പത്തനംതിട്ട : ആശുപത്രികളിൽ കറങ്ങിനടന്ന് രോഗികളുടെ പണം കവരുന്ന സ്ഥിരം മോഷ്‌ടാവായ സ്‌ത്രീയെ കോന്നി പൊലീസ് പിടികൂടി. ആറന്മുള പുതുവേലിൽ ബിന്ദു രാജ് (41)നെയാണ് അറസ്റ്റ് ചെയ്‌തത്. സ്വകാര്യ ആശുപത്രികളിൽ കറങ്ങി നടന്ന് രോഗികളുടെയും കൂട്ടിരുപ്പുകാരുടെയും ബാഗുകളിൽ നിന്നും പണം മോഷ്‌ടിക്കുകയാണ് ഇവരുടെ രീതി. ഈമാസം 14 ന് കോന്നിയിലെ സ്വകാര്യ ആശുപത്രിയിൽ ബിന്ദു മോഷണം നടത്തിയിരുന്നു.
ഭർത്താവിനെ ചികിത്സയ്‌ക്കെത്തിച്ച കോന്നി പയ്യനാമൺ സ്വദേശിനി ഏലിയാമ്മയുടെ ബാഗിലുണ്ടായിരുന്ന 30,000 രൂപ ഇവർ മോഷ്‌ടിച്ച് കടന്നുകളയുകയായിരുന്നു. സംഭവം നടക്കുന്ന ദിവസം ഉച്ചയ്‌ക്ക് ഒരുമണിയോടെ പ്രതി ആശുപത്രിയിൽ എത്തി. രോഗികൾ കിടക്കുന്ന മുറികളിൽ കയറിയിറങ്ങി പരിശോധന നടത്തിയ ശേഷം, ഡയാലിസിസ് യൂണിറ്റിന് സമീപത്തിരുന്ന ഏലിയാമ്മയുടെ അരികിലെത്തി ബാഗിൽ നിന്നും തന്ത്രപൂർവം പണം കവർന്ന് രക്ഷപ്പെടുകയായിരുന്നു.
ആശുപത്രികൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന സ്ത്രീ പിടിയിൽ (ETV Bharat) ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ആശുപത്രിയിലെ ആവശ്യത്തിന് കൊണ്ടുവന്ന പണമാണ് നഷ്‌ടമായത്. ഇതിന് പുറമെ ആധാർ കാർഡ്, റേഷൻ കാർഡ്, ബാങ്ക് പാസ് ബുക്ക് ഉൾപ്പെടെയുള്ള രേഖകളും നഷ്‌ടപ്പെട്ടിരുന്നു. ഏലിയായമ്മയുടെ പരാതിപ്രകാരം കേസെടുത്ത കോന്നി പൊലീസ് ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളും മറ്റും കേന്ദ്രീകരിച്ച് ഊർജ്ജിതമായ അന്വേഷണം നടത്തി.
സിസിടിവികളിൽ തിരിച്ചറിയാതിരിക്കാൻ മാസ്ക്കും കൈയുറയും പ്രതി ധരിച്ചിരുന്നു. ജില്ല പൊലീസ് മേധാവി വി ജി വിനോദ് കുമാറിന്‍റെ നിർദേശപ്രകാരം കോന്നി ഡിവൈഎസ്‌പി ടി. രാജപ്പന്‍റെ മേൽനോട്ടത്തിലായിരുന്നു അന്വേഷണം. അന്വേഷണത്തിൽ പ്രതി സഞ്ചരിച്ച വാഹനം കണ്ടെത്തുകയും തുടർന്ന് ഇന്നലെ പത്തനംതിട്ടയിലെ വാടകവീട്ടിൽ നിന്നും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
മോഷ്‌ടിച്ച പണവും വാഹനവും പൊലീസ് കണ്ടെടുത്തു. പ്രതിയെ ആശുപത്രിയിൽ എത്തിച്ച് തെളിവെടുത്തു. തുടർന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു. ബിന്ദു രാജിന്‍റെ പേരിൽ ആറന്മുള, തിരുവല്ല, പത്തനംതിട്ട പൊലീസ് സ്റ്റേഷനുകളിൽ സമാനരീതിയിലുള്ള മോഷണ കേസുകൾ നിലവിലുണ്ട്.
Also Read : സ്‌ത്രീ വേഷത്തില്‍ മോഷണം, പിടിക്കപ്പെട്ടപ്പോള്‍ കൈവശം 75 പവന്‍ സ്വര്‍ണം; കുപ്രസിദ്ധ മോഷ്‌ടാവിനെ പൂട്ടി പൊലീസ് - Gunjapogu Sudhakar Arrested