മുബൈ: കേന്ദ്ര നികുതി നിധിയിലേക്ക് നൽകുന്ന നികുതിക്ക് ആനുപാതികമായി കേന്ദ്ര ഫണ്ട് ലഭിക്കണമെന്ന ചില സംസ്ഥാനങ്ങളുടെ ആവശ്യത്തെ വിമർശിച്ച് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ. അവരുടെ ആവശ്യത്തേക്കാൾ ദൗർഭാഗ്യകരമായ മറ്റൊന്നുമില്ലെന്ന് മന്ത്രി പറഞ്ഞു.
രാജ്യം അഭിവൃദ്ധി പ്രാപിക്കണമെങ്കിൽ എട്ട് വടക്കുകിഴക്കൻ സംസ്ഥാനങ്ങളും ബീഹാർ, പശ്ചിമ ബംഗാൾ, ഒഡീഷ, ജാർഖണ്ഡ് തുടങ്ങിയ കിഴക്കൻ സംസ്ഥാനങ്ങളും വികസിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിശ്വസിക്കുന്നതായി പിയൂഷ് ഗോയൽ കൂട്ടിച്ചേർത്തു. അഖില ഭാരതീയ വിദ്യാർഥി പരിഷത്തും (എബിവിപി) 'സ്‌റ്റുഡന്‍റ്‌സ് എക്‌സ്‌പീരിയൻസ് ഇൻ ഇന്‍റർ സ്‌റ്റേറ്റ് ലിവിങ്ങും (SEIL)' ചേർന്ന് സംഘടിപ്പിച്ച 'രാഷ്‌ട്രീയ ഏകാത്മതാ യാത്ര 2025' എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ 11 വർഷമായി മോദി സർക്കാർ വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടേയും കിഴക്കൻ സംസ്ഥാനങ്ങളുടേയും അഭിവൃദ്ധിക്കായി പ്രവർത്തിച്ച് വരികയാണെന്ന് മന്ത്രി അറിയിച്ചു. എന്നാൽ ചില സംസ്ഥാനങ്ങളും ചില നേതാക്കളും ഇത് അംഗീകരിക്കുന്നില്ല എന്നത് ദൗർഭാഗ്യകരമാണ്. ഇതിനെ രാഷ്‌ട്രീയവത്‌ക്കരിക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് മന്ത്രി പറഞ്ഞു.
രണ്ടര വർഷം അവിടെ ഭരിച്ച മുൻ സർക്കാരിന്‍റെ നേതാക്കൾ, മുംബൈയും മഹാരാഷ്‌ട്രയും അടച്ച നികുതി കണക്കാക്കുകയും കേന്ദ്ര ഫണ്ടുകളിൽ നിന്ന് അത്രയും തുക തിരികെ ലഭിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്‌തിരുന്നതായി മഹാരാഷ്‌ട്രയിലെ ചില നേതാക്കൾ പറയാറുണ്ടായിരുന്നു എന്നും ഗോയൽ പറഞ്ഞു. മുംബൈ നോർത്തിൽ നിന്നുള്ള പാർലമെന്‍റേറിയൻ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മുൻ മഹാ വികാസ് അഘാഡി സർക്കാരിനെയാണ് അദ്ദേഹം പരാമർശിച്ചത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
എന്നാൽ മഹാരാഷ്‌ട്രയിലെ ബിജെപി നേതൃത്വത്തിലുള്ള ഇപ്പോഴത്തെ സർക്കാർ വടക്കുകിഴക്കൻ ഇന്ത്യയോട് വളരെ സെൻസിറ്റീവ് ആയതിനാൽ പ്രശ്‌നങ്ങൾ ഉണ്ടാകില്ലെന്ന് മന്ത്രി കൂട്ടിച്ചേർത്തു. കഴിഞ്ഞ 11 വർഷമായി കേന്ദ്രത്തിലെ മോദി സർക്കാർ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്ക് മുൻഗണന നൽകി 'ആക്‌ട് ഈസ്‌റ്റ്', 'ലുക്ക് ഈസ്‌റ്റ്' നയം പിന്തുടരുന്നുണ്ടെന്ന് ഗോയൽ പറഞ്ഞു.
മോദി സർക്കാരിന് കീഴിൽ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളുടെ തലസ്ഥാനങ്ങൾ റെയിൽ വഴി ബന്ധിപ്പിക്കുകയും ഹൈവേകളുടെ ഒരു ശൃംഖല നിർമിക്കുകയും ചെയ്യുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി മോദി 65ലധികം തവണ വടക്ക് കിഴക്കൻ പ്രദേശങ്ങൾ സന്ദർശിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി, പ്രദേശത്തിന്‍റെ സൗന്ദര്യവും സംസ്‌കാരവും കാണാൻ ഒരിക്കലെങ്കിലും ഈ പ്രദേശങ്ങൾ സന്ദർശിക്കണമെന്ന് അദ്ദേഹം ജനങ്ങളോട് അഭ്യർഥിച്ചു.