ഇടുക്കി: വേനല്‍ കടുത്തതോടെ ജില്ലയിലെ മലയോര മേഖലയില്‍ കാട്ടുതീ രൂക്ഷമായെന്ന് അഗ്‌നി ശമന സേന. ജാഗ്രത നിര്‍ദേശവുമായി അഗ്‌നി ശമന സേന ഉടുമ്പന്‍ചോല യൂണിറ്റ്. കൃഷിയിടങ്ങളിലേക്ക് കാട്ടുതീ പടരുന്നത് തടയാന്‍ സുരക്ഷ മുന്നൊരുക്കങ്ങള്‍ സ്വീകരിക്കണമെന്ന് അഗ്നിശമന സേന വിഭാഗം നിര്‍ദേശം നല്‍കി.
ചുട്ടുപൊള്ളി ഇടുക്കി; കാട്ടുതീ ഭീതിയില്‍ മലയോര മേഖല, ജാഗ്രതാ നിര്‍ദ്ദേശവുമായി അഗ്‌നിശമന സേന
കാട്ടു തീ രൂക്ഷമായ ഇടുക്കിയില്‍ ജാഗ്രത നിര്‍ദേശവുമായി അഗ്നിശമന സേന. തീ കൃഷിയിടങ്ങളിലേക്ക് പടരാതിരിക്കാന്‍ മുന്‍ കരുതലെടുക്കണം. മൊട്ട കുന്നുകളും പുല്‍മേടുകളുമുള്ള സ്ഥലത്ത് കൂടുതല്‍ ജാഗ്രത വേണമെന്നും ഉദ്യോഗസ്ഥര്‍.
Published : Feb 27, 2024, 6:02 PM IST
വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ രാത്രി കാല ക്യാമ്പ് ഫയറുകളില്‍ അടക്കം, സുരക്ഷ ഉറപ്പ് വരുത്തണമെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ വേനലിന് കാഠിന്യ മേറിയത് ഹൈറേഞ്ചില്‍ വലിയ ആശങ്കയാണ് സൃഷ്‌ടിക്കുന്നത്. കാട്ടുതീ പടര്‍ന്ന് ഏറ്റവും അധികം നാശനഷ്‌ടം സംഭവിക്കാന്‍ സാധ്യതയുള്ളത് മൊട്ട കുന്നുകളും പുല്‍മേടുകളും നിറഞ്ഞ പ്രദേശങ്ങളിലാണ്.
കുറ്റിക്കാടുകള്‍ക്ക് ചിലര്‍ തീ ഇടുന്നതും അപകടത്തിന് ഇടയാക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ജില്ലയില്‍ ഏറ്റവും അധികം നാശം സംഭവിച്ചത് ഉടുമ്പന്‍ചോല താലൂക്കിലെ തമിഴ്‌നാട് അതിര്‍ത്തി മേഖലകളിലാണ്. കാട്ടു തീ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ കൃഷിയിടത്തിന് ചുറ്റും 3 മീറ്റര്‍ ഫയര്‍ ലൈന്‍ തെളിയ്‌ക്കുന്നത് അടക്കമുള്ള സുരക്ഷ മുന്‍കരുതലുകള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കണമെന്ന് അഗ്നി ശമന സേന വിഭാഗം നിര്‍ദേശിച്ചു.