കാസർകോട്: കഥകൾ പറയുന്ന, തമാശകൾ പങ്കുവക്കുന്ന നിർണായക തീരുമാനങ്ങൾ എടുക്കുന്ന പണ്ടത്തെ വീടുകളിലെ പ്രധാന ഇടമായിരുന്നു കോലായകൾ അഥവാ ഉമ്മറങ്ങൾ. ഇപ്പോൾ ഇത്തരം കോലായകൾ കഥയില്ലാതെ, പൊട്ടിച്ചിരികൾ ഇല്ലാതെ, ആൾക്കൂട്ടമില്ലാതെ മൂകമായി മാറുകയാണ്. സുഹൃത്തുകളുടെയും കുടുംബാംഗങ്ങളുടെയും കൂട്ടായ്‌മകൾക്ക് സാക്ഷിയായിരുന്നു ഒരു കാലത്ത് ഈ വീട്ടു കോലായകൾ. ഇത്തരം കൂടിചേരലുകളുടെ ഓർമപ്പെടുത്തലാവുകയാണ് ആനിക്കാടി ഗ്രാമം.
ഏറ്റവും പുതിയ വാർത്തകൾക്ക് ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
പിലിക്കോട് പഞ്ചായത്തിലെ ആനിക്കാടിയിലെ പഴയ ഒരു വീട്ടുകോലായയിലേക്ക് ഒരു നാടുമുഴുവൻ ഒഴുകിയെത്തുകയായിരുന്നു. കോലായയുടെ നന്മയിൽ ഒത്തുചേർന്നവർ പരസ്‌പരം പങ്കുവച്ചത് ആരോഗ്യ സുരക്ഷയുടെ പഴമയും ആശങ്കകളുമായിരുന്നു. ജില്ലാ മെഡിക്കൽ ഓഫിസിൻ്റെ സഹകരണത്തോടെ പിലിക്കോട് ഗ്രാമപഞ്ചായത്തും ഓലാട്ട് കുടുംബാരോഗ്യ കേന്ദ്രവും സംഘടിപ്പിച്ച വീട്ടുമുറ്റ ആരോഗ്യ സംവാദം കോലായക്കൂട്ടമാണ് ജനപങ്കാളിത്തം കൊണ്ടും അർഥസമ്പുഷ്‌ടമായ ആരോഗ്യ സംവാദം കൊണ്ടും ശ്രദ്ധേയമായത്.
ജലജന്യ രോഗങ്ങളുടെ വ്യാപനം, ക്ഷയരോഗമുക്ത ക്യാമ്പയിൻ പ്രവർത്തനങ്ങൾ, ഭക്ഷണരീതികൾ, രോഗപ്രതിരോധ കുത്തിവയ്‌പ്പുകൾ തുടങ്ങിയവയെല്ലാം സംവാദത്തിൻ്റെ വിഷയമായപ്പോൾ വിട്ടുകോലായയിലെ ഒത്തുചേരൽ മനോഹരമായി. കോലായക്കൂട്ടത്തിന് നിറം പകർന്ന് കോൽക്കളിയും ആലാമിക്കളിയും ഒപ്പനയും സംഘനൃത്തവും ലഘുനാടകവുമെല്ലാം അരങ്ങേറി.
ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ബേബി ബാലകൃഷ്‌ണൻ, പഞ്ചായത്ത് പ്രസിഡൻ്റ് പിപി പ്രസന്നകുമാരി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പികെ ലക്ഷ്‌മി, സ്ഥിരം സമിതി അദ്ധ്യക്ഷരായ വിവി സുലോചന, കെവി വിജയൻ, ജനപ്രതിനിധികൾ, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. എവി രാംദാസ് എന്നിവർ വിവിധ വിഷയങ്ങളെ അധികരിച്ച് സംസാരിച്ചു. കോലായക്കൂട്ടം തികച്ചും വ്യത്യസ്‌തവും നൂതനവുമായ ഒരനുഭവമായി മാറി.
Also Read: കുഞ്ഞു കല്ലുകൾ കണ്ടെത്തിയൊരു തൊഴിലിടം; വെറൈറ്റിയാണ് മയ്യിൽ ചെക്ക്യാട്ട് സിൻഹാരയിലെ വനിത കൂട്ടായ്‌മ -