റെടുക്കാൻ തയ്യാറായിട്ടുണ്ട്. ഇൻക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നല്‍കും. കട്ടപ്പന പൊലീസ് നടപടികൾ സ്വീകരിച്ചു.