കോട്ട: കേന്ദ്ര സര്‍ക്കാര്‍ ജോലി ലഭിച്ചതോടെ ഭാര്യ ഉപേക്ഷിച്ചെന്ന പരാതിയുമായി യുവാവ്. രാജസ്ഥാനിലെ കോട്ടയിലാണ് സംഭവം. റെയില്‍വേയില്‍ ജോലി കിട്ടിയതിന് പിന്നാലെ ഭാര്യ സ്വപ്‌ന തന്നെ ഉപേക്ഷിക്കുക ആയിരുന്നുവെന്ന് ഭര്‍ത്താവ് മനീഷ് മീണ നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നു.
റെയിൽവേ റിക്രൂട്ട്‌മെന്‍റ് ബോർഡ് പരീക്ഷയില്‍ ക്രമക്കേട് നടത്തിയാണ് തന്‍റെ ഭാര്യ വിജയിച്ചതെന്ന് ചൂണ്ടിക്കാട്ടി കോട്ട ഡിവിഷനിലെ സീനിയർ ഡിവിഷണൽ കൊമേഴ്‌സ്യൽ ഓഫിസർക്ക് മനീഷ് നല്‍കിയ പരാതിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇവർ ഡമ്മി കാൻഡിഡേറ്റിനെ വച്ചാണ് റെയിൽവേ റിക്രൂട്ട്‌മെന്‍റ് ബോർഡ് പരീക്ഷ എഴുതിയതെന്നാണ് മനീഷ് പരാതിയില്‍ ആരോപിക്കുന്നത്.
പരാതിയെ തുടർന്ന് സ്വപ്‌നയെ സസ്‌പെൻഡ് ചെയ്‌തതായും വിഷയം അന്വേഷിച്ചുവരികയാണെന്നും കോട്ട ഡിവിഷനിലെ സീനിയർ ഡിവിഷണൽ കൊമേഴ്‌സ്യൽ ഓഫിസർ സൗരഭ് ജെയിൻ പറഞ്ഞു. സവായ് മധോപൂർ സ്വദേശിയായ സ്വപ്‌നയെ കോട്ടയിലെ ഡിആർഎം ഓഫിസിലാണ് നിയമിച്ചതെന്ന് മനീഷ് പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
'ഭാര്യയുടെ വിദ്യാഭ്യാസത്തിനായി സ്ഥലം പണയപ്പെടുത്തി 15 ലക്ഷം രൂപ കടം വാങ്ങിയിരുന്നു. വളരെ കഷ്‌ടപ്പെട്ടാണ് ഭാര്യയെ പഠിപ്പിച്ചത്. എന്നാല്‍ ജോലി ലഭിച്ച് രണ്ടു മാസം കഴിഞ്ഞപ്പോള്‍ അവള്‍ എന്നെ ഉപേക്ഷിച്ചു പോയി' എന്ന് മനീഷ് പറഞ്ഞു.
റെയിൽവേ റിക്രൂട്ട്‌മെന്‍റ് ബോർഡ് 2019 ലെ ഗ്രൂപ്പ് ഡി തസ്‌തികയിലേക്ക് നടത്തിയ പരീക്ഷയിലാണ് സ്വപ്‌ന വിജയിച്ചത്. സ്വപ്‌നയ്ക്ക് പരീക്ഷ എഴുതാൻ തന്‍റെ ബന്ധുക്കളിൽ ഒരാളായ ഒരു ഉദ്യോഗാർഥിയെ ഏർപ്പെടുത്തിയിരുന്നു, പരീക്ഷ എഴുതിയത് ഈ ബന്ധുവാണ്.
നിയമനം ലഭിച്ചതിന് പിന്നാലെ സ്വപ്‌ന പരിശീലനത്തിനായി 2023 ഏപ്രിലിൽ ഹരിയാനയിലെ സിർസയിലേക്ക് പോയി. സ്വപ്‌നയെ ആദ്യം ബിക്കാനീർ എന്ന സ്ഥലത്താണ് നിയമിച്ചത്. പിന്നീട് കോട്ടയിലേക്ക് മാറ്റിയതായും മനീഷ് പറഞ്ഞു. കോട്ടയിൽ നിയമനം ലഭിച്ചതിന് ശേഷം രണ്ട് മാസം മുമ്പ് സ്വപ്‌ന തന്നെ ഉപേക്ഷിച്ചു പോയെന്നും അദ്ദേഹം പറഞ്ഞു.
പരീക്ഷാ ക്രമക്കേടിനെക്കുറിച്ച് മനീഷ് ഡിആർഎം, ഭീംഗഞ്ച് മണ്ടി പൊലീസ് സ്റ്റേഷൻ, വെസ്റ്റ് സെൻട്രൽ റെയിൽവേ ജനറൽ മാനേജർ, വിജിലൻസ് എന്നിവർക്ക് പരാതി നൽകി. പരീക്ഷയ്ക്കിടെ ഉപയോഗിച്ച വിരലടയാളങ്ങളും ഫോട്ടോഗ്രാഫുകളും മറ്റ് രേഖകളും പരിശോധിക്കണം. സ്വപ്‌നയെ പിന്നീട് സസ്‌പെൻഡ് ചെയ്‌തിട്ടുണ്ടെങ്കിലും, റെയിൽവേ തന്നെ സർവീസിൽ നിന്ന് പിരിച്ചുവിടണമെന്ന് ആഗ്രഹിക്കുന്നതായും മനീഷ് പറഞ്ഞു.
Also Read:വിവാഹ ഘോഷയാത്രയ്ക്ക് അകമ്പടി 75 പൊലീസുകാര്‍! സവര്‍ണരെ ഭയന്ന് നടത്തിയ വിവാഹത്തിന്‍റെ കഥ...