സിങ്കുകണ്ടത്ത് കാട്ടാന ശല്യം ഇടുക്കി :ഇടുക്കി ചിന്നക്കനാൽ സിങ്കുകണ്ടത്തെ ജനവാസ മേഖലയിൽ നിന്നും കാടുകയറാതെ ചക്കക്കൊമ്പനും മുറിവാലനും. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആക്രമണകാരികളായ ചക്കക്കൊമ്പനും മുറിവാലനും സിങ്കുകണ്ടത്തെ ജനവാസ മേഖലയിലാണ് നിലയുറപ്പിച്ചിരിക്കുന്നത്. ഇന്ന് പുലർച്ചെയെത്തിയ ചക്കക്കൊമ്പൻ സിങ്കുകണ്ടത്തെ പള്ളിക്കുനേരെയും ആക്രമണം നടത്തി.
കാടിറങ്ങുന്ന കരിവീരന്മാരെ കാടുകയറ്റാൻ വനംവകുപ്പ് യാതൊരുവിധ നടപടിയും സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ ആരോപിച്ചു. ആനകളെ തുരത്താൻ നിയോഗിച്ചിരിക്കുന്ന ആർ ആർ ടി സംഘത്തിന് വെളിച്ചമുള്ള ടോർച്ച് പോലും നൽകിയിട്ടില്ലെന്നും അവർ പറഞ്ഞു. കാട്ടാനയുടെ മാത്രമല്ല മറ്റു വന്യമൃഗങ്ങളുടെയും ശല്യം പ്രദേശത്ത് രൂക്ഷമാണെന്നും സിങ്കുകണ്ടം നിവാസികൾ പറയുന്നു.
നാട്ടിലിറങ്ങി കാട്ടാന നാശം വിതച്ചാലും നഷ്‌ടപരിഹാരം നൽകാൻ പണമില്ലെന്നാണ് വനം വകുപ്പ് കർഷകരോട് പറയുന്നത്. വന്യജീവി പ്രതിരോധവും നഷ്‌ടപരിഹാരത്തുകയുടെ വിതരണവും എല്ലാം വേഗത്തിലാകും എന്ന് സർക്കാർ ആവർത്തിച്ചു പറയുമ്പോഴും അതൊന്നും പ്രായോഗികമായി നടപ്പിലാകുന്നില്ല എന്നതിന്‍റെ നേർക്കാഴ്‌ചയാണ് സിങ്കുകണ്ടത്ത് നാം കാണുന്നത്.
ചിന്നക്കനാലിൽ വീണ്ടും ചക്കക്കൊമ്പൻ ; സിസിടിവി ദൃശ്യങ്ങൾ പുറത്ത് :ചിന്നക്കനാലിൽ വീണ്ടും ചക്കക്കൊമ്പൻ്റെ ആക്രമണം. ചക്കക്കൊമ്പൻ സിങ്കുകണ്ടത്ത് വീട് ആക്രമിച്ചു. കൂനംമാക്കൽ മനോജ് മാത്യുവിൻ്റെ വീടാണ് ചക്കക്കൊമ്പൻ ഇടിച്ചു തകർക്കാൻ ശ്രമിച്ചത്.
കാട്ടാന വീട് ആക്രമിക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. മാർച്ച് 27 ന് രാവിലെ 4 മണിയ്ക്കായിരുന്നു ചക്കക്കൊമ്പന്‍റെ ആക്രമണമുണ്ടായത്. വീടിൻ്റെ മുൻവശത്തെത്തിയ ആന കൊമ്പുപയോഗിച്ച് ഭിത്തിയിൽ ശക്തമായി കുത്തുകയായിരുന്നു. ആക്രമണത്തിൽ വീടിൻ്റെ ഭിത്തിയിൽ വിള്ളൽ വീഴുകയും മുറിക്കുള്ളിലെ സീലിങ് തകരുകയും ചെയ്‌തു (Wild Elephant Chakka Komban Again In Chinnakanal).
അതേസമയം ചിന്നക്കനാലിൽ കഴിഞ്ഞ ദിവസവും ചക്കക്കൊമ്പൻ ഇറങ്ങിയിരുന്നു. മാർച്ച് 23ന് രാത്രി 10 മണിയോടെയാണ് കൊമ്പൻ സിങ്കുകണ്ടത്ത് ഇറങ്ങിയത്. ആ ദിവസം പുലർച്ചെ വരെ ചക്കക്കൊമ്പൻ ജനവാസ മേഖലയിൽ തുടർന്നിരുന്നു. അരിക്കൊമ്പന് പിന്നാലെ ചക്കക്കൊമ്പനും കളത്തിലിറങ്ങിയതു കൊണ്ട് മൂന്നാറിലെ പോലെ ചിന്നക്കനാലിലും സ്പെഷ്യൽ ആർആർടി ടീമിനെ നിയോഗിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
അരിക്കൊമ്പനെ നാട് കടത്തിയതിൽ ആശ്വസിച്ച ചിന്നക്കനാലുകാർക്ക് ചക്കക്കൊമ്പന്‍റെ സാന്നിധ്യം വീണ്ടും തലവേദനയായിരിക്കുകയാണ് (Chakkakomban Came Again in Chinnakanal Sinkukandam). ചക്കക്കൊമ്പൻ സിങ്കുകണ്ടത്ത് ഇറങ്ങി മേഖലയിലെ കൃഷിയിടങ്ങൾക്ക് നാശം വിതച്ചിരുന്നു.
കൂടാതെ ചക്കക്കൊമ്പൻ സിങ്കുകണ്ടത്ത് സ്ഥാപിച്ചിരുന്ന വേസ്‌റ്റ് ബിന്നുകൾ തകർത്തതായും നാട്ടുകാർ പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ രണ്ട് മാസത്തിലധികമായി സമീപ മേഖലയായ ബിഎൽ റാമിൽ കാട്ടാന കൂട്ടങ്ങൾ പതിവായി നാശം വിതയ്‌ക്കുകയാണ്. മൂന്നാറിൽ പടയപ്പയെ സ്ഥിരമായി നിരീക്ഷിക്കാൻ വനം വകുപ്പ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. സമാന രീതിയിൽ ചിന്നക്കനാലിലും നിരീക്ഷണം നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ALSO READ : തൃശൂർ ചേലക്കരയിൽ വീണ്ടും കാട്ടാന ഇറങ്ങി ; 25 ഓളം വാഴകൾ നശിപ്പിച്ചു